താഴെ ഉൾപ്പെടുത്തിയിരിക്കുന്ന പ്രാർഥന പ്യൂരിറ്റൻ പാസ്റ്റർമാർ എഴുതിയ പ്രാർഥനകളുടെ സമാഹാരമായ, ആർതർ ബെന്നറ്റ് പ്രസിദ്ധീകരിച്ച “Valley of Vision” എന്ന ഇംഗ്ലീഷ് പുസ്തകത്തിൽ നിന്നുള്ളതാണ്. Deeps അഥവാ “ആഴങ്ങൾ” എന്ന പേരുള്ള ഈ പ്രാർത്ഥന, ദൈവത്തെ ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിചെന്ന് അതിനെ പൂർണ്ണമായും ശുദ്ധീകരിക്കാൻ ക്ഷണിക്കുന്നു. പ്യൂരിറ്റൻ പ്രാർത്ഥനകളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് “ആഴങ്ങൾ”.
“കർത്താവായ യേശുവേ, എനിക്ക് ആഴമേറിയ മാനസാന്തരം നൽകണമേ, പാപത്തോടുള്ള ഭയം, അതിന്റെ സമീപനത്തെക്കുറിച്ചുള്ള ഭീതി എന്നിവ നൽകണമേ. അതിൽ നിന്ന് ഉടൻ തന്നെ ഓടിയകലാനും എന്റെ ഹൃദയം നിനക്ക് മാത്രം അവകാശപ്പെട്ടതായിരിക്കണമെന്ന് ദൃഢനിശ്ചയത്തിൽ ഉറച്ചുനിൽക്കുവാനും എന്നെ സഹായിക്കണമേ.
ആഴമേറിയ വിശ്വാസം എനിക്ക് നൽകണമേ. ഞാൻ എന്ന വ്യക്തി എന്നെന്നേക്കും നഷ്ടമായി പകരം എന്നെ അങ്ങിൽ കണ്ടെത്തുന്നതിനായി സഹായിക്കണമേ. എന്റെ വിശ്രമത്തിന്റെ അടിസ്ഥാനവും എന്റെ അസ്തിത്വത്തിന്റെ ഉറവിടവുമായവനേ. രക്ഷകനും ഗുരുവും നാഥനും രാജാവുമെന്ന നിലയിൽ നിന്നെക്കുറിച്ചുള്ള ആഴമേറിയ അറിവ് എനിക്ക് നൽകണമേ. സ്വകാര്യ പ്രാർത്ഥനയിൽ ആഴമേറിയ ശക്തിയും നിന്റെ വചനത്തിൽ കൂടുതൽ മാധുര്യവും അതിന്റെ സത്യത്തെ കൂടുതൽ മനസ്സിലാക്കാനുള്ള കൃപയും എനിക്ക് നൽകണമേ. സംസാരത്തിലും ചിന്തയിലും പ്രവൃത്തിയിലും ആഴമേറിയ വിശുദ്ധി എനിക്ക് നൽകണമേ, നിന്നെ കൂടാതെ ധാർമ്മിക ഗുണം വേറെവിടെയും തേടാൻ എന്നെ അനുവദിക്കരുതേ.
സ്വർഗ്ഗീയ കർഷകനായ മഹാനായ കർത്താവേ, എന്റെ ഹൃദയത്തെ ആഴത്തിൽ ഉഴേ ണമേ, എന്റെ അസ്തിത്വം ഉഴുതു തയ്യാറാക്കിയ ഒരു വയലായിരിക്കട്ടെ, നീ മാത്രം എന്നിൽ കാണപ്പെടുന്നതുവരെ കൃപയുടെ വേരുകൾ എന്നിൽ ദൂരവ്യാപകമായി പടരട്ടെ. നിന്റെ സൗന്ദര്യം വേനൽക്കാല വിളവ് പോലെ സ്വർണ്ണനിറമാവട്ടെ, നിന്റെ ഫലസമൃദ്ധി ശരത്കാല സമൃദ്ധി പോലെയാവട്ടെ. നീയല്ലാതെ എനിക്ക് മറ്റൊരു യജമാനനില്ല, നിന്റെ ഇഷ്ടമല്ലാതെ മറ്റൊരു നിയമമില്ല, നിന്നിലല്ലാതെ മറ്റൊരു സന്തോഷമില്ല, നീ നൽകുന്നതല്ലാതെ മറ്റൊരു സമ്പത്തില്ല, നീ അനുഗ്രഹിക്കുന്നതല്ലാതെ മറ്റൊരു നന്മയില്ല, നീ നൽകുന്നതല്ലാതെ മറ്റൊരു സമാധാനമില്ല. നീ എന്നെ സൃഷ്ടിക്കുന്നതല്ലാതെ ഞാൻ ഒന്നുമല്ല. നിന്നിൽ നിന്ന് സ്വീകരിക്കുന്നതല്ലാതെ എനിക്കൊന്നുമില്ല. നിന്റെ കൃപ എന്നെ കെട്ടിപ്പടുത്തില്ലെങ്കിൽ എനിക്ക് ഉയർന്നു നിൽക്കാൻ കഴിയില്ല. നാഥാ, എന്റെ കല്ലായ ഹൃദയത്തെ ആഴത്തിൽ ഖനനം ചെയ്യണമേ, എന്നിട്ട് ജീവന്റെ ജലത്താൽ എന്നെ നിറഞ്ഞു കവിയുമാറാക്കണമേ.”The Deeps, The Valley of Vision