വ്യക്തിപരമായ സ്വാതന്ത്ര്യത്തെയും സ്വയംപര്യാപ്തതയെയും ആഘോഷിക്കുന്ന ഈ കാലഘട്ടത്തിൽ, യേശുവിനെ ഒറ്റയ്ക്ക് പിന്തുടരാം എന്ന ആശയം കൂടുതൽ ജനപ്രിയമായി വരുന്നു. പലരും ക്രൈസ്തവരായി തങ്ങളെ പ്രഖ്യാപിക്കുമ്പോഴും, ഒരു പ്രാദേശിക സഭയിൽ അംഗത്വം സ്വീകരിക്കാതെ തന്നെ ആത്മീയജീവിതം ശക്തമായി നിലനിർത്താമെന്ന് വിശ്വസിക്കുന്നു. അവർ ഓൺലൈനിൽ പ്രസംഗങ്ങൾ കേൾക്കുന്നു, ബൈബിൾ പഠനങ്ങളിൽ പങ്കെടുക്കുന്നു, ചിലപ്പോൾ ക്രൈസ്തവ സമ്മേളനങ്ങളിലും പങ്കെടുക്കുന്നു. എന്നാൽ, തിരുവെഴുത്ത് അവതരിപ്പിക്കുന്ന ശിഷ്യത്വത്തിന്റെ മാതൃക ഇതാണോ?
ശിഷ്യത്വം ഒരാൾ ഒറ്റയ്ക്ക് ചെയ്യേണ്ട ഒരു കാര്യമായി തിരുവെഴുത്ത് പഠിപ്പിക്കുന്നില്ല. ആദ്യം മുതൽ തന്നെ യേശു തന്റെ അനുയായികളെ ഒരു സമൂഹത്തിലേക്കാണ് വിളിച്ചത്. അദ്ദേഹം വിളിച്ചുകൂട്ടിയത് പന്ത്രണ്ടു ശിഷ്യരെ ആയിരുന്നു, പന്ത്രണ്ട് ഒറ്റപ്പെട്ട വ്യക്തികളെയല്ല. പ്രവൃത്തികളുടെ പുസ്തകത്തിലെ പ്രാഥമിക സഭ “…അപ്പൊസ്തലന്മാരുടെ ഉപദേശത്തിലും കൂട്ടായ്മയിലും കർത്തൃമേശാചരണത്തിലും പ്രാർഥനയിലും അർപ്പണബോധത്തോടെ തുടർന്നുവന്നു” (പ്രവൃത്തികൾ 2:42 MCV). ശിഷ്യത്വത്തിന്റെ ഈ സാമൂഹ്യാധിഷ്ഠിതമായ വശം യാദൃച്ഛികമല്ല; മറിച്ച് അത് ശിഷ്യത്വത്തിന്റെ അടിത്തറയാണ്. പൗലോസിന്റെ ലേഖനങ്ങൾ മുഴുവൻ “പരസ്പരം ചെയ്യേണ്ട കല്പനകളാൽ” നിറഞ്ഞിരിക്കുന്നു — ഒരുമിച്ച് സ്നേഹിക്കുക, പരസ്പരം ഭാരങ്ങൾ ചുമക്കുക, പരസ്പരം പ്രോത്സാഹിപ്പിക്കുക. ഈ കല്പനകൾ ഒറ്റപ്പെട്ടിരിക്കുന്ന ഒരു വിശ്വാസിക്ക് നിറവേറ്റാനാവില്ല. ഈ വാക്യങ്ങളെല്ലാം തന്നെ ഒരു വിശ്വാസി ക്രിസ്തീയ സമൂഹത്തിൽ ഒരു സജീവ പങ്കാളിയാണെന്ന് മുൻകൂറായി കരുതുന്നു.
