EU/YFC/YWAM തുടങ്ങിയ കൂട്ടായ്മകൾ ഉള്ളപ്പോൾ പ്രാദേശിക സഭയിൽ പോകേണ്ട കാര്യമുണ്ടോ?

സഭ എന്നത് മനുഷ്യനിർമ്മിതമായ ഒരു പ്രസ്ഥാനമല്ല, മറിച്ച് ക്രിസ്തു തന്നെ സ്ഥാപിച്ച ഒന്നാണ്. ഇക്കാലത്ത് അനേകം വിശ്വാസികൾ തങ്ങളുടെ ആത്മീയ വളർച്ചയ്ക്കായി ആശ്രയിക്കുന്നത് EU/EGF, YWAM, YFC എന്നടങ്ങുന്ന അനവധി  കൂട്ടായ്മകളെയാണ്, സഭയെ അല്ല. ഈ കൂട്ടായ്മകൾ ഒരുപാട് വിശ്വാസികൾക്ക് ഉപകാരപ്പെട്ടിട്ടുണ്ടെങ്കിലും ഇവയൊന്നും പ്രാദേശിക സഭയ്ക്ക് പകരമാകില്ല. ഒരു വിശ്വാസിയുടെ ആത്മീയ വളർച്ച പ്രാഥമികമായി നടക്കേണ്ടത് പ്രാദേശിക സഭയുടെ പശ്ചാത്തലത്തിലാണ്.

വിശ്വാസിയുടെ ആത്മീക വളർച്ചയിൽ സഭയ്ക്കുള്ള പ്രാധാന്യം

തൻ്റെ ജനത്തിന്റെ വീണ്ടെടുപ്പിനുള്ള ദൈവത്തിൻ്റെ പദ്ധതി സഭയെ കേന്ദ്രീകരിച്ചുകൊണ്ടുള്ളതാണ്. സഭയെ സ്ഥാപിച്ചത് ക്രിസ്തു തന്നെയാണ്. മത്തായി 16:18 ൽ ക്രിസ്തു പറയുന്നു “ഈ പാറമേൽ ഞാൻ എൻ്റെ സഭയെ പണിയും, പാതാളഗോപുരങ്ങൾ അതിനെ ജയിക്കില്ല എന്നു ഞാൻ നിങ്ങളോട് പറയുന്നു”. ഇവിടെ ക്രിസ്തു സഭയെ സ്ഥാപിക്കുക മാത്രമല്ല, ഒരിക്കലും അതിനെ ഒരു ശക്തിക്കും അതിജീവിക്കാൻ കഴിയില്ലെന്നും ചൂണ്ടിക്കാണിക്കുന്നു. അപ്പോസ്തല പ്രവർത്തനങ്ങളിൽ സുവിശേഷത്തിൻ്റെ മുന്നേറ്റത്തിനായും മഹത്തായ  നിയോഗത്തിന്റെ (ദി ഗ്രേറ്റ് കമ്മീഷൻ) പൂർത്തീകരണത്തിനായും  (മത്തായി 28:16-20), അപ്പോസ്തലന്മാർ ചെയ്തത് പ്രാദേശിക സഭകളെ സ്ഥാപിക്കുക എന്നതാണ്. അപ്പോ. 14:23 ൽ പൗലോസും ബർണ്ണബാസും തങ്ങൾ  സ്ഥാപിച്ച ഈ സഭകളിൽ മൂപ്പന്മാരെ നിയമിച്ചു. പുതിയ നിയമത്തിൽ എക്ളേസിയ (εκκλησια) എന്ന ഗ്രീക്ക് പദത്തിൻ്റെ ഏറിയ ഉപയോഗവും ആഗോള സഭ എന്ന അർത്ഥത്തിലല്ല മറിച്ച് പ്രാദേശിക സഭ എന്ന അർത്ഥത്തിലാണ്. ഉദാഹരണത്തിന് വെളിപ്പാട് 2-3 ൽ ക്രിസ്തു പ്രാദേശിക സഭകളെ പേര് വിളിച്ച് അഭിസംബോധന ചെയ്യുന്നു. അതുപോലെ, പൗലോസിൻ്റെ ലേഖനങ്ങളും ഓരോ പ്രാദേശിക സഭകളെ അധിസംബോധന ചെയ്തുകൊണ്ടുള്ളവയാണ്. എക്ളേസിയ അഥവാ സഭ എന്നുള്ളത് വിശ്വാസികൾ ഒന്നായി ചേർന്ന് വരുന്ന ഒരു സഭാ യോഗം മാത്രമല്ല, അത് ക്രിസ്തുവിന്റെ ശരീരമാണ്, ക്രിസ്തുവിന്റെ  ശിരസ്സും (എഫേസ്യർ 1:22-23).

