ദൈവത്തെ മനസ്സിലാക്കുവാനുള്ള നമ്മുടെ പരിശ്രമം അവിടുത്തെ സ്വഭാവവ്യാപ്തി നിരന്തരം വെളിപ്പെടുത്തുന്നു. നമ്മൾ കൂടുതല് അറിയുന്തോറും, ഈ വിഷയം കൂടുതല് വലുതായിക്കൊണ്ടേയിരിക്കും. ഈ തിരിച്ചറിവ് നിരുത്സാഹപ്പെടുത്താനല്ല പ്രത്യുത, ദൈവത്തിന്റെ ഗുണവിശേഷങ്ങളുടെ വിശാലതയ്ക്ക് ഊന്നൽ നൽകുന്നതിനാണ്. അവിടുത്തെ സ്വഭാവത്തിലേയ്ക്ക് ആഴ്ന്നിറങ്ങുന്നത് നമ്മുടെ ജ്ഞാനത്തിന്റെയും അവിടുന്ന് ആരാണെന്നതിന്റെ അത്യഗാധതയുടെയും അന്തരം വെളിവാക്കുന്നു.
ചില ദൈവശാസ്ത്ര വിഷയങ്ങൾ, പൂർണ്ണമായ വിശദീകരണങ്ങൾ നൽകുന്നതിന് പകരം, ദൈവത്തിന്റെ ദുർഗ്രഹസ്വഭാവത്തെ വിവരിക്കുന്നു.നമ്മുടെ ധാരണയെ മറികടക്കുന്ന സ്വത്വവും പ്രവർത്തനങ്ങളുമുള്ള ഒരു ദൈവത്തെ സേവിക്കുന്നതിന്റെ സൗന്ദര്യത്തിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.ഇതിൻറ്റെ അനിവാര്യമായ ഒരു ഫലം, നമ്മുടെ മാനസികവും ശാരീരികവുമായ കഴിവുകളുടെ പരിമിതികളെ നാം തിരിച്ചറിയുന്നു എന്നതാണ്, ഇത് നമ്മുടെ നന്മയ്ക്കാണ്. ദൈവം നിത്യതയിൽ തന്നെ ഗ്രഹിക്കുവാൻതക്കവണ്ണം നമ്മുടെ ശേഷികളെ വികസിപ്പിക്കുമെന്ന് ജോനാഥൻ എഡ്വേർഡ്സ് സൂചിപ്പിക്കുന്നു. നിത്യതയിൽ വിശ്വാസികൾ ദിവ്യസ്വഭാവത്തിന് കൂട്ടാളികളാകുന്നതിനെക്കുറിച്ച് പത്രോസ് പ്രസ്താവിക്കുന്നുണ്ട് (2 പത്രോസ് 1:4).
എങ്കിലും, ഈ ഉന്നതാഭിലാഷങ്ങൾ സങ്കീർത്തനകാരന്റെ (സങ്കീർത്തനം 24:3-5) ചോദ്യത്തോട് വിയോജിക്കുന്നതായി തോന്നിയേക്കാം:
“3 യഹോവയുടെ പർവ്വതത്തിൽ ആർ കയറും?
അവന്റെ വിശുദ്ധസ്ഥലത്തു ആർ നില്ക്കും?
4 വെടിപ്പുള്ള കയ്യും നിർമ്മലഹൃദയവും ഉള്ളവൻ.
വ്യാജത്തിന്നു മനസ്സുവെക്കാതെയും കള്ളസ്സത്യം ചെയ്യാതെയും ഇരിക്കുന്നവൻ.”
