നീതീകരണത്തിന്റെ സ്നേഹോഷ്മളമായ ഹൃദയം
ഒരു കുട്ടിക്ക് തീരത്ത് കളിക്കാൻ തക്ക ആഴം കുറഞ്ഞതും, എന്നാൽ ഒരു ആനയ്ക്ക് മുങ്ങിമരിക്കാൻ തക്ക ആഴമുള്ളതും എന്ന് പലപ്പോഴും പറയാറുള്ളതുപോലെ, ക്രിസ്തീയ സുവിശേഷത്തെയും തിരുവെഴുത്തുകളെയും ഉപദേശങ്ങളെയും കുറിച്ച് ഇത് സത്യമാണ്. സമീപ ദശകങ്ങളിൽ നവീകൃത ദൈവശാസ്ത്രം (Reformed theology) പുനരുജ്ജീവിച്ചപ്പോൾ, പലരും അതിൻ്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്നു. അങ്ങനെ പഠനത്തിൻ്റെ ഓരോ ഘട്ടത്തിലും, ലളിതവും ഓർമ്മയിൽ നിൽക്കുന്നതുമായ വാക്യങ്ങൾ, കാര്യങ്ങൾ മനസ്സിലാക്കാൻ അവരെ സഹായിച്ചു. എന്നാൽ അടിസ്ഥാനകാര്യങ്ങൾക്കപ്പുറം പക്വത പ്രാപിക്കാത്തവർക്ക് അവ തെറ്റിദ്ധാരണകൾക്ക് കാരണമാകാനും സാധ്യതയുണ്ടായി.
നമ്മളിൽ പലരും രക്ഷയുടെ മുൻപ്, ഇപ്പോൾ, ശേഷം എന്നീ വശങ്ങൾ പഠിച്ചു: ഞാൻ രക്ഷിക്കപ്പെട്ടു, ഞാൻ രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു, ഞാൻ രക്ഷിക്കപ്പെടും. തീർച്ചയായും, നാം TULIP-ലേക്കും വന്നു: സമ്പൂർണ്ണമായ അധഃപതനം (total depravity), നിരുപാധികമായ
തിരഞ്ഞെടുപ്പ് (unconditional election), പരിമിതമായ പ്രായശ്ചിത്തം (limited atonement), തടുക്കാനാവാത്ത കൃപ (irresistible grace), വിശുദ്ധന്മാരുടെ സ്ഥിരോത്സാഹം (perseverance of the saints). അതുപോലെ നാം "അഞ്ച് സോലകളും" (ഇരുപതാം നൂറ്റാണ്ടിൽ അവ അറിയപ്പെടാൻ തുടങ്ങിയതുപോലെ) പഠിച്ചു: വിശ്വാസത്താൽ മാത്രം, കൃപയാൽ മാത്രം, ക്രിസ്തുവിനാൽ മാത്രം, തിരുവെഴുത്താൽ മാത്രം, ദൈവമഹത്വത്തിനുവേണ്ടി മാത്രം.
ഈ അഞ്ചിൽ, "വിശ്വാസത്താൽ മാത്രം" എന്നതാവാം ഏറ്റവും കൂടുതൽ തെറ്റിദ്ധരിക്കപ്പെടുന്നത് - ശത്രുക്കൾ അതിനെ വികലമായി ചിത്രീകരിക്കുകയും മിത്രങ്ങൾ തെറ്റിദ്ധരിക്കുകയും ചെയ്യുന്നു. എന്തിനുവേണ്ടിയാണ് "വിശ്വാസത്താൽ മാത്രം"?
ദൈവത്താൽ എങ്ങനെ സ്വീകരിക്കപ്പെടാം
"എന്തിനുവേണ്ടിയാണ് 'വിശ്വാസത്താൽ മാത്രം'?" എന്ന ചോദ്യത്തിന് പുതിയ പഠിതാക്കളുടെ സഹജമായ പ്രതികരണം "രക്ഷയ്ക്ക് വേണ്ടി" എന്നായിരിക്കും. എന്നിരുന്നാലും, മുകളിൽ കണ്ടതുപോലെ രക്ഷയുടെ മുന്പ്-ഇപ്പോൾ -ശേഷം കാലങ്ങൾ പരിഗണിക്കുമ്പോൾ, രക്ഷ എന്നത് പലപ്പോഴും ഒരു പൊതുവായ ആശയമാണ്. നാം അന്വേഷിക്കുന്ന കൂടുതൽ വ്യക്തമായ വിഷയം നീതീകരണം ആണ്.
