“എന്റെ ആത്മാവേ, നീ വിഷാദിച്ച് ഞരങ്ങുന്നതെന്തിന്? ദൈവത്തിൽ പ്രത്യാശ വെക്കുക; കർത്താവ് എന്‍റെ മേൽ മുഖം പ്രകാശിപ്പിച്ച് രക്ഷിക്കുന്ന ദൈവവുമാകുന്നു എന്നു ഞാൻ ഇനിയും അവിടുത്തെ സ്തുതിക്കും.”
സങ്കീർത്തനം 42:5 (IVRMAL)
ഈ വാക്യത്തിൽ, ഹീബ്രു പദ്യങ്ങളിൽ കണ്ടുവരുന്ന അപ്പോസ്ട്രോഫി എന്നറിയപ്പെടുന്ന ഒരു സാഹിത്യരീതി ഉപയോഗിച്ചിട്ടുണ്ട്. ഒരാൾ മറ്റൊരാളോട് സംസാരിക്കുന്നതുപോലെ, എഴുത്തുകാരൻ സ്വയം തന്നെത്തന്നെ മറ്റൊരു വ്യക്തിയായി അഭിസംബോധന ചെയ്യുന്നതിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ഉദാഹരണത്തിന്, ഈ വാക്യം പരിഗണിക്കുക – എഴുത്തുകാരൻ തന്റെ ആത്മാവിനെ മറ്റൊരു വ്യക്തിയോടെന്നപോലെ, “നീ വിഷാദിച്ച് ഞരങ്ങുന്നതെന്തിന്” എന്നു ചോദിക്കുന്നു!
പ്രതിസന്ധികളിലൂടെയും ബുദ്ധിമുട്ടുകളിലൂടെയും കടന്നുപോകുമ്പോൾ, നമ്മുടെ ഹൃദയത്തിൽ പലതരം വികാരങ്ങൾ നിറയും: വിദ്വേഷം, ദേഷ്യം, അതൃപ്തി, നിസ്സംഗത, ഉദാസീനത തുടങ്ങിയവ. പലരും ഹൃദയത്തിൽ വിദ്വേഷമേറിയിരിക്കുമ്പോൾ, ബുദ്ധിശൂന്യമായ പ്രവർത്തികൾ ചെയ്‌തിടട്ടൊടുവിൽ, “ഞാൻ പൊതുവേ അങ്ങനെ ചെയ്യാത്തതാണ്. ഞാൻ വേറൊരാളെ പോലെയാണ് പെരുമാറിയത്” എന്ന് ന്യായീകരിക്കാറുണ്ട്. എന്നാൽ സത്യം എന്തെന്നാൽ, ആ പ്രവൃത്തികൾ ചെയ്ത വ്യക്തിയാരാണോ അതുതന്നെയാണ് നമ്മൾ. നമ്മുടെ ശരീരത്തിൽ നിന്നും ആത്മാവിൽ നിന്നും വേർപെട്ട മറ്റൊരു ഭാഗമല്ല ആ പ്രവർത്തികൾക്കും ചിന്തകൾക്കും ഉത്തരവാദി; അത് നമ്മൾ തന്നെയാണ് – നമ്മുടെ വ്യക്തിത്വം തന്നെ. നമ്മളെക്കുറിച്ച് നാം മറ്റൊരാളെന്നപ്പോലെ ചിന്തിച്ച് നമ്മുടെ പാപങ്ങൾക്ക് ആ സാങ്കൽപ്പിക വ്യക്തിയെ കുറ്റപ്പെടുത്തുമ്പോൾ, നാം യാഥാർത്ഥ്യം നിഷേധിക്കുകയാണ്, ഒപ്പം സ്വയം തിരുത്തലിനുള്ള അവസരം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. വേദനയിലൂടെ കടന്നുപോകുമ്പോൾ, ആളുകൾ സഹാനുഭൂതി പ്രതീക്ഷിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ നമ്മുടെ വേദനയുടെ പേരിൽ നമ്മുടെ എല്ലാ പ്രവൃത്തികളെയും ന്യായീകരിക്കാൻ ശ്രമിക്കുന്നത് അപകടകരമാണ്. അടിസ്ഥാനപരമായി, “ദുഖം സാഹിക്കാനാകാതെയാണ് ഞാൻ അങ്ങനെ ചെയ്തത്” എന്നത് തെറ്റായ പ്രവർത്തികളെ ന്യായീകരിക്കുന്നില്ല.
