“സുവിശേഷ-കേന്ദ്രീകൃത”-യും അസാധ്യമായ വിശുദ്ധീകരണവും

ഞാൻ സ്വയം ഏർപ്പെടാറുള്ള ഏറ്റവും രസകരമായ കാര്യങ്ങളിൽ ഒന്നാണിത്. സഭകൾക്കുള്ളിൽ ഞാൻ കണ്ടുവരുന്ന ഏറ്റവും കൗതുകകരമായ കാഴ്ച്ചകളിൽ ഒന്നുമാണിത്. ക്രിസ്ത്യാനികളായി ജീവിക്കുന്നതിൽ നമ്മെത്തന്നെ പരാജയപ്പെടുത്താനുള്ള ശമനമില്ലാത്ത പരിശ്രമം എന്നാണ് ഞാൻ ഇതിനെ വിശേഷിപ്പിക്കുന്നത്.

ബൈബിൾ പറയുകയും പഠിപ്പിക്കുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളിലും വച്ച്, ഗിരിപ്രഭാഷണം പോലെ പ്രസിദ്ധമായതോ ഉദ്ധരിക്കപ്പെട്ടതോ ആയ മറ്റൊന്നും ഉണ്ടാകാനിടയില്ല. “… ആരെങ്കിലും നിന്റെ വലത്തെ കവിളിൽ അടിച്ചാൽ മറ്റേതും അവനിലേക്ക് തിരിക്കുക” (മത്തായി 5:39)! ആ വാക്കുകൾ ഇത്ര പ്രസിദ്ധമാണെന്നതിൽ അത്ഭുതമൊന്നുമില്ല. അതിലും സമാധാനപരമായ ഒരു പഠിപ്പിക്കൽ നിങ്ങൾക്ക് എവിടെയെങ്കിലും കണ്ടെത്താൻ കഴിയുമോ? ഇല്ല. യേശുവിന്റെ അത്തരത്തിലുള്ള വചനങ്ങൾ വീക്ഷിച്ച് ചരിത്രത്തിലെ ഏറ്റവും മികച്ച ഗുരുക്കന്മാരുടെ കൂട്ടത്തിൽ അദ്ദേഹത്തെ നാം എല്ലാവരും ചേർന്ന് പ്രതിഷ്ഠിച്ചിട്ടുണ്ട്. എന്നാലും, അവിടുത്തെ ശിഷ്യരാകാൻ അത് ഭൂരിഭാഗം പേരേയും പ്രേരിപ്പിക്കാറില്ല. അകലെ നിന്ന് എല്ലാം തികച്ചും ആനന്ദകരമാണെങ്കിലും അടുത്ത് നിന്ന് വിലയിരുത്തുമ്പോൾ യേശുവിന്റെ നിർബന്ധങ്ങൾക്ക് വഴങ്ങാൻ പലർക്കും ബുദ്ധിമുട്ടാണ് എന്നതാണ് സാരം. ജി കെ ചെസ്റ്റർട്ടണിന്റെ വാക്കുകളിൽ, “  ക്രിസ്തീയത്വം അപര്യാപ്തമെന്നു നിർണയിക്കപ്പെടുന്നത് പരീക്ഷണങ്ങൾക്കു ശേഷമല്ല; അത് ബുദ്ധിമുട്ടുള്ളതായി കണ്ടെത്തി, ശ്രമിക്കാതെ ഉപേക്ഷിച്ചിരിക്കുകയാണ്”

