വില്യം പെർകിൻസ് തിയോളജിയെ അഥവാ ദൈവശാസ്ത്രത്തെ വ്യാഖ്യാനിക്കുന്നത് “എക്കാലത്തും അനുഗ്രഹീതമായി ജീവിക്കുവാൻ വേണ്ടിയുള്ള ശാസ്ത്രം” എന്നാണ്. ഈ വ്യാഖ്യാനമനുസരിച്ച്, ദൈവശാസ്ത്രം ഒരു പാഠ്യവിഷയത്തിലുപരി ഒരു വിശ്വാസിക്ക് വളരെ പ്രയോജനകരവും പ്രസക്തവുമായിട്ടുള്ളൊന്നാണ്. ദൈവശാസ്ത്രം പ്രധാനമായും ദൈവത്തെ കുറിച്ചും – ദൈവം ആരാണെന്ന അറിവിന്റെ വെളിച്ചത്തിൽ എപ്രകാരം ജീവിക്കണം എന്നും – അത് മുഖേന എപ്രകാരം അനുഗ്രഹീതവും അർത്ഥവത്തുമായ ഒരു ജീവിതം – ഇന്നും അനന്തതയിലും ദൈവവുമായുള്ള കൂട്ടായ്മയിൽ നയിക്കണമെന്നുള്ളതിന്റെ പഠനമാണ്. ദൈവശാസ്ത്രപഠനത്തിന്റെ ലക്ഷ്യം ദൈവത്തെ കുറിച്ചുള്ള അറിവ് സമ്പാദിക്കുക എന്നു മാത്രമല്ല; അതിലുപരി, ദൈവത്തിലുള്ള നമ്മുടെ സന്തോഷവും അവനോടുള്ള അനുസരണയും വർദ്ധിപ്പിക്കണം എന്നുള്ളതാണ്.
ദൈവശാസ്ത്രം നമുക്ക് ലഭിക്കുന്നത് ദൈവം തന്നെ നമുക്ക് തന്ന വെളിപ്പാടിലൂടെയാണ്; അതായത് വേദപുസ്തകത്തിലൂടെ. ദൈവശാസ്ത്രത്തിന്റെ ഉറവിടം വേദപുസ്തകമാണ്, എന്തെന്നാൽ അത് ദൈവം നമുക്കായി തന്ന പരമാധികാരമുള്ള ദൈവവചനമാണ്.
ദൈവവചനം എപ്രകാരം പഠിക്കണമെന്നതിന് പാസ്റ്റർ കെവിൻ ഡിയങ് 3 മാർഗനിർദ്ദേശങ്ങൾ നൽകുന്നു
യുക്തിപൂർവ്വം: ഡിയങ് പറയുന്നതു പ്രകാരം “യുക്തി വിശ്വാസത്തിന്റെ അടിസ്ഥാനമല്ല, മറിച്ച് വിശ്വാസം ഉപയോഗിക്കുന്ന ഒരു ഉപകരണമാണ്”¹. യുക്തിയും വിശ്വാസവും വിപരീതങ്ങളാണെന്ന് പറയുന്നത് തെറ്റാണ്. പൗലോസ് കൊലോസ്സ്യ ലേഖനത്തിൽ പറയുന്നു “അവനിൽ ജ്ഞാനത്തിന്റെയും പരിജ്ഞാനത്തിന്റെയും നിക്ഷേപങ്ങൾ ഒക്കെയും ഗുപ്തമായിട്ട് ഇരിക്കുന്നു.” ക്രൈസ്തവരിൽ പൊതുവായുള്ളൊരു തെറ്റിദ്ധാരണയാണ് യുക്തി നിരീശ്വരവാദികളുടെ അവകാശമാണെന്ന്. എന്നാൽ വേദപുസ്തകം സ്പഷ്ടമാക്കുന്നു, യുക്തിയും, ജ്ഞാനവും എല്ലാം ക്രിസ്തുവിലാണെന്ന്. അതായത്, ക്രിസ്തുവിൽ ഇവയൊക്കെ നമ്മുടെ അവകാശങ്ങളാണ്. വേദപുസ്തകം എഴുതിയിരിക്കുന്നത് യുക്തിസഹമായാണ്. വാക്യങ്ങളും വാക്കുകളും അധ്യായങ്ങളും സന്ദർഭവും ഉദ്ദേശ്യവും എല്ലാം തന്നെ മനസ്സിലാക്കി ശ്രദ്ധയോടെ വേണം പഠിക്കാൻ.
താഴ്‌മയോടെ: ഏറെ താഴ്‌മയോടെയും, പ്രാർത്ഥനയോടെയും വേണം നാം ദൈവശാസ്ത്രം പഠിക്കാൻ. ദൈവത്തെ പൂർണ്ണമായും ആശ്രയിച്ചുകൊണ്ടാകണം നാം ദൈവശാസ്ത്ര പഠനത്തെ സമീപിക്കേണ്ടത്. നമുക്ക് മുന്നേ ഈ വഴികളിലൂടെ കടന്നു പോയവരിൽ നിന്നും പഠിക്കുവാൻ വേണ്ടിയും നാം താഴ്‌മ കാണിക്കേണ്ടതുണ്ട്.
ആരാധനയോടെ:ദൈവത്തിന്റെ മഹത്വത്തെ അധികം ആഴത്തിൽ കാണുവാനും ദൈവത്തോടുള്ള ആരാധന ഏറുവാനുമായിരിക്കണം നാം ദൈവശാസ്ത്രം പഠിക്കേണ്ടത്. എറെ ആഴത്തിൽ ദൈവത്തെ അറിയുന്നതുകൊണ്ട് അതിന്മേൽ അവനോടുള്ള ആരാധനയും വർധിക്കണമെന്ന ആഗ്രഹത്തോടെയായിരിക്കണം ദൈവശാസ്ത്രത്തെ നാം സമീപിക്കേണ്ടത്.
1. ഡെയ്ലി ഡോക്ടറിൻ, കെവിൻ ഡിയങ്