“നമ്മുടെ ദൗർബല്യങ്ങളിൽ സഹതപിക്കാൻ കഴിയാത്ത ഒരാളല്ല നമുക്കു മഹാപുരോഹിതനായി ഉള്ളത്; മറിച്ച്, അവിടന്ന് നമ്മെപ്പോലെ സകലത്തിലും പ്രലോഭിപ്പിക്കപ്പെട്ടിട്ടും പാപരഹിതനായിരുന്നു.”
എബ്രായർ 4:15 – (MCV)
ക്രിസ്തുവിൻ്റെ ഉദാഹരണം എടുക്കുകയാണെങ്കിൽ, മറ്റാരേക്കാളും കൂടുതൽ പരീക്ഷിക്കപ്പെടുകയും പ്രലോഭിപ്പിക്കപ്പെടുകയും ചെയ്‌തെങ്കിലും, അവൻ പതറിയില്ല. നാം പാപികളാണെന്നും ദുർബലരാണെന്നും പലപ്പോഴും പാപത്തെ ചെറുക്കുന്നതിൽ പരാജയപ്പെടും എന്നൊക്കെ ശരിയാണെങ്കിലും, നാം ക്രിസ്തുവിൻ്റെ മാതൃക പിന്തുടരാനാണ് നാം എക്കാലവും പരിശ്രമിക്കേണ്ടത്.
തെറ്റായ പ്രവർത്തികളെ ന്യായീകരിക്കാനായി, നേരത്തെ സൂചിപ്പിച്ച സാങ്കൽപ്പിക വ്യക്തിത്വത്തെ കുറ്റപ്പെടുത്തുന്ന പ്രവണത വിശ്വാസി സമൂഹത്തിനിടയിൽ കൌൺസിലിങ് സാഹചര്യങ്ങളിൽ ഒക്കെയായി സാധാരണമായി കണ്ടുവരുന്ന ഒന്നാണ്. എന്നാൽ സങ്കീർത്തനക്കാരൻ അതിൽ നിന്നും വ്യത്യസ്തമായൊരു കാര്യമാണ് ചെയ്യുന്നത്. അദ്ദേഹം തന്റെ വിഷാദാവസ്ഥയുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട്, തന്റെ സാഹചര്യത്തെ വസ്തുനിഷ്ഠമായി വീക്ഷിക്കാനാണ് തന്നെത്തന്നെ രണ്ടാമതൊരു വ്യക്തിയായി വീക്ഷിക്കുന്നത്. നമുക്ക് സങ്കീർത്തനക്കാരന്റെ വാക്കുകളിലേക്ക് നോക്കാം – “എന്‍റെ ആത്മാവേ, നീ വിഷാദിച്ച് ഞരങ്ങുന്നതെന്തിന്?”. അവൻ അവന്റെ ആത്മാവിനെ ചോദ്യം ചെയ്യുകയാണ് – “പറയൂ ആത്മാവേ! എന്താണ് കാരണം? എന്റെ ആത്മാവേ, നീ വിഷാദത്തിലാകാൻ പാടില്ല!”. ലോകം നമ്മെ പഠിപ്പിക്കുന്നതിന് വിരുദ്ധമായി സങ്കീർത്തനക്കാരൻ പറയുന്നു: “ഞാൻ എങ്ങനെ വിഷാദത്തിൽ നിന്നും പുറത്ത് വരും?” ഉത്തരമായി അവൻ തന്നെ പറയുന്നു “കർത്താവിൽ പ്രത്യാശ വയ്ക്കുക” – അതെ, നിങ്ങൾ നിസ്സഹായനല്ല! കർത്താവ് സമീപസ്ഥനാണ്.