നവീകരണത്തിന്റെ അടിസ്ഥാന തത്വം പ്രത്യേകമായി നീതീകരണം ആയിരുന്നു - അതായത്, ഒരു പാപിക്ക് സർവ്വശക്തനായ ദൈവമുമ്പാകെ എങ്ങനെ നീതിയുള്ളവനായി നിൽക്കാൻ കഴിയും? അല്ലെങ്കിൽ, ഭക്തിയില്ലാത്തവർ എങ്ങനെയാണ് പരിശുദ്ധനായ ദൈവത്താൽ പൂർണ്ണമായി സ്വീകരിക്കപ്പെടുന്നത്? നവീകരണക്കാർ ഉത്തരം നൽകിയത്, അത്തരമൊരു അടിസ്ഥാനപരമായ ദൈവ സ്വീകാര്യമായ നീതീകരണം, ക്രിസ്തുവിൻ്റെ വ്യക്തിത്വത്തിലും പ്രവൃത്തിയിലും മാത്രം (നമ്മുടേതിലല്ല) അധിഷ്ഠിതമാണെന്നും, അത് പാപികൾക്ക് പൂർണ്ണമായോ ഭാഗികമായോ നമ്മുടെ പ്രവൃത്തികളാലല്ല, മറിച്ച് വിശ്വാസം എന്ന ഉപകരണം വഴി മാത്രമാണ് ലഭിക്കുന്നു എന്നുമാണ്. അടിസ്ഥാനം: ക്രിസ്തു. ഉപകരണം: വിശ്വാസം.
ലൂഥറിനെപ്പോലെ, പ്രൊട്ടസ്റ്റൻ്റുകൾ വീണ്ടും വീണ്ടും അപ്പൊസ്തലനായ പൗലോസിൻ്റെ റോമർക്കെഴുതിയ ലേഖനം തുറന്നു. അവർ അവൻ്റെ മൊത്തത്തിലുള്ള വാദഗതി പിന്തുടരാനും വിശദീകരിക്കാനും ശ്രമിച്ചു. അവർ റോമർ 3:28 പോലുള്ള പ്രത്യേക വാക്യങ്ങൾ ചൂണ്ടിക്കാണിച്ചു: "മനുഷ്യൻ ന്യായപ്രമാണത്തിന്റെ പ്രവൃത്തികൾ കൂടാതെ വിശ്വാസത്താൽ തന്നേ നീതീകരിക്കപ്പെടുന്നു." ഇവിടെ "ന്യായപ്രമാണത്തിന്റെ പ്രവൃത്തികൾ" ഒരു പഴുതല്ല, മറിച്ച് ഒരു തീവ്രത കൂട്ടുന്ന വാക്കാണ്: "ന്യായപ്രമാണത്തിന്റെ പ്രവൃത്തികൾ" എന്നത് പഴയ ഉടമ്പടിയുടെ നിബന്ധനകൾക്ക് കീഴിൽ ദൈവം തന്നെ കൽപ്പിച്ച പ്രവൃത്തികളാണ്. ദൈവത്തിൻ്റെ വായിൽ നിന്ന് നേരിട്ട് പുറപ്പെടുവിച്ചതിനേക്കാൾ നല്ലതും നീതിപൂർവകവുമായ എന്ത് പ്രവൃത്തികളാണ് ഉണ്ടാകാൻ കഴിയുക? എന്നിട്ടും പൗലോസ് എഴുതുന്നു, ക്രിസ്തുവിലുള്ള പാപികളുടെ പൂർണ്ണമായ സ്വീകാര്യത, ഏറ്റവും നല്ല കൽപ്പനകളോടുള്ള അനുസരണത്താലല്ല, വിശ്വാസത്താലാണ്. ക്രിസ്തുവിൽ, നാം വിശ്വാസത്താൽ നീതീകരിക്കപ്പെടുന്നു, "നാം നീതിയിൽ ചെയ്ത പ്രവൃത്തികളാലല്ല."(തീത്തൊസ് 3:5; ഗലാത്യർ 2:16, 21; 5:1-3; ഫിലിപ്പിയർ 3:9).