ആ നടന്നതിന്റെ ഒരു പതിപ്പ് സഭയ്ക്കകത്തുമുണ്ട്—പ്രത്യേകിച്ച്, “സുവിശേഷ-കേന്ദ്രീകൃത” സഭാമണ്ഡലങ്ങളിൽ. ദൈവത്തെ അനുസരിക്കാനുള്ള കഴിവ് നമ്മിൽത്തന്നെ ഇല്ലെന്ന് നമുക്കറിയാം. എന്നാൽ, ദൈവം നമ്മിൽ നിന്ന് ആവശ്യപ്പെടുന്ന അനുസരണത്തിൻ്റെ നല്ല പ്രവൃത്തികൾ വിശ്വാസത്താൽ നമുക്ക് ഉത്പാദിപ്പിക്കാൻ കഴിയുമെന്നും നമുക്കറിയാം. എന്നിട്ടും, സ്വയം പരാജയപ്പെടുത്തുന്ന ഒരു പന്തയത്തിൽ നാം ഏർപ്പെടുന്നു: ജീവിതമാറ്റം യഥാർത്ഥത്തിൽ സാധ്യമല്ലെന്ന് നമ്മോടും മറ്റെല്ലാവരോടും പറയുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ മാറ്റമെന്ന മട്ടിലാണ് നമ്മിൽ പലരുടെയും നടപ്പ്. ഇങ്ങനെ, പരിവർത്തനം എന്ന സത്യത്തിൻ്റെ ഒരു പാതി മാത്രം സ്വീകരിക്കുന്നതിനെ നാം വിനയമെന്നോ പുണ്യമെന്നോ കരുതുന്നു. ഇത് അപകടകരമായ മേഖലയാണ്—കാപട്യത്തിന്റെ വിളനിലം. ഇത്തരം ഒരു ദുഃഖകരമായ നാടകം സാധാരണയായി എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള എന്റെ നിരീക്ഷണമാണ് ഇനിപ്പറയുന്നത്. 

നിരവധി സഭാംഗങ്ങളുടെ ഇടയിൽ, ബൈബിളിലെ കഠിനമായ പഠിപ്പിക്കലുകൾ അതേപടി പരിഗണിക്കേണ്ടതില്ല എന്ന ഒരു സംസ്കാരമുണ്ട്. ഓരോ അവസാന വാക്കിനും കൂടുതൽ സൂക്ഷ്മത ഉണ്ടായിരിക്കണമല്ലോ. ഉദാഹരണത്തിന്, എഫെസ്യർ 5:22ൽ കൽപ്പിച്ചിരിക്കുന്ന കീഴടങ്ങൽ, 24ൽ നിർദ്ദേശിച്ചിട്ടുള്ള സ്നേഹം, തന്റെ ഇല്ലായ്മയിൽ നിന്നു തനിക്കുള്ളതു ഒക്കെയും—തന്റെ ഉപജീവനം മുഴുവനും—ഭണ്ഡാരത്തിലിട്ട വിധവയുടെ (മർക്കോസ് 12:41–44) മാതൃക. ആ വാക്കുകളുടെ പ്ലെയിൻ അർഥമല്ല മറിച്ച് അതിനാൽ അർഥമാക്കാത്തത് എല്ലാത്തിന്റെയും ഒരു പട്ടിക തയ്യാറാക്കാനുള്ള പലരുടെയും ബദ്ധപ്പാട് എന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇങ്ങനെ തുടങ്ങി, ബൈബിളിലെ എല്ലാ കൽപ്പനകളും ഏറ്റവും ശ്രദ്ധാപൂർവ്വം നുആൻസ് ചെയ്ത് പരിശോധിച്ച ശേഷം മാത്രമേ അവതരിപ്പിക്കാവൂ എന്ന കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുകയാണു സഭയിൽ അനേകരും. “ബുദ്ധിമുട്ടുള്ള” ഓരോ കല്പനയും ഒരായിരം ന്യായീകരണങ്ങളോടെ വധിക്കാനാണോ ആവോ നമ്മുടെ ഉദ്ദേശം? ഏതെങ്കിലും ഒരു കല്പന അതിരുകടക്കുന്നതായി നമുക്കിപ്പോൾ തോന്നുന്നുവെങ്കിൽ, വേണ്ടത്ര നുആൻസ് നാം ഇതുവരെ പ്രയോഗിക്കാത്തതുകൊണ്ടായിരിക്കണം. നമ്മുടെ കാലഘട്ടത്തിന്റെ പ്രത്യേക പാപങ്ങൾക്കാണ് ഇത്തരം സൂക്ഷ്മതകൾ ഏറ്റവും  പ്രയോഗിക്കുന്നത് എന്നതും ഒരു വിരോധാഭാസമാണു—വീണ്ടും, എഫെസ്യർ 5:22 പരിശോധിക്കുക.

