ഒരുകാലത്ത്, ചെറുപ്പക്കാരനായ യാക്കോബ് തനിക്ക് ഇഷ്ടമുള്ളിടത്തോളം വേഗത്തിൽ ഓടി നടന്നു. പിന്നീട്, ഒരു മുടന്തുമായിട്ടാണ് അയാൾ നടന്നത്.
ഒരുകാലത്ത്, ദാവീദ് ഇസ്രായേലിന്റെ സൈന്യത്തെ എതിരാളികളില്ലാതെ നയിച്ചു. പിന്നീട്, ശത്രുക്കളാൽ ചുറ്റപ്പെട്ട് മരുഭൂമിയിലൂടെ പലായനം ചെയ്തു.
ഒരുകാലത്ത്, പൗലോസ് ഒരു മുള്ളും ഇല്ലാതെ യാത്ര ചെയ്യുകയും പ്രസംഗിക്കുകയും ചെയ്തു. പിന്നീട്, തന്നെ കുത്തിനോവിച്ചുകൊണ്ടിരുന്ന ആ മുള്ള് നീങ്ങിക്കിട്ടുവാനായി, പ്രാർത്ഥിച്ചു, പക്ഷേ അത് ലഭിച്ചില്ല.
നമ്മളിൽ പലർക്കും ഇതുപോലെ ജീവിതവും ശുശ്രൂഷയും വളരെ സുഗമമായി തോന്നിയിരുന്ന ഒരു കാലം ഓർമ്മയുണ്ടാകാം. അന്ന് തടസ്സങ്ങൾ കുറവും, നമ്മൾ കൂടുതൽ ഫലപ്രദരും ആയിരുന്നു. നമ്മുടെ ശരീരത്തിന് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നില്ല. നേരിട്ടിരുന്ന വിമർശനങ്ങൾ കുറവായിരുന്നു. ബന്ധങ്ങൾ തകർന്നിരുന്നില്ല. എന്നാൽ ഇപ്പോൾ നമ്മുടെ ചലനങ്ങൾ സാവധാനത്തിലാണ്, മുതുകുകൾ കൂടുതൽ വളഞ്ഞിരിക്കുന്നു. നമ്മൾ മുടന്തുന്നു. ചുറ്റപ്പെട്ടിരിക്കുന്നു. മുള്ളുകളാൽ കുത്തിനോവിക്കപ്പെടുന്നു.
ഇങ്ങനെയുള്ള ഭാരങ്ങളില്ലായിരുന്നെങ്കിൽ നമ്മൾ എത്രത്തോളം ഫലപ്രദരാകുമായിരുന്നു എന്ന് ചിന്തിക്കാൻ വളരെ എളുപ്പമാണ്. നമുക്ക് കൂടുതൽ വേഗത്തിൽ ഓടാൻ കഴിഞ്ഞിരുന്നെങ്കിൽ നമ്മൾ വളരെ നല്ല മാതാപിതാക്കളും, നേതാക്കന്മാരും, ജോലിക്കാരും, ക്രിസ്ത്യാനികളും ആകുമായിരുന്നില്ലേ? ദൈവരാജ്യത്തിനായി നമ്മൾ കൂടുതൽ നന്മ ചെയ്യുമായിരുന്നില്ലേ?
ഒരുപക്ഷേ യാക്കോബും, ദാവീദും, പൗലോസും അങ്ങനെ ചിന്തിച്ചിട്ടുണ്ടാകാം. മുടന്തും, എറിയപ്പെട്ട കുന്തങ്ങളും, മുള്ളുകളും കാര്യക്ഷമതയെ തടസ്സപ്പെടുത്താനും പദ്ധതികളെ നശിപ്പിക്കാനും കഴിവുള്ളവയാണ്. എന്നിരുന്നാലും, കാലം കഴിഞ്ഞപ്പോൾ ദൈവത്തിൻ്റെ ജ്ഞാനം അവർക്ക് വ്യക്തമായി. യാക്കോബിന്റെ മുടന്ത് അവനെ കർത്താവിനോട് ചേർത്ത് നിർത്തി (ഉല്പത്തി 32:31). ദാവീദിന്റെ ശത്രുക്കൾ ദൈവത്തെ അവന്റെ കോട്ടയാക്കി (സങ്കീർത്തനം 27:1). പൗലോസിന്റെ മുള്ള് ശക്തിയെക്കാൾ മധുരതരമായ ഒരു വാക്ക് അവന് നൽകി: "എന്റെ കൃപ നിനക്ക് മതി" (2 കൊരിന്ത്യർ 12:9). ഒരുകാലത്ത്, ചെറുപ്പക്കാരനായ യാക്കോബ് തനിക്ക് ഇഷ്ടമുള്ളിടത്തോളം വേഗത്തിൽ ഓടി നടന്നു. പിന്നീട്, ഒരു മുടന്തുമായിട്ടാണ് അയാൾ നടന്നത്.