ഒരു നവീകരണ മുദ്രാവാക്യം എന്ന നിലയിൽ "വിശ്വാസത്താൽ മാത്രം" എന്നതിന്റെ പ്രത്യേക അർത്ഥമെന്തെന്നാൽ; നീതീകരണമാണ്. വിശ്വാസം നീതീകരണത്തിൻ്റെ ഏക ഉപകരണമാണ്. "വിശ്വാസത്താൽ മാത്രം" എന്നതിനർത്ഥം ക്രിസ്തീയ ജീവിതത്തിൽ നമ്മുടെ മനോഭാവങ്ങൾക്കും പ്രവൃത്തികൾക്കും സ്ഥാനമില്ല എന്നല്ല. നീതീകരിക്കുന്ന യഥാർത്ഥ വിശ്വാസം, "സ്നേഹത്താൽ വ്യാപരിക്കുന്ന വിശ്വാസമാണ്" (ഗലാത്യർ 5:6). അതുപോലെ, "വിശ്വാസത്താൽ മാത്രം" എന്നത് ഇച്ഛാശക്തിയും, നാം "ഹൃദയം" അല്ലെങ്കിൽ വികാരങ്ങൾ എന്ന് വിളിക്കുന്നതും ഉൾപ്പെടെ, പൂർണ്ണാത്മാവിൻ്റെ പ്രവൃത്തിയേക്കാൾ കുറഞ്ഞ ഒന്നാണെന്നല്ല. വ്യക്തമായി പറഞ്ഞാൽ, വിശ്വാസം എന്നത് കേവലം ബുദ്ധിയുടെ മാത്രമല്ല, പൂർണ്ണമായ ആന്തരിക വ്യക്തിയുടെ ഒരു പ്രകടനമാണ്. പൗലോസ് തന്നെ റോമർ 10:10-ൽ പറയുന്നതുപോലെ, "ഹൃദയംകൊണ്ട് വിശ്വസിക്കുകയും നീതീകരിക്കപ്പെടുകയും ചെയ്യുന്നു."
സത്യം മാത്രമല്ല, അഭികാമ്യവും
ലൂഥറും കാൽവിനും അത്തരത്തിലുള്ള പൂർണ്ണാത്മാവോടുകൂടിയ വിശ്വാസത്തെക്കുറിച്ച് സംസാരിച്ചു, അത് യുക്തിയിൽ മാത്രമല്ല, ഇച്ഛാശക്തിയിലും വികാരങ്ങളിലും പ്രകടമാകുന്ന ഒന്നാണ്. ലൂഥർ ലൂക്കോസ് 16:1-9 നെ കുറിച്ചുള്ള ഒരു പ്രസംഗത്തിൽ ഇങ്ങനെ പറഞ്ഞു, "വിശ്വാസം വളരെ ശക്തവും, സജീവവും, അടങ്ങാത്തതും, ഫലപ്രദവുമായ ഒന്നാണ്, അത് ഒരു വ്യക്തിയെ ഉടനടി പുതുക്കുകയും വീണ്ടും ജനിപ്പിക്കുകയും, തികച്ചും പുതിയൊരു ജീവിതരീതിയിലേക്കും സ്വഭാവത്തിലേക്കും നയിക്കുകയും ചെയ്യുന്നു, അതിനാൽ ഇടവിടാതെ നന്മ ചെയ്യാതിരിക്കുക അസാധ്യമാണ്." വിശ്വാസം കേവലം ബുദ്ധിയുടെ കണക്കുകൂട്ടലുകളിൽ ഒതുങ്ങുന്നില്ല, മറിച്ച് അതിലധികം പ്രകടിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്നു.