സഭയിലെ ഘടനകളുടെ പ്രധാന്യം

ക്രിസ്തു സഭ സ്ഥാപിച്ചപ്പോൾ അതിൻ്റെ ഘടനകളും സ്ഥാപിച്ചു. അത് നിയന്ത്രിക്കാൻ പാസ്റ്റർമാരെയും ഡീക്കൻമാരെയും നിയമിച്ചു. 1 തിമോത്തി 3:1-13, തീത്തോസ് 1:5-9 എന്നിവയിൽ, ഈ സ്ഥാനം സ്വീകരിക്കുന്നവർക്ക് വേണ്ട ആവശ്യമായ യോഗ്യതകൾ പൗലോസ് വിവരിക്കുന്നു. സഭയുടെ മേൽനോട്ടത്തിനും അവരുടെ ആത്മീയ പരിപാലനത്തിനും പാസ്റ്റർമാർ ഉത്തരവാദികളാണ്. ഡീക്കൻമാർ സഭയുടെ പ്രായോഗിക ആവശ്യങ്ങൾ നിറവേറ്റുന്നു. പ്രാദേശിക സഭയുടെ ആരോഗ്യത്തിനും നേരായ പ്രവർത്തനത്തിനും ഈ നേതൃത്വഘടന അത്യന്താപേക്ഷിതമാണ്. അതിനാൽ പ്രാർത്ഥനാ യോഗങ്ങൾക്കും കൂട്ടായ്മകൾക്കും ഇത് നൽകാനായി സാധിക്കില്ല.

ദൈവം കൂദാശകൾ കൊടുക്കാനുള്ള അധികാരം നൽകിയിരിക്കുന്നത് സഭയ്ക്കാണ്. കൂദാശകൾ ദൈവം നൽകിയ ആന്തരികമായ കൃപയുടെ ബാഹ്യമായ അടയാളങ്ങളാണ്. മത്തായി 28:19 ൽ യേശു അപ്പോസ്തലന്മാർക്ക് ശിഷ്യന്മാരെ സ്നാനപ്പെടുത്താനുള്ള ചുമതല ഏൽപ്പിക്കുന്നതായി കാണാം. 1 കൊരിന്ത്യർ 11:23-26 ൽ പൗലോസ് കൊറിന്ത്യൻ സഭയ്ക്ക് കർതൃമേശയുടെ പ്രാധാന്യവും വിവരിക്കുന്നതായും അത് ശരിയായ രീതിയിൽ ചെയ്യാനുള്ള നിർദ്ദേശങ്ങൾ കൊടുക്കുന്നതായും കാണാം.