സങ്കീർത്തനകാരൻ, കാറ്റക്കിസങ്ങളിലേതു പോലെ, ചോദ്യമുന്നയിക്കുക മാത്രമല്ല, മറിച്ച് 3-5 വാക്യങ്ങളിൽ ഉത്തരവും നൽകുന്നു. വാഗ്ദാനം ചെയ്യപ്പെട്ട ഉന്നതി പ്രതീക്ഷിക്കാൻ, സങ്കീർത്തനക്കാരൻ നിർണ്ണയിച്ചിട്ടുള്ള വ്യവസ്ഥകൾ നിറവേറ്റേണ്ടതുണ്ട്: “വെടിപ്പുള്ള കയ്യും നിർമ്മലഹൃദയവും ഉള്ളവൻ. വ്യാജത്തിന്നു മനസ്സുവെക്കാതെയും കള്ളസ്സത്യം ചെയ്യാതെയും ഇരിക്കുന്നവൻ”. എന്നാൽ, പാപത്തിൽ ജനിച്ച പാപികൾക്ക് ഇത് ഒരു പ്രതിസന്ധി സൃഷ്ടിക്കുന്നു, കാരണം റോമർ 3:23 ആരും പാപരഹിതർ അല്ലെന്നു പറയുന്നു.
വിശുദ്ധ പർവ്വതത്തിന്റെ താഴ്വരയിൽ നിസ്സഹായനായി നിൽക്കുന്ന പാപിക്ക് സാന്ത്വനമേകുന്ന പരിഹാരമാണ് മനുഷ്യാവതാരം. 1 തിമൊഥെയൊസ് 3:16, ഒരു ആദ്യകാല വിശ്വാസപ്രമാണത്തിന്റെയോ ഗീതത്തിന്റെയോ ഭാഗമാണെന്ന് പലപ്പോഴും അനുമാനിക്കപ്പെടുന്നു. ഇതിൽ അപ്പോസ്തലനായ പൗലോസ് ഈ മഹത്തായ മർമ്മം വിവരിക്കുന്നു:
“അവൻ ജഡത്തിൽ വെളിപ്പെട്ടു;
ആത്മാവിൽ നീതീകരിക്കപ്പെട്ടു;
ദൂതന്മാർക്കു പ്രത്യക്ഷനായി;
ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു;
ലോകത്തിൽ വിശ്വസിക്കപ്പെട്ടു; “
1 തിമൊഥെയൊസ് 3:16
അതിന്റെ ഉത്ഭവം എന്തായിരുന്നാലും, പൗലോസ് തന്നെ ഈ സത്യം ഏറ്റുപറയുന്നുവെന്ന് നമുക്ക് ഉറപ്പുണ്ട്. രക്ഷയ്ക്കുള്ള തന്റെ പദ്ധതിയുടെ മർമ്മം ഏറ്റവും അത്ഭുതകരമായ രീതിയിൽ—മനുഷ്യശരീരം ധരിച്ചു വന്നതിലൂടെ—ദൈവം വെളിപ്പെടുത്തുന്നു. ഈ വെളിപാടിലൂടെ, ദൈവം വിശുദ്ധ പർവ്വതത്തിൽ കയറാൻ ആഗ്രഹിക്കുന്ന പാപികൾക്ക് ആശ്വാസവും പ്രത്യാശയും നൽകുന്നു.
ദ്വിസ്വഭാവ ഐക്യം
അവതാരത്തിന്റെ ഇംഗ്ലീഷ് പദം ഇൻകാർനാഷൻ എന്നാണ് . “ഇൻകാർനാഷൻ” എന്ന പദം ലാറ്റിൻ വാക്കുകളായ “ഇൻ” (അർത്ഥം: In) “കാർനസ്” (അർത്ഥം : മാംസം) എന്നിവയിൽ നിന്നാണ് ഉരുത്തിരിഞ്ഞത്. ‘അവതാരം’ യേശു മനുഷ്യരൂപം പൂണ്ടതിനെ സൂചിപ്പിക്കുമ്പോൾ, ‘ദ്വിസ്വഭാവ ഐക്യം’ എന്ന ആശയം യേശുവിന്റെ രണ്ട് സ്വഭാവങ്ങളുടെ ഐക്യത്തെക്കുറിച്ച് വിശദീകരിക്കുന്നു. അവതാരത്തിന്റെ ആശയം ക്രിസ്തുവിൽ നിന്നും ഒരു നീക്കം ചെയ്യലിനെ സൂചിപ്പിക്കുന്നില്ല, മറിച്ച് ഒരു കൂട്ടിച്ചേരലിനെ ആണ് സൂചിപ്പിക്കുന്നത് എന്ന് മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. ഫിലിപ്പിയർ 2:8 പറയുന്നതുപോലെ ക്രിസ്തു മനുഷ്യരൂപം പൂണ്ടു, ഈ ശരീരം മനുഷ്യശരീരത്തിന്റെ സാദൃശ്യത്തിലാണ്: “….മനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി….”