ദൈവകൃപയുടെ വിസ്മയകരമായ വഴികൾക്ക് അവരുടെ കഥകൾ സാക്ഷ്യം വഹിക്കുന്നു. ചാൾസ് സ്പർജൻ ഒരിക്കൽ പ്രസംഗിച്ചതുപോലെ, "ഒരു ബുദ്ധിമുട്ടും ഇല്ലാതിരിക്കുന്നത് നല്ല കാര്യമാണ്; എന്നാൽ ഒരു ബുദ്ധിമുട്ട് ഉണ്ടായിരിക്കുകയും, അത് സഹിക്കാൻ ആവശ്യമായ കൃപ എങ്ങനെ നേടണമെന്ന് അറിയുകയും ചെയ്യുന്നത് അതിലും നല്ല കാര്യമാണ്."
ബുദ്ധിമുട്ടില്ലാത്ത ദിനങ്ങൾ
സ്പർജന്റെ ഉപദേശത്തിന്റെ ആദ്യഭാഗം നന്നായി ശ്രദ്ധിക്കുക: ഒരു ബുദ്ധിമുട്ടും ഇല്ലാതിരിക്കുന്നത് നല്ല കാര്യം തന്നെയാണ്.
ബുദ്ധിമുട്ടില്ലാത്ത ദിവസങ്ങൾ നമ്മുടെ ഏദൻ അനുഭവത്തെ പ്രതിധ്വനിക്കയും, വരുവാനുള്ള നമ്മുടെ ഉത്തമമായ ഭാവിയെ സൂചിപ്പിക്കുകയും ചെയ്യുന്നു. അവ മരുഭൂമിയിലെ മരുപ്പച്ചയും, തളർന്ന തീർത്ഥാടകർക്കുള്ള വിശ്രമസ്ഥലവുമാണ്. അങ്ങനെയുള്ള ദിവസങ്ങളിൽ യേശു നമ്മളോട് പറയുന്നു, "നിങ്ങൾ ഒരു ഏകാന്തസ്ഥലത്തു വേറിട്ടുവന്നു അല്പം ആശ്വസിച്ചുകൊൾവിൻ" (മർക്കോസ് 6:31). അവ പച്ചയായ പുൽമേടുകളെയും ശാന്തമായ ജലാശയങ്ങളെയും പോലെയും, പ്രതീക്ഷിക്കാത്ത ഒരു ശബ്ബത്തിനെ പോലെയും, പാലും തേനും ഒഴുകുന്ന ദേശത്തേക്കുള്ള ഒരു സന്ദർശനത്തെ പോലെയും വരുന്നു. അവ വെളിച്ചങ്ങളുടെ പിതാവ് അയച്ച ദാനങ്ങളാണ് (യാക്കോബ് 1:17).
എന്നാൽ നമ്മളെപ്പോലെയുള്ള ആളുകൾക്ക്, ഒരുപാട് ബുദ്ധിമുട്ടില്ലാത്ത ദിവസങ്ങൾ പലപ്പോഴും പ്രശ്നങ്ങൾ കൊണ്ടുവരാം. യാക്കോബ് തന്റെ ജീവിതത്തിലെ ഏറ്റവും സുഖപ്രദമായ സമയങ്ങളിൽ ദൈവത്തിൽനിന്നും അകന്ന്, സ്വന്തം കാര്യങ്ങളിൽ മാത്രം ശ്രദ്ധിച്ചു. ദാവീദ് യുദ്ധക്കളത്തിൽനിന്നും വളരെ ദൂരെ, യാതൊരു ബുദ്ധിമുട്ടുകളുമില്ലാതെ ഒരു മട്ടുപ്പാവിൽ നിൽക്കുമ്പോഴാണ് ബത്ത്-ശേബയെ കാണുകയും, അവളെ നോക്കുന്നതിൽനിന്നും പിന്തിരിയാതിരിക്കുകയും ചെയ്തത് (2 ശമൂവേൽ 11:1-2). പൗലോസിന്റെ സ്വർഗീയ ദർശനങ്ങൾ താഴ്മയില്ലാതെ ലഭിച്ചിരുന്നെങ്കിൽ, അഹങ്കാരം അവനെ നശിപ്പിക്കുമായിരുന്നു (2 കൊരിന്ത്യർ 12:7).