സഭാജീവിതത്തിൻ്റെ മറ്റൊരു നിർണ്ണായക ഘടകമാണ് സഭാശിക്ഷണം. സഭയിലെ അംഗങ്ങൾക്കു നേരെയുള്ള അച്ചടക്ക നടപടികൾ നടപ്പിലാക്കുന്ന വിധത്തെയാണ് സഭാശിക്ഷണം എന്ന് വിളിക്കുന്നത്. മത്തായി 18:15-17 ൽ ക്രിസ്തു പാപത്തിൽ ഏർപ്പെട്ടിരിക്കുന്ന സഹോദരനെ എങ്ങനെ അനുശാസിക്കാമെന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. 1 കൊരിന്ത്യർ 5:1-13 ൽ വീണ്ടും പൗലോസ് സഭയിലെ മാനസാന്തരമില്ലാതെ പാപത്തിൽ തുടരുന്ന സഭാംഗങ്ങളെ  എപ്രകാരം കൈകാര്യം ചെയ്യണമെന്നതിൻ്റെ നിർദ്ദേശങ്ങൾ നൽകുന്നു. ഇപ്രകാരം സഭാശിക്ഷണം നടപ്പിലാക്കാനുള്ള അധികാരം ദൈവം സഭയ്ക്ക് മാത്രമാണ് നൽകിയിട്ടുള്ളത് (മത്തായി 18:18).

പ്രാദേശിക സഭയെ പലരും ദുരുപയോഗം ചെയ്യുന്നത് അതിനെ അയോഗ്യമാക്കുന്നില്ല

ഒരുപാട് പ്രാദേശിക സഭകളും സഭാംഗങ്ങൾക്ക് ബൈബിൾ പഠിപ്പിക്കുന്നില്ല. ഒരുപാടെന്നല്ല, കേരളത്തിലെ ഒട്ടുമിക്ക സഭകളും ചിലപ്പോൾ ഈ വിഭാഗത്തിൽ പെടുന്നതായിരിക്കാം. ഒട്ടുമിക്ക സഭകളും ബൈബിൾ ഒരു സഭക്ക് വേണ്ടതായി നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. എങ്കിലും മോശമായ ഉദാഹരണങ്ങൾ നിമിത്തം സഭ എന്നുള്ള ആശയം വേണ്ടെന്നു വെക്കുന്നത് യുക്തിക്കാനുസൃതമല്ല. പുതിയ നിയമത്തിലെ  കൊരിന്ത്യൻ സഭയുടെ ഉദാഹരണം തന്നെ എടുക്കുക. ഒട്ടേറെ പ്രശ്നങ്ങൾ ഉള്ള ഒരു സഭയായിരുന്നിട്ടും പൗലോസ് അതിനെ കൈയൊഴിയുന്നില്ല, മറിച്ച് അവരെ തിരിച്ച് വിശ്വാസത്തിലേക്ക് മടക്കി വിളിക്കുകയാണ് ചെയ്യുന്നത്.
പ്രാദേശിക സഭകൾ ബൈബിൾ പഠിപ്പിക്കുന്നതിലും, ശിഷ്യത്വ ഉത്തരവാദിത്യങ്ങളിലും വീഴ്ച വരുത്തുമ്പോൾ പലപ്പോഴും EU, YFC പോലുള്ള കൂട്ടായ്മകൾ വിശ്വാസികൾക്ക് ആ കുറവുകൾ ഏറെക്കുറെ പരിഹരിച്ചുകൊണ്ട് ഒരു അനുഗ്രഹമായി തീരാറുണ്ട്. എങ്കിലും ഇവ പ്രാദേശിക സഭയ്ക്ക്  പകാരമാകുന്നില്ല. വിശ്വാസികൾ പാസ്റ്റർമാരുടെയും മൂപ്പന്മാരുടെയും അധികാരത്തിൻ കീഴിൽ പതിവായി ഒത്തു കൂടാനും കൂദാശകൾ സ്വീകരിക്കാനും വിശുദ്ധിയിൽ വളരാനുമാണ് ദൈവത്തിന്റെ സഭാരൂപകൽപ്പന. ഇപ്രകാരം സഭയോട് ചേർന്നുള്ള ഒരു ക്രിസ്തീയ ജീവിതം വിശ്വാസികൾക്ക് മാനദണ്ഡമാണ്.

പുതിയ ലേഖനങ്ങൾ