പ്രാദേശിക സഭ മനുഷ്യരുടെ കണ്ടുപിടിത്തമല്ല; ശിഷ്യന്മാരെ വളർത്താനും നിലനിർത്താനും ദൈവം നിയോഗിച്ച മാർഗമാണ് അത്. പ്രാദേശിക സഭയുടെ വാതിലുകൾക്കുള്ളിൽ തന്നെയാണ് വിശ്വാസികൾ പ്രാധമികമായും പഥ്യോപദേശം കേട്ടു വലരേണ്ടത്. അവർ കൂദാശകളിൽ പങ്കെടുക്കുന്നതും, വിശ്വാസജീവിതത്തിന്റെ കണക്കു ബോധിപ്പിക്കാൻ ഉത്തരവാദിത്വമുള്ളവരായിരിക്കുന്നതും പ്രാദേശിക സഭയുടെ പശ്ചാത്തലത്തിലാണ്. എബ്രായർ 10:24-25 വിശ്വാസികളെ ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്നു: “സ്നേഹത്തിനും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിക്കുവാൻ അന്യോന്യം പ്രോൽസാഹിപ്പിക്കുവാൻ ശ്രദ്ധിക്കുക. 25ചിലർ ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മിൽ പ്രബോധിപ്പിച്ചുകൊണ്ട്, കർത്താവിന്റെ നാൾ സമീപിക്കുന്നു എന്നു കാണും തോറും അത് അധികമധികമായി ചെയ്യേണ്ടതാകുന്നു.” (IRVMAL). വിശ്വാസിസമൂഹവുമായുള്ള കൂട്ടായ്മ സ്ഥിരമായി അവഗണിക്കുന്നത് ചെറിയ കാര്യമല്ല; അത് ദൈവകല്പനയ്ക്ക് നേരെയുള്ള അനുസരണക്കേടാണ്. പ്രാദേശിക സഭയിൽ നിന്ന് വേർപെട്ട് യേശുവിനെ പിന്തുടരാനുള്ള ശ്രമം അപകടകരമായ ഒന്നാണ്. സഭാ നേതാക്കളുടെ മേൽനോട്ടവും ഉത്തരവാദിത്തവും ഇല്ലെങ്കിൽ, വിശ്വാസികൾക്ക് തെറ്റായ ഉപദേശങ്ങളിൽ വീഴാൻ എളുപ്പമാണ്. അതുപോലെ തന്നെ സഭയുടെ അഭാവത്തിൽ അവരുടെ വിശുദ്ധീകരണത്തിലുള്ള വളർച്ചയും മുരടിച്ചുപോകും. സദൃശ്യവാക്യങ്ങൾ 18:1 മുന്നറിയിപ്പ് നൽകുന്നു: “കൂട്ടംവിട്ടുനടക്കുന്ന മനുഷ്യൻ സ്വാർഥതാത്പര്യങ്ങൾ പിൻതുടരുകയും നല്ല തീരുമാനങ്ങളെയെല്ലാം വെല്ലുവിളിക്കുകയും ചെയ്യുന്നു.” (MCV).
“സഭയല്ലാതെ മറ്റെവിടെയെങ്കിലും നിന്ന് accountability ലഭിച്ചാൽ പോരെ?” എന്ന് ഒരുപക്ഷെ ആരെങ്കിലും ചോദിച്ചേക്കാം. പക്ഷേ, ദൈവം നിങ്ങളെ വചനം പഠിപ്പിക്കാനും നിങ്ങൾക്ക് ഇടയപരിപാലനം നൽകുവാനുമുള്ള പ്രാഥമിക ഉത്തരവാദിത്തം സഭയുടെ മൂപ്പന്മാർക്കാണ് നൽകിയിരിക്കുന്നത് (പ്രവൃത്തികൾ 20:28–31). അതിലുപരി, ആത്മീയ വരങ്ങൾ ദൈവം സഭയുടെ വളർച്ചയ്ക്കായി തന്നതാണ് (1 കൊരിന്ത്യർ 12:7). ഒറ്റപ്പെട്ട വിശ്വാസി, ഓരോ അംഗവും സഭയ്ക്ക് നൽകേണ്ട പ്രത്യേക സംഭാവനകളിൽ നിന്ന് സഭയെ കവരുന്നു.
നിങ്ങൾ ക്രിസ്തുവിനെ പിന്തുടരുന്ന ഒരാളാണെങ്കിൽ, അവന്റെ ശരീരമായ സഭയോടുള്ള പ്രതിബദ്ധത നിങ്ങൾക്കുണ്ടായിരിക്കണം. ഈ പ്രതിബദ്ധത, വെറും ഞായറാഴ്ചകളിൽ പള്ളിയിൽ ഹാജരാകുന്നതിൽ മാത്രം ഒതുങ്ങുന്നില്ല; അതിലുപരി, സഭയിലെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കുചേരുകയും, നേതൃത്വത്തെ ബഹുമാനിച്ച് അതിന് കീഴടങ്ങുകയും, മറ്റുള്ളവരെ സേവിക്കാനും, മറ്റുള്ളവരുടെ സേവനം വിനീതമായി സ്വീകരിക്കാനുള്ള മനസ്സും ഉണ്ടായിരിക്കണം. വ്യക്തിപരമായ ഇഷ്ടങ്ങൾ പലപ്പോഴും സഭാപങ്കാളിത്തത്തെ നിർണ്ണയിക്കുന്ന “ഉപഭോക്തൃ മനോഭാവമുള്ള ക്രിസ്തീയതയുടെ” കാലത്ത്, സഭയെ ഒരു ഉടമ്പടി-സമൂഹമായി തിരുവെഴുത്ത് കാണിക്കുന്നത് പോലെ കാണാൻ നാം പഠിക്കണം. അത്തരത്തിലുള്ള സമൂഹത്തിലാണ് ശിഷ്യത്വം വളർന്ന് പുഷ്പിക്കുന്നത്, വിശ്വാസികൾ ക്രിസ്തുവിന്റെ രൂപത്തിൽ കൂടുതൽ രൂപപ്പെടുന്നത്.