നമുക്കും ഇത് മനസ്സിലാക്കാൻ കഴിയും. ബുദ്ധിമുട്ടില്ലാത്ത ദിവസങ്ങൾ ഒരു സമ്മാനമാണ്; അതോടൊപ്പം അത് അപകടകരവുമാണ്. വളരെയധികം ശ്രദ്ധിച്ചില്ലെങ്കിൽ, ഏറ്റവും സമാധാനമുള്ള ദിവസങ്ങൾ ബൈബിൾ വായനയുടെ പ്രാധാന്യം കുറയ്ക്കാനും, പ്രാർത്ഥനയുടെ തീവ്രത ഇല്ലാതാക്കാനും, പാപത്തെ അപകടമില്ലാത്തതായി കാണാനും, സാത്താൻ സജീവമല്ല എന്ന് വിചാരിക്കാനും, യേശുവിനെ അമൂല്യമല്ലാതാക്കാനും, ആത്മീയ യാഥാർത്ഥ്യങ്ങളെ യഥാർത്ഥമല്ലാതാക്കാനും സാധ്യതയുണ്ട്. യാതൊരു ബുദ്ധിമുട്ടുകളുമില്ലാത്ത ദിവസങ്ങളിൽ നമ്മൾ നമ്മുടെ സ്ഥാനങ്ങളിൽ നിന്ന് മാറിപ്പോവുകയും, കാവലില്ലാതെ മട്ടുപ്പാവിൽ ചുറ്റിനടക്കുകയും ചെയ്യുന്നു.
അങ്ങനെയാണെങ്കിൽ, ചിലപ്പോൾ ആത്മാവിന് ഏറ്റവും വലിയ അപകടങ്ങൾ ഭാരങ്ങളല്ല, മറിച്ച് തടസ്സങ്ങളില്ലാത്ത അനുഗ്രഹങ്ങളാണ്; വേദനകളല്ല, മറിച്ച് അവസാനിക്കാത്ത സന്തോഷങ്ങളാണ്; ബുദ്ധിമുട്ടുകളല്ല, മറിച്ച് നീണ്ട ശാന്തതയാണ്; കഷ്ടതകളല്ല, മറിച്ച് ഭീഷണിയില്ലാത്ത സുരക്ഷിതത്വമാണ്. ധനവാന് ദൈവരാജ്യത്തിൽ കടക്കുന്നത് എത്ര പ്രയാസമാണ് (ലൂക്കോസ് 18:24) ; അതുപോലെതന്നെ ബുദ്ധിമുട്ടില്ലാത്തവനും.
കഷ്ടപ്പാടുകൾ കൂടുമ്പോൾ
ബുദ്ധിമുട്ടുകൾ ആത്മീയതയുടെ ആഴം ഉറപ്പുനൽകുന്നില്ല എന്നത് ഒരു യാഥാർഥ്യമാണ്. പിശാചിന്റെ വലതുകൈയിൽ ഐശ്വര്യമുണ്ടെങ്കിൽ, അവന്റെ ഇടതുകൈയിൽ ദുരന്തങ്ങളാണുള്ളത്. അതുകൊണ്ടാണ് സ്പർജന്റെ ഉപദേശത്തിന്റെ രണ്ടാം ഭാഗം വളരെ പ്രാധാന്യമർഹിക്കുന്നത്: "ഒരു ബുദ്ധിമുട്ട് ഉണ്ടായിരിക്കുകയും, അത് സഹിക്കാൻ ആവശ്യമായ കൃപ എങ്ങനെ നേടണമെന്ന് അറിയുകയും ചെയ്യുന്നത് അതിലും നല്ല കാര്യമാണ്." കൃപയില്ലാതെ ഭാരങ്ങൾ നമ്മളെ തകർക്കും; എന്നാൽ കൃപയോടെയാകുമ്പോൾ അവ നമ്മളെ ദൈവത്തിലേക്ക് അടുപ്പിക്കുന്നു.
