“അപ്പോൾ ഒരു കുഷ്ഠരോഗി വന്നു അവനെ നമസ്കരിച്ചു കർത്താവേ, നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും എന്നു പറഞ്ഞു.
അവൻ കൈ നീട്ടി അവനെ തൊട്ടു: “എനിക്കു മനസ്സുണ്ടു; നീ ശുദ്ധമാക” എന്നു പറഞ്ഞു; ഉടനെ കുഷ്ഠം മാറി അവൻ ശുദ്ധമായി.
യേശു അവനോടു: “നോക്കൂ, ആരോടും പറയരുതു; അവർക്കു സാക്ഷ്യത്തിന്നായി നീ ചെന്നു നിന്നെത്തന്നേ പുരോഹിതന്നു കാണിച്ചു, മോശെ കല്പിച്ച വഴിപാടു കഴിക്ക” എന്നു പറഞ്ഞു.”
മത്തായി 8:2-4
കുഷ്ഠരോഗത്തിന് വേദപുസ്തകത്തിൽ വളരെയധികം പ്രതിരൂതാത്മകമായ (ടൈപ്പോളജിക്കൽ, typological) പ്രാധാന്യമുണ്ട്. കുഷ്ഠരോഗികളെ പുരോഹിതരുടെ അടുക്കൽ കൊണ്ടുവന്ന്, അവർ അവരെ പരിശോധിച്ചു സ്ഥിരീകരിച്ചാൽ അവരെ അശുദ്ധരായി പ്രഖ്യാപിക്കും. സ്ഥിരീകരിക്കപ്പെട്ട കുഷ്ഠരോഗികളെ സുഖം പ്രാപിക്കുകയോ മരിക്കുകയോ ചെയ്യുന്നതുവരെ ഇസ്രായേൽ ജനതയുടെ കൂട്ടത്തിൽ നിന്നും പുറത്ത് താമസിപ്പിക്കും. പുരോഹിതന്മാർ കുഷ്ഠരോഗികളെ അശുദ്ധരായി പ്രഖ്യാപിക്കുന്നതുപോലെ, അവർ സുഖം പ്രാപിച്ചതിനുശേഷം അവരെ ശുദ്ധരായി പ്രഖ്യാപിച്ചിരുന്നു. ഇത് ഇസ്രായേലിൽ പുരോഹിതന്മാർ നിർവഹിച്ച അനേകം ഉത്തരവാദിത്വങ്ങളുടെ ഭാഗമാണ്.
എന്നിട്ടും ക്രിസ്തുവിനു ചെയ്യാൻ കഴിയുന്നത് ചെയ്യാൻ ഒരു പുരോഹിതനും കഴിഞ്ഞില്ല. കുഷ്ഠരോഗിയെ സ്പർശിക്കാനും “ശുദ്ധനായിരിക്കുക” എന്ന് പറയാനും ക്രിസ്തുവിന് കഴിഞ്ഞു. താൻ ഒരു സാധാരണ പുരോഹിതനോ അഹറോണിന്റെ ക്രമത്തിലെ ഒരു മഹാപുരോഹിതനോ അല്ലെന്ന് ക്രിസ്തു വ്യക്തമാക്കി. എബ്രായ ലേഖനത്തിന്റെ രചയിതാവ് നമ്മോടു പറയുന്നതുപോലെ മെൽക്കീസേദെക്കിന്റെ ക്രമത്തിലെ ഒരു പുതിയ മഹാപുരോഹിതനാണ് അവൻ (എബ്രായർ 7:17). സ്റ്റീഫൻചെർണോക്ക് പറയുന്നു, ക്രിസ്തുവിന്റെ പൗരോഹിത്യത്തിന് പ്രധാനമായും രണ്ട് ചുമതലകളുണ്ട് – വഴിപാട്, മധ്യസ്ഥത. ഒരു പാപിക്ക്വേണ്ടുന്ന ക്രിസ്തുവിന്റെ മധ്യസ്ഥത അതേ പാപിക്ക് വേണ്ടിയുള്ള അവന്റെ വഴിപാടിൽ അധിഷ്ഠിതമാണ്.
അതുകൊണ്ടു ജനത്തിന്റെ പാപങ്ങൾക്കു പ്രായശ്ചിത്തം വരുത്തുവാൻ അവൻ കരുണയുള്ളവനും ദൈവകാര്യത്തിൽ വിശ്വസ്തമഹാപുരോഹിതനും ആകേണ്ടതിന്നു സകലത്തിലും തന്റെ സഹോദരന്മാരോടു സദൃശനായിത്തീരുവാൻ ആവശ്യമായിരുന്നു.