“ദൈവത്വം സംബന്ധിച്ച് പിതാവിന്റെ ഏക സത്തതന്നെയും, അതേസമയം മനുഷ്യത്വം സംബന്ധിച്ചും ഏക സത്ത തന്നെയാണ് ” യേശു എന്ന് കാൽസിഡോണിയൻ നിർവചനം കൂടുതൽ വ്യക്തമാക്കുന്നു. മനുഷ്യനും ദൈവത്തിനും ഇടയിലുള്ള അനുയോജ്യനായ മദ്ധ്യസ്ഥനായി യേശുവിനെ സ്ഥാപിക്കുന്നതിനാൽ ഈ ദ്വൈത സ്വഭാവം അത്യന്താപേക്ഷിതമാണ് (1 തിമൊഥെയൊസ് 2:5). ദൈവത്തിന്റെ വിശുദ്ധ പർവ്വതത്തിലേക്ക് ആരോഹണം ചെയ്യുന്നതിനെക്കുറിച്ചുള്ള നമ്മുടെ ചർച്ചയിലേക്ക് മടങ്ങുമ്പോൾ, ആദ്യത്തെ പ്രതിസന്ധി സങ്കീർത്തനകാരൻ നിശ്ചയിച്ച മാനദണ്ഡങ്ങൾ ആരും പാലിച്ചിട്ടില്ല എന്നതായിരുന്നു.
ക്രിസ്തു, അവന്റെ അവതാരത്തിലൂടെ, സങ്കീർത്തനകാരൻ നിർവചിച്ച മാനദണ്ഡങ്ങൾ പാലിച്ച ഏക മനുഷ്യനായി മാറി. അവൻ പാപരഹിതമായ ഒരു ജീവിതം നയിച്ചു, ന്യായപ്രമാണം പൂർണമായും അനുസരിച്ചു (2 കൊരിന്ത്യർ 5:21, എബ്രായർ 4:15, 1 പത്രോസ് 2:22). മനുഷ്യന് കൈവരിക്കാൻ കഴിയാത്തത് ദൈവം ജഡധാരിയായി നേടിയെടുത്തു. ക്രിസ്തുവിന്റെ കുരിശിലെ നേട്ടം മഹത്തായ കൈമാറ്റത്തിലൂടെ (The Great Exchange) നമ്മുടേതായി. നമ്മുടെ എല്ലാ പാപങ്ങളും ക്രിസ്തുവിന്മേൽ കണക്കിട്ടു, ക്രിസ്തുവിന്റെ നീതി നമ്മുടെ മേൽ കണക്കിട്ടു. ഇതിനർത്ഥം ക്രിസ്തുവിന്റെ ശുദ്ധിയുള്ള കൈകൾ നമ്മുടെ ശുദ്ധിയുള്ള കൈകളായി മാറുന്നു, അവന്റെ നിർമ്മലമായ ഹൃദയം നമ്മുടെ നിർമ്മലമായ ഹൃദയമായി മാറുന്നു, അവന്റെ നീതിയുടെ ഓരോ കർമവും നമ്മുടേതായി മാറുന്നു. ക്രിസ്തുവിന്റെ അവതാരം നമുക്കായി ഇതെല്ലാം നിറവേറ്റുന്നു.
അവതാരമില്ലെങ്കിൽ രക്ഷയുമില്ല. മനുഷ്യാവതാരമില്ലാതെ ആരും വിശുദ്ധ പർവ്വതത്തിൽ കയറുകയില്ല. എന്നാൽ മനുഷ്യാവതാരം ക്രിസ്തു നേടിയതിലൂടെ, വിശ്വാസിക്കെതിരെ ഒരു കുറ്റവും ചുമത്താനാവില്ല (റോമർ 8:33)