അങ്ങനെയെങ്കിൽ, ബുദ്ധിമുട്ടുള്ള ദിവസങ്ങളെ സഹിക്കാൻ സഹായിക്കുന്നതും, ഒരുപക്ഷേ അവയെ കൂടുതൽ മെച്ചപ്പെട്ടതാക്കുന്നതുമായ കൃപ നമുക്ക് എവിടെനിന്നാണ് ലഭിക്കുന്നത്? ദൈവത്തിന് കൃപയുടെ അനേകം നദികളും പുഴകളുമുണ്ട്, എന്നാൽ അവയെല്ലാം ഏതെങ്കിലും വിധത്തിൽ അവന്റെ വചനത്തിലൂടെയാണ് ഒഴുകുന്നത്. ജീവനുള്ള ദൈവത്തിന്റെ ജീവനുള്ള ഈ വാക്കുകളിലാണ്, അവൻ എല്ലാ ബുദ്ധിമുട്ടുകൾക്കുമുള്ള കൃപയും, എല്ലാ ഭാരങ്ങൾക്കുമുള്ള ആശ്വാസവും, തകർന്ന ഓരോ ഹൃദയത്തിനുമുള്ള സൗഖ്യവും ഒരുക്കിയിട്ടുള്ളത്. അതുകൊണ്ടാണ് യാക്കോബിനെ മുടന്തനാക്കുകയും അതേസമയം സൗഖ്യപ്പെടുത്തുകയും ചെയ്തത് ഒരു അനുഗ്രഹത്തിന്റെ വാക്കായിരുന്നത് (ഉല്പത്തി 32:29). ദാവീദിനെ ഉറപ്പിച്ചുനിർത്തിയതും താങ്ങിനിർത്തിയതും "എന്റെ മുഖം അന്വേഷിപ്പിൻ” എന്ന സ്വാഗതാർഹമായ വാക്കാണ് (സങ്കീർത്തനം 27:8). അതുപോലെ, ബലഹീനനായിരുന്ന പൗലോസിനെ പ്രശംസിക്കുവാൻ പ്രേരിപ്പിച്ചതും ഒരു വാഗ്ദത്തമാണ് (2 കൊരിന്ത്യർ 12:9-10).
പല ബുദ്ധിമുട്ടുകളും നേരിട്ട വിശുദ്ധന്മാരെയും പോലെ ഈ മൂന്ന് ആളുകളും ഒരു രഹസ്യം കണ്ടെത്തി: ഏറ്റവും കൂടുതൽ കഷ്ടതകൾ ഉള്ളവർക്കാണ് ദൈവം തന്റെ ഏറ്റവും മികച്ച നിധികൾ നൽകുന്നത്. ദൈവവചനത്തിന്റെ വലിയൊരു ഭാഗവും കഷ്ടതയിൽനിന്നും ജനിച്ചതാണ്; പീഡിപ്പിക്കപ്പെട്ട പ്രവാചകന്മാരും, കരയുന്ന സങ്കീർത്തനക്കാരും, തടവിലടയ്ക്കപ്പെട്ട അപ്പൊസ്തലന്മാരും എഴുതിയതാണത്. ബൈബിൾ കണ്ണുനീരിന്റെ പുസ്തകമാണ് ; അതേസമയം അത് കണ്ണുനീർ തുടച്ചുമാറ്റുന്ന ദൈവത്തിന്റെ പുസ്തകവും കൂടിയാണ്. അതിനാൽ, പലപ്പോഴും ബുദ്ധിമുട്ടുകൾ നമ്മുടെ പിതാവിന്റെ ആഴമേറിയ ആശ്വാസങ്ങളിലേക്കുള്ള വാതിൽ തുറക്കുന്നു.