എബ്രായർ 2:17
ക്രിസ്തു കരുണയുള്ളവനും വിശ്വസ്തനുമായ ഒരു മഹാപുരോഹിതനാണെന്ന് എബ്രായർലേഖനം നമ്മെ അറിയിക്കുന്നു. വഴിപാടു നൽകുമ്പോഴും മധ്യസ്ഥത നിർവ്വഹിക്കുമ്പോഴും അവന്റെ ഹൃദയത്തിൽ പാപിയോടുള്ളത് കരുണയും വിശ്വസ്തതയുമാണ്. പിതാവു തന്നിട്ടുള്ള ആരെയും നഷ്ടപ്പെടുത്താതിരിക്കുകയും, പുനരുത്ഥാനത്തിൽ അവരെ മഹത്വത്തിലേക്ക് ഉയർത്തെഴുന്നേല്പിക്കുകയും ചെയ്യുക എന്നത് ക്രിസ്തു തന്റെ ഏറ്റുവും പ്രധാനമായ ദൗത്യമായി കാണുന്നു (യോഹന്നാന് 6:39). പിതാവിനോടുള്ള തന്റെമധ്യസ്ഥതയിലൂടെ അവൻ പാപിയെ വീഴ്ചയിൽ നിന്നും സംരക്ഷിക്കുന്നു (യൂദാ 24-25).
അഹരോണിന്റെ ക്രമത്തില്ലേ പുരോഹിതന്മാർ അർപ്പിച്ച പഴയനിയമ വഴിപാടുകൾക്ക് ദൈവകോപത്തെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞില്ല (എബ്രായര് 10:4). ക്രിസ്തുവിന്റെ യാഗം ആ പുരോഹിതന്മാരുടെ യാഗത്തിൽ നിന്നും വ്യത്യസ്തമാണ്, അവൻ യാഗമായി നൽകുന്നത് തന്നെതന്നെയാണ്. ക്രിസ്തുവിന്റെ ജീവൻ മനുഷ്യരുടെ പാപങ്ങൾക്കുള്ള പ്രായശ്ചിത്തമാണ് (1 യോഹന്നാന് 2:2, റോമര് 3:25), ഈ യാഗമാകട്ടെ തികച്ചും പരിപൂർണ്ണവും തികഞ്ഞതുമായ യാഗമാണ്.
പാപിയോടുള്ള ക്രിസ്തുവിന്റെ സഹാനുഭൂതി ഭൂമിയിലെ പ്രലോഭനങ്ങളോടുള്ള അവന്റെ പോരാട്ടങ്ങളിലൂടെ പൂർണത കൈവരിച്ചു. പാപത്തിനു കീഴടങ്ങാതിരുന്ന ഒരാളെന്ന നിലയിൽ, പാപികളെക്കാളും പ്രലോഭനത്തിന്റെ സമ്പൂർണവും ഗാഢവുമായ ശക്തി അവൻ അനുഭവിച്ചറിഞ്ഞു. ക്രിസ്തു തന്റെ പ്രലോഭനങ്ങൾക്ക് മറുപടിയായിഉച്ചത്തിൽ കരഞ്ഞും കണ്ണീരൊഴുക്കിയും പ്രാർത്ഥിച്ചു (എബ്രായർ 5:7). ഇത് പാപിയുടെ അവസ്ഥയോട് മാത്രമല്ല, അവന്റെ ബലഹീനതയോടും സഹതാപം കാണിക്കാൻ അവനെ പ്രാപ്തനാക്കി. ക്രിസ്തുവിന്റെ സജീവമായ അനുസരണത്തിലൂടെയും (Active Obedience) അതേപോലെ നിഷ്ക്രിയമായ അനുസരണത്തിലൂടെയും (Passive Obedience) അവൻ ദൈവത്തിനു പ്രസാദകരമായ ഒരു യാഗവും സൗരഭ്യമാർന്ന അർപ്പണവും ആയിത്തീർന്നു (എഫെസ്യർ 5:1-2). നമുക്കുവേണ്ടിയുള്ള ക്രിസ്തുവിന്റെ ശിപാർശ അവന്റെ യാഗത്തിന്റെ മൂല്യത്തിൽ അധിഷ്ഠിതമാണ്. ആ യാഗത്തിനാകട്ടെ, അനന്തമായ മൂല്യമാണ്.അതുപോലെ, ക്രിസ്തുവിന്റെ ശിപാർശ അവന്റെ കാരുണ്യത്തിലും വിശ്വസ്തതയിലും അധിഷ്ഠിതമാണ്. ക്രിസ്തുവിൽ ഹൃദയത്തിലാകട്ടെ അനന്തമായ കരുണയും വിശ്വസ്തതയും ആണ്.
നമ്മുടെ പാപമെന്ന കുഷ്ഠരോഗവുമായി നമ്മുടെ മഹാപുരോഹിതനായ ക്രിസ്തുവിലേക്ക് നാം അടുക്കുമ്പോൾ, അവൻ നമ്മെ സ്പർശിക്കുകയും “നീ ശുദ്ധമാക” എന്ന് പറയുകയും ചെയ്യുന്നു.