എന്താണ് സുവിശേഷം?

Cross and an empty tomb

സുവിശേഷമെന്നാൽ “നല്ല വാർത്ത” എന്നർത്ഥം. പക്ഷേ, സുവിശേഷം നല്ലവാർത്തയാകുന്നത് എന്തുകൊണ്ടാണെന്നറിയണമെങ്കിൽ  ഒരു മോശം വാർത്ത ആദ്യം മനസ്സിലാക്കണം:  എല്ലാ മനുഷ്യരും പാപികളാണെന്ന് ബൈബിൾ നമ്മെ പഠിപ്പിക്കുന്നു. റോമർ 3:23 (MCV) “യെഹൂദനെന്നോ യെഹൂദേതരനെന്നോ ഒരു ഭേദവുമില്ലാതെ എല്ലാവരും പാപംചെയ്തു ദൈവതേജസ്സിന് അന്യരായിത്തീർന്നിരിക്കുന്നു”. പാപം നമ്മെ വിശുദ്ധനും നീതിമാനുമായ ദൈവത്തിൽ നിന്നും വേർപെടുത്തുന്നു. ഇതാണാ മോശം വാർത്ത. പാപം മൂലം നാം ദൈവത്തിന്റെ ന്യായവിധിക്ക് അർഹരാകുന്നു. റോമർ 6:23 (IRVMAL) പറയുന്നു “പാപത്തിന്‍റെ ശമ്പളം മരണമത്രേ; ദൈവത്തിന്‍റെ കൃപാവരമോ നമ്മുടെ കർത്താവായ ക്രിസ്തുയേശുവിൽ നിത്യജീവൻ തന്നെ.” അതായത് ദൈവം തന്റെ കരുണ ചൊരിഞ്ഞില്ലെങ്കിൽ നാം എല്ലാവരും ദൈവത്തിന്റെ നിത്യശിക്ഷ അനുഭവിക്കേണ്ടിവരും.

 

എന്നാൽ ഇവിടെയാണ് സുവിശേഷം ആരംഭിക്കുന്നത്. ദൈവം തന്റെ മഹത്തായ സ്നേഹത്തിൽ നമ്മെ നമ്മുടെ പാപാവസ്ഥയിൽ കൈവിട്ടില്ല. അവൻ പാപികളെ രക്ഷിക്കാനായി തന്റെ പുത്രനായ യേശുക്രിസ്തുവിനെ അയച്ചു. യോഹന്നാൻ 3:16 (IRVMAL) പറയുന്നു “തന്‍റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.” ക്രിസ്തു പൂർണ്ണദൈവവും പൂർണ്ണമനുഷ്യനുമാണ്. അവൻ ദൈവത്തോട് പൂർണ്ണ അനുസരണത്തിൽ പാപരഹിതമായ ഒരു ജീവിതം ജീവിച്ചു. അവൻ ന്യായപ്രമാണത്തിലെ എല്ലാ നിയമങ്ങളെയും പൂർണ്ണാനുസരണത്തിൽ പാലിച്ചു. നമ്മെക്കൊണ്ടൊരിക്കലും സാധിക്കാത്തത് അവനാൽ സാധിച്ചു. എന്നിട്ടും, അവൻ നാം അർഹിക്കുന്ന നമ്മുടെ പാപത്തിന്റെ ശമ്പളമായ മരണം തന്റെ മേൽ വഹിക്കുവാനായി ക്രൂശിതനായി.

 

നമുക്ക് നേരെയുള്ള ദൈവത്തിന്റെ കോപം ക്രൂശിൽ യേശു തന്റെ മേൽ ഏറ്റു വാങ്ങി. യെശയ്യാ 53:5 (IRVMAL) പറയുന്നു “എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിനായുള്ള ശിക്ഷ അവന്‍റെമേൽ ആയി അവന്‍റെ അടിപ്പിണരുകളാൽ നമുക്കു സൗഖ്യം വന്നുമിരിക്കുന്നു”. യേശു നമ്മുടെ പാപത്തിനു പ്രായശ്ചിത്തമായി നമ്മുടെ പകരക്കാരനായി മരിച്ചു. പാപത്തിന്റെയും മരണത്തിന്റെയും മേൽ അവനുള്ള പൂർണ്ണാധിപത്യം പ്രഖ്യാപിച്ചുകൊണ്ട് അവൻ മരിച്ചതിന്റെ മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റു. അവന്റെ പുനരുത്ഥാനം നമ്മുടെ പ്രത്യാശയുടെ അടിത്തറയാണ്. 1 കൊരിന്ത്യർ 15:17 പറയുന്നു “ക്രിസ്തു ഉയിർത്തിട്ടില്ല എങ്കിൽ നിങ്ങളുടെ വിശ്വാസം വ്യർത്ഥമത്രേ; നിങ്ങൾ ഇന്നും നിങ്ങളുടെ പാപങ്ങളിൽ ഇരിക്കുന്നു”. അവൻ ഉയിർത്തെഴുന്നേറ്റതിനാൽ നമുക്ക് പൂർണ്ണവിശ്വാസത്തോടെ പറയാം, ദൈവം അവന്റെ യാഗം സ്വീകരിച്ചു എന്ന്.

