ഭക്തിചിന്തകൾ

അസൂയയ്ക്കുള്ള മരുന്ന്

അസൂയ കാരണമായുണ്ടാകുന്ന കഷ്ടങ്ങൾ നിർമ്മാർജ്ജനം ചെയ്യുന്നതിനെ പറ്റി.

“നിന്റെ ഹൃദയം പാപികളെക്കുറിച്ച് അസൂയപ്പെടരുത്, എന്നാൽ യഹോവയോടുള്ള ഭക്തിയിൽ അത്യുത്സാഹിയായിരിക്കുക. നിനക്ക് ഭാവിയെക്കുറിച്ച് ഒരു പ്രത്യാശയുണ്ട്, നിശ്ചയം, നിന്റെ പ്രത്യാശ അറ്റുപോകുകയില്ല.” — സദൃശ്യവാക്യങ്ങൾ 23:17, 18


ദുഷ്ടന്മാർ അഭിവൃദ്ധിപ്പെടുന്നത് കാണുമ്പോൾ നമ്മുടെ മനസ്സ് അസൂയ കൊള്ളാൻ തുടങ്ങും. അവരുടെ ആഘോഷങ്ങളുടെ ശബ്ദം കേൾക്കുമ്പോൾ, നമ്മുടെ ആത്മാവ് ഭാരപ്പെട്ടിരിക്കുന്ന നേരത്ത്, "ഇവർക്കാണ് ജീവിതം നന്നായി പോകുന്നത്" എന്ന് തോന്നിപ്പോകും. ഇത് ഭോഷത്തവും പാപവുമാണ്. അവരെ കൂടുതൽ അടുത്ത് അറിഞ്ഞാൽ, പ്രത്യേകിച്ച്, അവരുടെ അന്ത്യം ഓർത്താൽ, നാം അവരെ ഓർത്ത് അസൂയപ്പെടുകയല്ല, മറിച്ച് കനിഞ്ഞു നോക്കുകയേ ഉള്ളൂ.

അസൂയയ്ക്കുള്ള മരുന്ന് ദൈവസാന്നിധ്യത്തെക്കുറിച്ചുള്ള നിരന്തര ബോധത്തിലാണ്. ദിവസം മുഴുവനും, അതിനിപ്പോൾ എത്ര നീണ്ട ദിവസമായാലും, ദൈവത്തോടൊപ്പം ജീവിക്കുക, അവനെ ആരാധിക്കുക, അവനോടൊപ്പം സഹവസിക്കുക. യഥാർത്ഥ ദൈവഭക്തി ആത്മാവിനെ ഉയർന്ന തലത്തിലേക്ക് കൊണ്ടുപോകുന്നു — അവിടെ വിവേകം തെളിഞ്ഞ് കാണും, ആഗ്രഹങ്ങൾ ശുദ്ധീകരിക്കപ്പെടും. നമ്മുടെ ജീവിതത്തിൽ സ്വർഗ്ഗം കൂടുതൽ ഇടം പിടിക്കുമ്പോൾ, ഭൂമിക്കുള്ള ആർത്തി കുറഞ്ഞുവരും.ദൈവഭയം മനുഷ്യരോടുള്ള അസൂയയെ തുരത്തിക്കളയും.

അസൂയയുടെ മൃത്യു വരുന്നത് ഭാവിയെക്കുറിച്ചുള്ള ശാന്തവും വിവേകപൂർവ്വവുമായ ചിന്തയിലൂടെയാണ്. അധർമ്മികളുടെ സമ്പത്തും മഹത്ത്വവും വെറുമൊരു വ്യർത്ഥദൃശ്യം മാത്രമാണ്. ആ തിളക്കം ഒരുനിമിഷം ജ്വലിച്ച് അണഞ്ഞുപോകുന്നു. ന്യായവിധി അവരെ പിടികൂടുമ്പോൾ, ആ ഐശ്വര്യം കൊണ്ട് അവർക്ക് എന്ത് ഗുണം? എന്നാൽ ദൈവഭക്തനോ? അവന്റെ അന്ത്യം സമാധാനവും അനുഗ്രഹവുമാണ്. ആ സന്തോഷം ആരും അവനിൽ നിന്ന് എടുത്തുകളയില്ല. അതുകൊണ്ട്, അസൂയ ഉപേക്ഷിക്കുക — സ്വസ്ഥമായ തൃപ്തിയിൽ ജീവിക്കുക.