കാൽവിനും നീതീകരിക്കുന്ന വിശ്വാസത്തെ മനസ്സിൻ്റെ ഒരു വ്യായാമത്തേക്കാൾ വളരെ വലുതായി കണ്ടു. നീതീകരിക്കുന്ന വിശ്വാസത്തെ അദ്ദേഹം ഒരു "സ്നേഹനിർഭരമായ
ആലിംഗനം" എന്നും "ഭക്തിപരമായ സ്നേഹം" എന്നും വിശേഷിപ്പിച്ചു. അദ്ദേഹം എഴുതുന്നു,
വിശ്വാസത്താൽ, ക്രിസ്തു നമുക്കുവേണ്ടി കഷ്ടം സഹിക്കുകയും മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുകയും ചെയ്തു എന്ന് നാം അംഗീകരിക്കുക മാത്രമല്ല, അവൻ സ്വയം നൽകുന്ന വാഗ്ദാനങ്ങൾ സ്വീകരിച്ച്, നമ്മുടെ രക്ഷകനായി അവനെ കൈവശമാക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു... ചുരുക്കത്തിൽ, വിശ്വാസം ഒരു ദൂരക്കാഴ്ചയല്ല, മറിച്ച് ക്രിസ്തുവിനെ സ്നേഹനിർഭരമായ ആലിംഗനം ചെയ്യലാണ്, അതിലൂടെ അവൻ നമ്മിൽ വസിക്കുകയും നാം ദിവ്യാത്മാവിനാൽ നിറയുകയും ചെയ്യുന്നു. (ഗലാത്യർക്കും എഫെസ്യർക്കും എഴുതിയ ലേഖനങ്ങളുടെ വ്യാഖ്യാനങ്ങൾ, വില്യം പ്രിംഗിൾ വിവർത്തനം ചെയ്തത്, 262)
രക്ഷിക്കുന്ന വിശ്വാസം ക്രിസ്തുവിൻ്റെ വ്യക്തിത്വത്തെയും പ്രവൃത്തിയെയും സത്യമായി കണക്കാക്കുക മാത്രമല്ല, അവനെ അഭികാമ്യനും നല്ലവനുമായി സ്വീകരിക്കുകയും ചെയ്യുന്നു. കാൽവിനെ സംബന്ധിച്ചിടത്തോളം, അംഗീകാരം എന്ന ആശയം പോലും "ബുദ്ധിയേക്കാൾ ഹൃദയത്തിൻ്റെയും, വികാരങ്ങളേക്കാൾ സ്നേഹത്തിൻ്റെയും കാര്യമാണ്." "ഭക്തിപരമായ സ്നേഹം" എന്നത് "അംഗീകാരത്തിൻ്റെ ഒരു അനുബന്ധമല്ല" എന്ന് അദ്ദേഹം വാദിക്കുന്നു. മറിച്ച്, അംഗീകാരം "ഭക്തിപരമായ സ്നേഹത്തിൽ അടങ്ങിയിരിക്കുന്നു" (ഇൻസ്റ്റിറ്റ്യൂട്ട്സ്, ഹെൻറി ബെവറിഡ്ജ് വിവർത്തനം ചെയ്തത്, 3.2.8).
നിധിയും ടിക്കറ്റും
അതുപോലെ, ഇരുപതാം നൂറ്റാണ്ടിൻ്റെ അവസാനത്തിലെ "എളുപ്പമായ വിശ്വാസത്തിന്" (easy-believism) ശേഷം, ചില സമകാലിക നവീകൃത ദൈവശാസ്ത്രജ്ഞർ രക്ഷിക്കുന്ന വിശ്വാസത്തിൽ ബൗദ്ധികമായ അംഗീകാരത്തേക്കാൾ കൂടുതൽ അടങ്ങിയിട്ടുണ്ടെന്ന് പുതുതായി ഊന്നിപ്പറഞ്ഞിട്ടുണ്ട്. ജോൺ പൈപ്പറിൻ്റെ സമീപകാലത്തെ "എന്താണ് രക്ഷിക്കുന്ന വിശ്വാസം?" (What Is Saving Faith?) എന്ന പുസ്തകം ഈ വിഷയം വിശദമായി ചർച്ച ചെയ്യുന്നു. അതേസമയം, ആർ.സി. സ്പ്രൗളിൻ്റെ 2010-ലെ വിശ്വാസത്താൽ മാത്രം നീതീകരിക്കപ്പെട്ടു (Justified by Faith Alone) എന്ന പുസ്തകം വാദിക്കുന്നത് രക്ഷിക്കുന്ന വിശ്വാസത്തെക്കുറിച്ച് ഇങ്ങനെയാണ്:
സാധാരണയായി അത് കേവലം വൈജ്ഞാനികമോ ബൗദ്ധികമോ ആയ ഘടകത്തിന് പുറമെ മറ്റെന്തോ ഉൾക്കൊള്ളുന്നതായി മനസ്സിലാക്കപ്പെടുന്നു. മനുഷ്യൻ്റെ പ്രതികരണത്തിലെ ഇച്ഛാശക്തിയും വൈകാരികവുമായ ഘടകങ്ങൾ അതിൽ ഉൾപ്പെടുന്നു. ക്രിസ്തുവിൻ്റെ മാധുര്യത്തെയും ശ്രേഷ്ഠതയെയും കുറിച്ചുള്ള ഒരു അവബോധം (അതും ബൗദ്ധികവും വൈജ്ഞാനികവുമാണ്) അതിൽ ഉൾപ്പെടുന്നു. പുനർജനനത്താൽ നമ്മിൽ സംഭവിക്കുന്ന ഒരു മാറ്റം അതിൽ ഉൾപ്പെടുന്നു, ആ മാറ്റത്തിൽ നമ്മുടെ സ്നേഹം, മനോഭാവം, ചായ്‌വ്, ഇച്ഛാശക്തി എന്നിവയിലെ മാറ്റവും ഉൾപ്പെടുന്നു. നാം ഇപ്പോൾ ക്രിസ്തുവിനെ തിരഞ്ഞെടുക്കുന്നു. നാം ക്രിസ്തുവിനെ ആശ്ലേഷിക്കുന്നു. നാം ക്രിസ്തുവിനെ സന്തോഷത്തോടെ സ്വീകരിക്കുന്നു. (4)
തീർച്ചയായും രക്ഷിക്കുന്ന വിശ്വാസം ക്രിസ്തുവിനെ സന്തോഷത്തോടെ സ്വീകരിക്കുന്നു. അത് യേശുവിനോടോ അവൻ്റെ സുവിശേഷത്തോടോ താൽപ്പര്യമില്ലാത്തതോ നിസ്സംഗത പുലർത്തുന്നതോ അല്ല. അത് അവനെ സ്വാഗതം ചെയ്യുന്നു, ആശ്ലേഷിക്കുന്നു, സന്തോഷത്തോടെ സ്വീകരിക്കുന്നു. അതായത്, പൈപ്പർ പറയുന്നതുപോലെ, ഒരാൾക്ക് ഒരു അടി കിട്ടുന്നതുപോലെയോ, നിങ്ങൾക്ക് ആവശ്യമുള്ളതും എന്നാൽ വേണ്ടാത്തതുമായ ഒരു സമ്മാനം കിട്ടുന്നതുപോലെയോ, നിങ്ങൾക്ക് ഇഷ്ടമില്ലാത്ത ഒരാളിൽ നിന്ന് സഹായം ലഭിക്കുന്നതുപോലെയോ, നിങ്ങൾക്ക് അറിയുകയോ ശ്രദ്ധിക്കുകയോ ചെയ്യാത്ത ഒരു തപാൽക്കാരനിൽ നിന്ന് ഒരു പാക്കേജ് ലഭിക്കുന്നതുപോലെയോ അല്ല;
രക്ഷിക്കുന്ന രീതിയിൽ ക്രിസ്തുവിനെ സ്വീകരിക്കുക എന്നതിനർത്ഥം. മറിച്ച്, മറ്റെല്ലാ വ്യക്തികളേക്കാളും വസ്തുക്കളേക്കാളും ക്രിസ്തുവിന് മുൻഗണന നൽകുക എന്നതാണ്. അതിനർത്ഥം അവനെ ആഗ്രഹിക്കുക എന്നതാണ് ; അവന് ചെയ്യാൻ കഴിയുന്നത് മാത്രമല്ല. അവൻ നമുക്കായി ചെയ്ത പ്രവൃത്തികൾ, അവനെ എന്നെന്നേക്കും അറിയാനും ആസ്വദിക്കാനും നമ്മെ പ്രാപ്തരാക്കുക എന്നതാണ്. നരകത്തിൽ നിന്നോ സ്വർഗ്ഗത്തിലേക്കോ ഉള്ള ഒരു ടിക്കറ്റായി നാം അവനെ സ്വീകരിക്കുമ്പോൾ നാം അവനെ രക്ഷിക്കുന്ന രീതിയിൽ സ്വീകരിക്കുന്നില്ല. അവൻ ഒരു ടിക്കറ്റല്ല. അവൻ ഒരു നിധിയാണ് — ഏറ്റവും വലിയ നിധി. അവനാണ് സ്വർഗ്ഗത്തെ സ്വർഗ്ഗമാക്കുന്നത്. അവനില്ലാത്ത ഒരു വേദനയില്ലാത്ത സ്വർഗ്ഗമാണ് നാം ആഗ്രഹിക്കുന്നതെങ്കിൽ, നാം അവനെ സ്വീകരിക്കുന്നില്ല; നാം അവനെ ഉപയോഗിക്കുകയാണ്. നീതീകരിക്കുന്ന വിശ്വാസം എന്നതിനർത്ഥം, യേശുവിൽ ദൈവം നമുക്കായിരിക്കുന്ന എല്ലാറ്റിനെയും സ്വീകരിക്കുകയും, സ്വാഗതം ചെയ്യുകയും, ആശ്ലേഷിക്കുകയും ചെയ്യുക എന്നതാണ്.