ഈ പോസ്റ്റ് മോഡേൺ (post-modern) കാലഘട്ടത്തിലെ ക്രിസ്തീയ ശിഷ്യത്വത്തിന്റെ ശിശ്രൂഷയിൽ ഏർപ്പെടുന്ന എല്ലാ പാസ്റ്റർമാറകക്കും അറിയാം, കുറേയേറെ ആളുകൾ അവരുടെ വേദനയുടെ പേരിൽ പാപങ്ങളെ ന്യായീകരിക്കുന്ന നിരവധി സാഹചര്യങ്ങൾ ഉണ്ടാകുമെന്ന്. അവരെ തിരുത്തുന്നവർ തിരുത്തലുകൾ നൽകുന്നതിനുപകരം, അവരുടെ പ്രവൃത്തികളെയും വൈകാരികമായ എല്ലാ ചാഞ്ചാട്ടങ്ങളെയും വേദനയുടെ തീവ്രതയെന്ന ന്യായീകരണം നിമിത്തം അംഗീകരിക്കുകയും സാധൂകരിക്കുകയും ചെയ്യണമെന്ന് അവർ പ്രതീക്ഷിക്കുന്നു. നമ്മൾ ഇക്കാര്യത്തിൽ ശ്രദ്ധാലുക്കളായിരിക്കണം. അപ്പോസ്തലനായ പത്രോസിനെ നോക്കുക. അവൻ 1 പത്രൊസിൽ പീഢ മൂലം ചിതറിക്കിടക്കുന്ന ക്രിസ്ത്യാനികളെ നോക്കി, അവരെ പ്രോത്സാഹിപ്പിക്കുകയും അവരുടെ വേദനയിൽ നിന്ന് പുറത്തുകൊണ്ടുവരികയും ചെയ്യുന്നു. എന്നാൽ അവിടെ അദ്ദേഹം നിർത്തുന്നില്ല; അദ്ദേഹം അവരുടെ വിശുദ്ധീകരണത്തിന് വേണ്ടി അവർക്ക് ചില തിരുത്തലുകളും ഉപദേശങ്ങളും കൂടി നൽകുന്നു (1 പത്രോസ് 1:14-16, 1 പത്രോസ് 2:1). വേദനയും മുറിവുകളും ഉണ്ടാക്കുന്ന മരവിപ്പും ആശയക്കുഴപ്പവും ഒരു വ്യക്തിയെ കുറച്ചുകാലത്തേക്ക് യുക്തിരഹിതനാക്കിയേക്കാം. ഉപദേശിക്കുന്ന ആൾ, ഉപദേശിക്കപ്പെടുന്നവരുടെ പ്രശ്‌നങ്ങളുടെ കടലിലേക്ക് അലിഞ്ഞുചേരാതെ, അവർക്ക് നിൽക്കാൻ കഴിയുന്ന ഉറച്ച പാറയായിരിക്കണം; ക്രിസ്തുവാകുന്ന യഥാർത്ഥത്തിലുള്ള ഉറച്ച പാറയിലേക്ക് അവരെ ചൂണ്ടിക്കാണിക്കുകയും വേണം.
ഇവിടെ ഞാൻ പറയാൻ ശ്രമിക്കുന്നത്, നിങ്ങൾക്കോ എനിക്കോ വേദനിക്കുന്നവരോട് കരുണയില്ലാത്തവരായിരിക്കണം എന്നോ, വാക്കുകൾ തിരഞ്ഞെടുക്കുമ്പോൾ വിവേകം ഉപയോഗിക്കാൻ പാടില്ല എന്നോ അല്ല. എന്നാൽ, നാം നമ്മെത്തന്നെ ഉപദേശിക്കുകയാണെങ്കിലും മറ്റുള്ളവരെ ഉപദേശിക്കുകയാണെങ്കിലും, മനുഷ്യഹൃദയത്തെയും നമ്മൾ നേരിടാൻ പോകുന്ന തടസ്സങ്ങളെക്കുറിച്ചും അറിയാതെ ആ മേഖലയിലേക്ക് പ്രവേശിക്കരുത് എന്ന് മാത്രമാണ്.