തീർച്ചയായും, എന്റെ കാര്യത്തിലും മറ്റ് പ്രകാശങ്ങൾ അണയുമ്പോഴാണ് ദൈവവചനം കൂടുതൽ തിളക്കത്തോടെ പ്രകാശിക്കുന്നത്. മറ്റൊരാളുടെ ക്രൂരതയാണ് സങ്കീർത്തനം 16-ലൂടെ ദൈവത്തിന്റെ കരുണ എനിക്ക് അനുഭവിക്കാൻ സാധിച്ചത്. സംശയത്തിന്റെ ഇരുട്ടാണ് യെശയ്യാവ് 50-നെ പ്രകാശമാനമാക്കിയത്. ഉറക്കമില്ലാത്ത രാത്രികളാണ് സങ്കീർത്തനം 139-ലെ ദൈവത്തെ എന്റെ അടുത്തേക്ക് കൊണ്ടുവന്നത്. നഷ്ടങ്ങളാണ് ഫിലിപ്പിയർ 4-ൽ എനിക്ക് മഹത്വം നൽകിയത്.
സങ്കീർത്തനക്കാരൻ എഴുതിയതുപോലെ, "എന്റെ ഉള്ളിലെ വിചാരങ്ങളുടെ ബഹുത്വത്തിൽ നിന്റെ ആശ്വാസങ്ങൾ എന്റെ പ്രാണനെ തണുപ്പിക്കുന്നു" (സങ്കീർത്തനം 94:19). ദൈവത്തിന്റെ ആശ്വാസങ്ങളേക്കാൾ, അതായത് അവന്റെ കരം നമ്മുടെ ചുമലിൽ വെക്കുന്നതിനേക്കാളും, അവൻ ധൈര്യം പകരുന്ന ശബ്ദത്തേക്കാളും, അവൻ നമ്മെ താങ്ങിനിർത്തുന്ന അവന്റെ കൈകളേക്കാളും ശ്രേഷ്ഠമായി മറ്റെന്തുണ്ട്? എന്നാൽ അങ്ങനെയുള്ള അമൂല്യമായ ആശ്വാസങ്ങൾ അനേകം കഷ്ടപ്പാടുകളിലൂടെ മാത്രമേ ലഭിക്കുകയുള്ളൂ. അനേകം നെടുവീർപ്പുകളും, വിലാപങ്ങളും, ദുഃഖകരമായ ചിന്തകളുമാകുന്ന പാത്രങ്ങളിലേക്കാണ് ദൈവം തന്റെ വചനത്തിന്റെ ആശ്വാസം പകരുന്നത്.
കാലക്രമേണ അവ, നാം മറ്റുള്ളവർക്ക് ആശ്വാസം പകരുന്ന പാത്രങ്ങളായി മാറുന്നു.
ആഴമേറിയ ഫലപ്രാപ്തി
അപ്പോൾ, നമ്മുടെ വേഗത കുറയ്ക്കുകയും, സമാധാനത്തെ ഇല്ലാതാക്കുകയും, നമ്മുടെ ഫലപ്രാപ്തിയെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന ഭാരങ്ങൾ പോലും തന്റെ ജനത്തിന് നൽകാൻ ദൈവം തയ്യാറാണ്. ദൈവം ഫലപ്രാപ്തിയെക്കുറിച്ച് നമ്മളെക്കാൾ കുറഞ്ഞേ ചിന്തിക്കുന്നുള്ളൂ എന്ന് നമ്മൾ ഒരുപക്ഷേ നിഗമനം ചെയ്തേക്കാം; എന്നാൽ വാസ്തവത്തിൽ, അവൻ അതിനെക്കുറിച്ച് നമ്മളെക്കാൾ വളരെയധികം ചിന്തിക്കുന്നു. അവന്റെ ഫലപ്രാപ്തിയെക്കുറിച്ചുള്ള ആശയം നമ്മുടേതിനേക്കാൾ ആഴമുള്ളതാണ്.