ആ വഴുവഴുപ്പുള്ള ചരിവിലൂടെ ഒന്നാഞ്ഞുപ്പിടിച്ചാൽ തിരുവെഴുത്തുകളുടെ ലളിതമായ ഉപയോഗം പരിഗണിക്കുന്നത് ഫാന്റസിയിൽ ഏർപ്പെടുന്നതിന് തുല്യമാണെന്ന തലത്തിൽ നാം എത്തിച്ചേരും. “നിന്റെ വലത് കണ്ണ് നിനക്ക് ഇടർച്ച ഉണ്ടാക്കുന്നുവെങ്കിൽ, അത് പറിച്ചെടുത്ത് നിന്നിൽ നിന്ന് എറിയുക…” (മത്തായി 5:29) എന്നോ?! ഉവ്വ! ഇന്നത്തെ ലോകത്ത് ആർക്കെങ്കിലും അങ്ങനെ ജീവിക്കാൻ കഴിയുമോ? അത്ര തീക്ഷ്ണത, അത്തരം ആദർശവാദം നമുക്ക് വേണ്ട, അല്ലേ? ലൈംഗിക പാപത്തിന്റെ മഹാസർപ്പത്തെ നശിപ്പിക്കുവാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു എന്നത് പകൽ പോലെ വ്യക്തമാണ്. എന്നാൽ ഒരു മഹാസർപ്പത്തെ കൊല്ലാൻ ആർക്കും കഴിയില്ല എന്നതിനാൽ, നമ്മോടൊപ്പം വസിക്കാൻ നാം ഇടം കൊടുത്തിരിക്കുന്ന മഹാസർപ്പങ്ങളെക്കുറിച്ച് പരസ്പരം ചർച്ച ചെയ്യുന്നത് മതിയായിരിക്കും. അല്ലേ? നമ്മൾ ഇതിനെ “ശിഷ്യത്വം” എന്ന് വിളിക്കുന്നു. അഥവാ, “നമ്മുടെ പോരാട്ടങ്ങളുടെ പങ്കിടൽ” എന്നൊക്കെ പറയാം. ശത്രുക്കളെ സ്നേഹിക്കാനാണ് (മത്തായി 5:43) നാം വിളിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ നമുക്ക് ആദ്യം ശത്രുക്കളില്ലെന്ന് ഉറപ്പാക്കുന്നതല്ലേ നല്ലത്? അങ്ങനെ വന്നാൽ ഈ “അസാധ്യ” കൽപ്പന നാം അനുസരിക്കേണ്ടതില്ല. അല്ലേ? എന്നിട്ട് അത്തരം “വിവേകമുള്ള” ജീവിത ശൈലിയെ നാം “വിൻസം” എന്ന് വിളിക്കുന്നു. 

