യേശുവിന്റെ ദ്വിസ്വഭാവങ്ങളെ കുറിച്ച് വ്യക്തത കൊണ്ടുവരുവാനായിയാണ് 451 എ.ഡിയിൽ കാൽസിഡോണിയൻ നിർവചനം രൂപീകരിച്ചു. യേശു ഒരേ സമയം പൂർണ്ണ ദൈവവും പൂർണ്ണ മനുഷ്യനുമാണെന്നും, അവന്റെ രണ്ട് പ്രകൃതങ്ങൾ തമ്മിൽ കൂടിക്കലരുകയോ വേർപിരിയുകയോ ചെയ്യുന്നില്ലെന്നും ഈ നിർവചനം വ്യക്തമാക്കുന്നു. യേശുവിനെ രണ്ട് വ്യക്തികളായി വിഭജിക്കുകയോ അവന്റെ ദൈവികവും മാനുഷികവുമായ പ്രകൃതങ്ങളെ കൂട്ടിക്കലർത്തുകയോ ചെയ്യുന്ന തെറ്റായ ഉപദേശത്തെ തിരുത്താനാണ് ഈ നിർവചനം രൂപീകരിച്ചത്. കാൽസിഡോണിയൻ നിർവചനം ക്രിസ്ത്യൻ സഭകളുടെ പ്രധാന വിശ്വാസപ്രമാണങ്ങളിൽ ഒന്നാണ്.
“പരിശുദ്ധ പിതാക്കന്മാരെ പിൻതുടർന്നുകൊണ്ടു ഞങ്ങൾ എല്ലാവരും ഒരേ സ്വരത്തിൽ നിർവചിച്ച് ഏറ്റുപറയുന്നത്. ഏകപുത്രനും നമ്മുടെ കർത്താവുമാകുന്ന യേശുക്രിസ്‌തു ദൈവത്വത്തിൽ പൂർണ്ണനും മനുഷ്യത്വ ത്തിൽ പൂർണ്ണനും യഥാർത്ഥ ദൈവവും യഥാർത്ഥ മനുഷ്യനും, സയുക്തിക ആത്മാവും ജഡവും ഉള്ളവനും ദൈവത്വപ്രകാരം പിതാവിൻ്റെ അതേ സാരാംശവും, മനുഷ്യത്വപ്രകാരം നമ്മുടെ അതേ സാരാംശമുള്ളവനും (ആകുന്നു).
പാപമൊഴികെ നമ്മെപ്പോലെ എല്ലാ പ്രകാരേണയും ഉള്ളവനും എല്ലാ കാലങ്ങൾക്കും മുമ്പേ പിതാവിൽ നിന്നു ദൈവികപ്രകാരം ജനിച്ചവനും, ഈ മനുഷ്യപ്രകാരം നമുക്കും നമ്മുടെ രക്ഷയ്ക്കും വേണ്ടി ദൈവപ്രസവിത്രിയായ കന്യകമറിയാമിൽ നിന്നു ജനിച്ചവനും ഒരേ ക്രിസ്തുവും പുത്രനും, കർത്താവും
ഏകജാതനും, സങ്കലനരഹിതമായും വ്യതിയാനം കൂടാതെയും ഭാഗിക്കപ്പെടാതെയും വിഭിന്നമാകാതെയും രണ്ടു സ്വഭാവങ്ങളിൽ (സ്ഥിതി ചെയ്യുന്നവനുമാകുന്നു). യോജിപ്പിനാൽ സ്വഭാവങ്ങളുടെ വ്യത്യാസം ഒരുവിധത്തിലും മാറ്റപ്പെടുന്നില്ല. അതേസമയത്ത് ഓരോ സ്വഭാവത്തിൻ്റെ പ്രത്യേകതകൾ സൂക്ഷിക്കപ്പെടുകയും ഒരു ആളത്തത്തിൽ ഒരുമിച്ചുചേരുകയും ചെയ്യുന്നു.
അതായത്, രണ്ട് ആളത്തമായി വിഭജിക്കപ്പെടുകയോ വേർതിരിക്കുകയോ ചെയ്യുന്നില്ല. അങ്ങനെ ഒരേ ഒരു ഏകജാതനായ പുത്രനും, ദിവ്യവചനവും, കർത്താവുമാകുന്ന യേശു ക്രിസ്തു ആകുന്നു. ആരംഭം മുതൽ പ്രവാചകന്മാർ തന്നെക്കുറിച്ചു പ്രസ്താവിക്കുകയും കർത്താവേശുക്രിസ്‌തു പഠിപ്പിക്കുകയും പരിശുദ്ധ പിതാക്കന്മാരുടെ വിശ്വാസപ്രമാണം പ്രക്ഷേപണം ചെയ്യുകയും ചെയ്‌തതുപോലെ തന്നെ”