ലൂഥറിനെപ്പോലെ, സുപ്രധാനമായ ഒന്നിനെ അവഗണിക്കുകയോ അല്ലെങ്കിൽ അമിതമായി ഊന്നിപ്പറയുകയോ ചെയ്യാത്ത വാക്കുകൾക്കായി നാം ശ്രമിക്കുന്നു. രക്ഷിക്കുന്ന വിശ്വാസം ക്രിസ്തുവിനെ സന്തോഷത്തോടെ സ്വീകരിക്കുന്നു. ഇത് "വിശ്വാസത്താൽ മാത്രം" എന്ന് ഏറ്റുപറയുന്ന ചിലരെ അസ്വസ്ഥരാക്കിയേക്കാം. ചിലർ "വിശ്വാസത്താൽ മാത്രം" എന്നതിനെക്കുറിച്ചുള്ള സൺഡേ സ്കൂൾ തലത്തിലുള്ള തെറ്റായ ധാരണകളോടെ ജീവിക്കുന്നവരാകാം; മറ്റുചിലർ സന്തോഷത്തോടെ സ്വീകരിക്കുന്നതിലെ ഈ ഊന്നൽ ചിലരുടെ ദുർബലമായ വിശ്വാസത്തെ തകർക്കുമോ എന്ന് ആത്മാർത്ഥമായി ആശങ്കപ്പെടുന്നവരുമാകാം. വേണ്ടത്ര സന്തോഷം ഉളവാക്കാൻ തങ്ങളിൽത്തന്നെ ആശ്രയിക്കുന്നതിലൂടെ, വിശ്വാസമാകുന്ന "സ്വീകരിക്കുന്ന കൃപ" യഥാർത്ഥത്തിൽ ഒരുതരം "നൽകുന്ന കൃപ" ആയി തെറ്റിദ്ധരിക്കപ്പെടില്ലേ?
മൂന്ന് വേർതിരിവുകൾ
വിശ്വാസത്തിൻ്റെ സ്വഭാവം ക്രിസ്തുവിനോടുള്ള നിസ്സംഗതയോ താൽപ്പര്യമില്ലായ്മയോ അല്ല, മറിച്ച് അവനോടും അവൻ്റെ പ്രവൃത്തിയോടുമുള്ള ഒരു "സ്നേഹനിർഭരമായ ആലിംഗനം" അല്ലെങ്കിൽ "ഭക്തിപരമായ സ്നേഹം" ആണെന്ന് ഊന്നിപ്പറയുമ്പോൾ, നാം ചോദിച്ചേക്കാം, നമ്മുടെ ആലിംഗനം എത്ര സ്നേഹനിർഭരമായിരിക്കണം? നമ്മുടെ സ്വീകരണം എത്ര സന്തോഷകരമായിരിക്കണം? അതായത്, പൈപ്പറിൻ്റെ മുകളിലെ വാക്കുകളിൽ സൂചിപ്പിച്ചതുപോലെ ("മറ്റെല്ലാ വ്യക്തികളേക്കാളും വസ്തുക്കളേക്കാളും ക്രിസ്തുവിന് മുൻഗണന നൽകുന്നത്"), വിശ്വാസി ക്രിസ്തുവിനെ തന്റെ ആത്മാവിൻ്റെ പരമമായ നിധിയായി ബോധപൂർവ്വം കണക്കാക്കണമോ (അങ്ങനെ പ്രഖ്യാപിക്കണോ)?