ഫലത്തിൽ, ഈ നാടകത്തിന്റെ ക്ലൈമാക്സ് വളരെ സങ്കടകരമാണു. സാധാരണമായ ക്രിസ്തുമതം യഥാർത്ഥത്തിൽ ജീവിക്കുക അസാധ്യമാണെന്ന ഒരു ധാരണയാണു നാം ഇതുകൊണ്ട് സൃഷ്ടിക്കുന്നത്. പക്ഷേ നമ്മൾ ഈ വിവരം അറിഞ്ഞ മട്ടില്ല. ഇതാണ് ക്രമം: ആദ്യം, നമ്മൾ ബൈബിളിന്റെ ഒരു ലളിതമായ പഠിപ്പിക്കൽ അസാധ്യം എന്നെണ്ണും. ഇതാണു നാം സ്വന്തം കാലുകളിലേക്ക് വെയ്ക്കുന്ന വെടി. തുടർന്ന്, അതേ പഠിപ്പിക്കൽ സൂക്ഷ്മമായി നിരീക്ഷിച്ചിട്ട് നമുക്ക് “അനുസരിക്കാൻ” കഴിയുന്ന ഒരു തലത്തിലേക്ക് നാം മാറ്റിയെടുക്കുന്നു. പൊളിയുന്ന ഭിത്തിയിൽ ഒരു ബാൻഡ് എയ്ഡ് പ്രയോഗിക്കുന്നതിനു തുല്യമാണിത്. എന്നാൽ ഇങ്ങനെ ചെയ്യുന്നതിലൂടെ നാം ആത്മീയ പക്വതയിൽ പുരോഗമിക്കുകയാണെന്ന് സ്വയം ബോധിപ്പിക്കും. അനുസരണമായി നാം കരുതുന്ന ഏതെങ്കിലുമൊരു പുറമേയുള്ള പ്രദർശനത്തിനു നാം സ്വയം അഭിനന്ദിക്കുകയും ചെയ്യും. എന്റെ സഹക്രിസ്ത്യാനീ, ഇത് കാപട്യമാണ്. നമ്മുടെ വീക്ഷണത്തിൽ ജീവിതത്തിന്റെ കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പായിരിക്കുന്നു; യേശുവിനെ സംബന്ധിച്ചിടത്തോളം, അതേ ജീവിതത്തിന്റെ ഉള്ള് കവർച്ചയും അതിക്രമവും നിറഞ്ഞ ഒന്നാണു (മത്തായി 23:25-28). സൂക്ഷ്മത (അഥവാ നുആൻസ്) എന്ന തൂലികയുടെ ഓരോ ചലനങ്ങളാലും നാം ദൈവത്തിന്റെ ഹൃദയത്തിന്റെ ഛായാചിത്രത്തിലേക്ക് കൂടുതൽ അടുക്കുകയാണെന്ന് നാം കരുതുന്നു; യേശുവിനെ അപേക്ഷിച്ചോ… നമ്മുടെ ഹൃദയം തന്നെ വിട്ടു അകന്നിരിക്കുന്നു (മത്തായി 15:8). ഇങ്ങനെ സ്വയം ഒന്നാന്തരം കപടവിശ്വാസികളാവുകയാണു നാം. ആഴമില്ലാത്ത ഒരുതരം ക്രിസ്തീയ സമ്പ്രദായം പ്രമാണിപ്പാൻ വേണ്ടി നമ്മൾ ദൈവകല്പന തന്നെ തള്ളിക്കളയുന്നവരായി (മർക്കോസ് 7:9).

ഇനിയും വിശദീകരിക്കുക സാധ്യമാണു. പക്ഷേ, ഈ ഘട്ടത്തിൽ, ഒന്നു മാത്രം ചോദിക്കട്ടെ. ഈ നാടകം നിങ്ങളുടെ ജീവിതത്തിലും കണ്ടുവരുന്നുണ്ടെങ്കിൽ, ഇനി പറയുന്ന ചോദ്യം പരിഗണിക്കുന്നത് നന്നായിരിക്കും: ബൈബിളിലെ ഏത് പഠിപ്പിക്കലുകൾ അക്ഷരാർത്ഥത്തിൽ എടുക്കാനാണു നിങ്ങൾ ബുദ്ധിമുട്ടുന്നത്? അവിടെ തുടങ്ങുക. അത്തരമുള്ള എല്ലാ കല്പനകളുടെയും ഒരു ലിസ്റ്റ് തയ്യാറാക്കുക. ഈ ലേഖനത്തിന്റെ അടുത്ത ഭാഗം അവിടെ നിന്ന് തുടങ്ങാം.

 

അഡിയോസ്.

പുതിയ ലേഖനങ്ങൾ