സുവിശേഷം, ക്രിസ്തു എന്ത് ചെയ്തു എന്നതിനെക്കുറിച്ച് മാത്രമല്ല, നാം എങ്ങനെ ക്രിസ്തുവിന്റെ പ്രവർത്തികളോട് പ്രതികരിക്കുന്നു എന്നതിനെക്കുറിച്ചുമാണ്. ബൈബിൾ നമ്മോട് മാനസാന്തരപ്പെടുവാനും, ക്രിസ്തുവിൽ നമ്മുടെ വിശ്വാസം ഉറപ്പിക്കുവാനും പറയുന്നു. മാനസാന്തരം എന്നാൽ പാപത്തിൽ നിന്നും വേർപിരിഞ്ഞ് ദൈവത്തിലേക്ക് അടുക്കുക എന്നാണ്. സ്വന്തം പാപത്തെക്കുറിച്ചോർത്ത് ദുഃഖിക്കുക എന്നതിലുപരി, മാനസാന്തരം എന്നാൽ പാപത്തെ വെറുക്കുന്നതും, ദൈവത്തെ അനുസരിക്കാൻ ആഗ്രഹിക്കുന്നതും ആകുന്നു. ശരിയായ വിശ്വാസം എന്നാൽ തന്റെ രക്ഷയ്ക്കായി യേശുവിൽ മാത്രം ആശ്രയിക്കുക എന്നതാണ്. യേശു ശരിക്കും ജീവിച്ചിരുന്നു എന്നോ, കുറച്ച് നല്ല ഉപദേശങ്ങൾ പഠിപ്പിച്ചു എന്നോ മാത്രം വിശ്വസിക്കുന്നത് പോര, മറിച്ച് അവന്റെ ക്രൂശു മരണത്തിലും പുനരുത്ഥാനത്തിലും വിശ്വസിക്കുന്നതിലൂടെ മാത്രമേ രക്ഷ ലഭിക്കുകയുള്ളു.

രക്ഷ എന്നത് ദൈവത്തിന്റെ സൗജന്യമായ ദാനമാണ്, അല്ലാതെ നാം സ്വന്തം പ്രവർത്തികളാൽ നേടിയെടുക്കുന്ന ഒന്നല്ല. എഫെസ്യർ 2:8-9 (MCV) പറയുന്നു “കൃപയാൽ നിങ്ങൾ രക്ഷിക്കപ്പെട്ടു; അതു വിശ്വാസത്തിലൂടെയാണ്. നിങ്ങളിൽനിന്ന് ഉത്ഭവിച്ചതല്ല ആ രക്ഷ; ദൈവത്തിന്റെ ദാനമാണ്. ഈ രക്ഷ എന്നത് നാം ചെയ്ത സൽപ്രവൃത്തികളുടെ പ്രതിഫലമായിട്ടല്ല ലഭിക്കുന്നത്. അങ്ങനെയായിരുന്നെങ്കിൽ നമുക്ക് ആത്മപ്രശംസ ചെയ്യാൻ വകയുണ്ടാകുമായിരുന്നു.” നാം രക്ഷ നേടുന്നത് കൃപയാൽ മാത്രമാണ്, വിശ്വാസത്തിലൂടെ മാത്രമാണ്, ക്രിസ്തുവിൽ മാത്രമാണ്.

സുവിശേഷം ഈ ഭൂമിയിലുള്ള ഏറ്റവും മഹത്തായ വാർത്തയാണ്. അതിലൂടെ നാം നമ്മുടെ പാപാവസ്ഥയുടെ ആഴത്തെക്കുറിച്ച് മനസ്സിലാക്കുന്നു, ഒപ്പം ദൈവം നമുക്കായി ഒരുക്കിയ രക്ഷയുടെ പദ്ധതിയെക്കുറിച്ചും. ക്രിസ്തുവിൽ വിശ്വാസം ഉറപ്പിക്കുന്നവർക്ക് നിത്യജീവനും ദൈവവുമായുള്ള കൂട്ടായ്മയും ലഭിക്കും. ഇതാണ് നാം വിശ്വസിക്കേണ്ടതും, മറ്റുള്ളവരുമായി പങ്കിടേണ്ടതുമായ സുവിശേഷം.

പുതിയ ലേഖനങ്ങൾ