മറ്റൊരു വിധത്തിൽ പറഞ്ഞാൽ, വിശ്വാസം ക്രിസ്തുവിനെ സന്തോഷത്തോടെ സ്വീകരിക്കുകയും അവനിൽ ആനന്ദിക്കുകയും ചെയ്യുന്നുവെങ്കിലും, അവനെ മറ്റെല്ലാ നിധികളെക്കാളും സന്തോഷങ്ങളെക്കാളും വലുതായി മനഃപൂർവ്വം കണക്കാക്കുന്നില്ലെങ്കിൽ, ആ "വിശ്വാസം" നീതീകരിക്കുന്നില്ലേ? ക്രിസ്തുവിന് അങ്ങനെയൊരു പരമമായ സ്ഥാനം നൽകുന്നതിൽ സംശയിക്കുന്നവരെ സഹായിക്കുന്ന മൂന്ന് വേർതിരിവുകളോടെ നമുക്ക് ഉപസംഹരിക്കാം.
1. ദൈവത്തിലുള്ള സന്തോഷം കാലക്രമേണ വളരുന്നു.
രക്ഷിക്കുന്ന വിശ്വാസത്തിൻ്റെ സ്വഭാവം "വിലമതിക്കുന്ന ആശ്രയം" (നിസ്സംഗതയോ താൽപ്പര്യമില്ലായ്മയോ അല്ല) എന്നതനുസരിച്ച്, ക്രിസ്ത്യാനി വിശ്വാസത്തിൽ വളരുമ്പോൾ, അവൻ "വിശ്വാസത്തിൻ്റെ സന്തോഷത്തിലും" വളരും (ഫിലിപ്പിയർ 1:25-ൽ പൗലോസ് അത്തരം പുരോഗതിയെക്കുറിച്ച് പറയുന്നു). "വിശ്വാസത്തിൻ്റെ സന്തോഷം," തുടക്കത്തിൽ ഉണ്ടെങ്കിലും, താരതമ്യേന ചെറുതും ആകർഷകമല്ലാത്തതുമായിരിക്കാം. അല്ലെങ്കിൽ പുതിയ ക്രിസ്ത്യാനിയുടെ വൈകാരികമായ തിരിച്ചറിവ് വികസിച്ചിട്ടുണ്ടാവില്ല. "സന്തോഷം" എന്ന് വിളിക്കാവുന്ന ഒന്നിനെ ബോധപൂർവ്വം അനുഭവിക്കുകയോ സാക്ഷ്യപ്പെടുത്തുകയോ ചെയ്യാത്തത്, ബൈബിൾ സാക്ഷ്യത്തിൽ നിന്ന് വിശ്വാസത്തിൻ്റെ സ്വഭാവത്തെക്കുറിച്ചുള്ള നമ്മുടെ ധാരണ മാറ്റാൻ ഒരു കാരണമാകുന്നില്ല.
2. നാമെല്ലാവരും ഇപ്പോഴും പാപത്തോട് പോരാടുന്നു.
പാപം, അതിൻ്റെ സ്വഭാവത്തിൽ, ദൈവത്തേക്കാൾ മറ്റ് കാര്യങ്ങൾക്ക് മുൻഗണന നൽകുന്നതാണ്. ക്രിസ്തുവിൻ്റെ യഥാർത്ഥ മൂല്യത്തിനനുസരിച്ച് ഹൃദയം അവനെ മറ്റെന്തിനേക്കാളും കൂടുതൽ വിലമതിക്കുന്നതാണ് വിശുദ്ധിയുടെ തുടക്കം. ക്രിസ്തുവിനെ സന്തോഷത്തോടെ സ്വീകരിക്കുന്ന രക്ഷിക്കുന്ന വിശ്വാസത്തിൽ നാം കാണുന്ന സന്തോഷം, വളർന്നു പക്വത പ്രാപിച്ച സന്തോഷമാകണമെന്നില്ല. അത് പൂർണ്ണമായി രൂപപ്പെട്ടതും പ്രകടമായി ആധിപത്യം പുലർത്തുന്നതുമല്ല. എന്നാൽ അത് ഇല്ലാതെയുമല്ല. ഒരു ഓക്ക് മരത്തിൻ്റെ വിത്ത് ചെറുതും പരിചയമില്ലാത്ത കണ്ണുകൾക്ക് ശ്രദ്ധിക്കപ്പെടാത്തതുമായിരിക്കാം, എന്നാൽ അത് വളരുമ്പോൾ അതൊരു കളയല്ല, മറിച്ച് ഒരു ഓക്ക് മരമായിരിക്കും. ക്രിസ്തുവിനെ നമ്മുടെ ഏറ്റവും വലിയ നിധിയായി ഏറ്റുപറയുന്നത്, ഉള്ളിൽ വസിക്കുന്ന പാപത്തെയോ നമ്മുടെ ഹൃദയത്തിന്റെ അസ്ഥിരതയെയോ നാം അവഗണിക്കുന്നു എന്നല്ല അർത്ഥമാക്കുന്നത്. മറിച്ച് അത് (1) എൻ്റെ ഏറ്റക്കുറച്ചിലുകൾക്ക് അതീതമായി അവൻ്റെ മൂല്യവും യോഗ്യതയും പ്രഖ്യാപിക്കുന്നു, കൂടാതെ (2) പുനർജനനത്താൽ, സുബോധത്തോടെയുള്ള എൻ്റെ ഉറച്ച ഏറ്റുപറച്ചിലിനെയും പ്രഖ്യാപിക്കുന്നു.
3. യേശുവിന് ഒരിക്കലും സുരക്ഷിതമായ രണ്ടാം സ്ഥാനമില്ല.
ക്രിസ്തുവിലുള്ള ആഴമായ സന്തോഷം ഒരു പുതിയ വിശ്വാസി സ്വയമേവ പ്രകടിപ്പിക്കുന്നതും, ചോദ്യം ചോദിക്കുമ്പോൾ മാത്രം ഒരാൾ പ്രതികരിക്കുന്നതും തമ്മിൽ വേർതിരിച്ചറിയേണ്ടത് പ്രധാനമാണ്. ക്രിസ്തുവാണ് തങ്ങളുടെ ഏറ്റവും വലിയ സന്തോഷം എന്ന് വ്യക്തമായി പറയാതെതന്നെ, ഒരു വിശ്വാസിക്ക് അവിടുത്തെ സ്നേഹത്തോടെ സ്വീകരിക്കുന്നതിൽ തെറ്റില്ല. എന്നാൽ, "ക്രിസ്തുവാണോ നിങ്ങളുടെ ഏറ്റവും വലിയ നിധി?" എന്ന് നേരിട്ട് ചോദിക്കുമ്പോൾ, യഥാർത്ഥത്തിൽ രക്ഷിക്കുന്ന വിശ്വാസത്താൽ ഉള്ള ഒരു ഹൃദയം, ക്രിസ്തുവിന് മറ്റെന്തിനേക്കാളും മൂല്യം കുറവാണെന്ന് പറയുമോ? അങ്ങനെ പറയുന്നത്, ക്രിസ്തു ആരാണെന്നും അവിടുന്ന് എന്തു ചെയ്തു എന്നതിനെക്കുറിച്ചുമുള്ള ആഴമേറിയ തെറ്റിദ്ധാരണ വെളിപ്പെടുത്തും. അത് യഥാർത്ഥ വിശ്വാസത്തിന്റെ സാന്നിധ്യത്തെത്തന്നെ ചോദ്യം ചെയ്യാൻ ഇടയാക്കും.
ദൈവം എന്ന നിലയിലും, നമ്മുടെ സ്വന്തം ജഡത്തിൽ മനുഷ്യനായി അവൻ നിർവഹിച്ച കാര്യങ്ങളും, ഇപ്പോൾ പിതാവിൻ്റെ വലതുഭാഗത്ത് മഹത്വത്തിൽ ഇരിക്കുന്ന അവൻ്റെ സ്ഥാനവും കണക്കിലെടുക്കുമ്പോൾ, അവനെ എങ്ങനെ പരമമായവനല്ലാതെ മറ്റൊന്നായി പ്രഖ്യാപിക്കാൻ കഴിയും?
അത്തരം വേർതിരിവുകൾ മനസ്സിൽ വെച്ചുകൊണ്ട്, ഒരുപക്ഷേ "വിശ്വാസത്താൽ മാത്രം" എന്ന മുദ്രാവാക്യത്തോട് ചേർന്നുനിൽക്കുന്ന നാം എല്ലാവരും ഒരുമിച്ച്, നീതീകരണത്തെ പ്രവൃത്തികളുടെ കൂട്ടിച്ചേർക്കലിൽ നിന്ന് സംരക്ഷിക്കുകയും, ഹൃദയമില്ലായ്മയിൽ നിന്നും രക്ഷിക്കുന്ന വിശ്വാസത്തെ തടയുകയും ചെയ്യും.