ഫലപ്രാപ്തിയെക്കുറിച്ചുള്ള എന്റെ സ്വന്തം ചിന്തകൾ പലപ്പോഴും, ഉൽപ്പാദനക്ഷമതയുടെ സ്നാനം ചെയ്യിച്ച പതിപ്പ് മാത്രമാണെന്ന് ഞാൻ ഭയപ്പെടുന്നു. ദൈവരാജ്യത്തിലെ ഫലപ്രാപ്തി, മനുഷ്യരാജ്യത്തിലെ ഫലപ്രാപ്തിയെപ്പോലെയാണെന്ന് എനിക്ക് തോന്നും. അതായത്, മുൻകൂട്ടി പ്രവചിക്കാവുന്ന പദ്ധതികളും, തടസ്സങ്ങളില്ലാത്ത വിജയവും, സുഗമമായ നടത്തിപ്പും. അങ്ങനെയുള്ള ഒരു ഫലപ്രാപ്തിക്ക്, മുടന്തിനും, അമ്പുകൾക്കും, മുള്ളുകൾക്കും ഇടമില്ല. എന്നാൽ വാസ്തവത്തിൽ, ഉൽപ്പാദനക്ഷമത എന്നത് യഥാർത്ഥ ഫലപ്രാപ്തിയുടെ ഒരു ഭാഗം മാത്രമാണ്. എന്നാൽ അത് ഏറ്റവും പ്രധാനപ്പെട്ട ഭാഗവുമല്ല.
ദുരിതങ്ങൾ ഇല്ലായിരുന്നെങ്കിൽ, യാക്കോബ് ഒരിക്കലും "എന്റെ കഷ്ടകാലത്ത് എന്റെ പ്രാർത്ഥന കേൾക്കയും ചെയ്ത ദൈവത്തിനു" ഒരു യാഗപീഠം പണിയുമായിരുന്നില്ല (ഉല്പത്തി 35:3). ഒരു സൈന്യം എന്റെ നേരെ പാളയമിറങ്ങിയാലും എന്റെ ഹൃദയം ഭയപ്പെടുകയില്ല എന്ന് പാടുവാൻ ദാവീദ് പഠിക്കുമായിരുന്നില്ല (സങ്കീർത്തനം 27:3). പൗലോസ് "തന്റെ ബലഹീനതകളിൽ സന്തോഷത്തോടെ പ്രശംസിക്കുക"യുമില്ലായിരുന്നു (2 കൊരിന്ത്യർ 12:9). താഴ്മയോടുള്ള സ്തുതി, പൂർണ്ണമായ വിശ്വാസം, ദുഃഖത്തിലും യേശുവിലുള്ള സന്തോഷം; ഇവയെല്ലാം ദുരിതങ്ങളുടെ മരത്തിൽ മാത്രം വളരുന്ന ഫലങ്ങളാണ്.
ഈ ഫലങ്ങളാണ് പലപ്പോഴും നമുക്കും മറ്റുള്ളവർക്കും ഏറ്റവും നല്ല ആഹാരമായി മാറുന്നത് (2 കൊരിന്ത്യർ 1:3-4). ഏറ്റവും നല്ല ചില മാതാപിതാക്കൾ മുടന്തിക്കൊണ്ടാണ് നടക്കുന്നത്. ഏറ്റവും നല്ല ചില നേതാക്കന്മാർ ഉപദേശിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നത് ഉപരോധിക്കപ്പെട്ട ഒരു ആത്മാവോടുകൂടിയാണ്. ഏറ്റവും നല്ല ചില ജോലിക്കാർ ഒരു മുള്ളോടുകൂടിയാണ് കഠിനാധ്വാനം ചെയ്യുന്നത്. ഏറ്റവും നല്ല ചില ക്രിസ്ത്യാനികൾ അവർ പോകുന്നിടത്തെല്ലാം ദുരിതങ്ങൾ വഹിക്കുന്നു. നമുക്ക് വളരെയധികം ആവശ്യമുള്ളതും, മറ്റുള്ളവർ നമ്മളിൽ നിന്ന് വളരെയധികം ആവശ്യപ്പെടുന്നതും ദുരിതങ്ങളിൽ നിന്നും വിമുക്തമായ ഒരു ജീവിതമല്ല, മറിച്ച് ദുരിതങ്ങളുടെ നടുവിലും ജീവിക്കുകയും വളരുകയും ചെയ്യുന്ന യേശുവിനോടുള്ള സ്നേഹമാണ്.
തീർച്ചയായും, നമ്മുടെ ഫലപ്രാപ്തിയെക്കുറിച്ച് ദൈവത്തിന് വലിയ കരുതലാണുള്ളത്. അതുകൊണ്ടാണ് ചില സമയങ്ങളിൽ അവൻ നമ്മളെ മുടന്തനാക്കുന്നതും, ചുറ്റപ്പെടുന്ന അവസ്ഥയിൽ ആക്കുന്നതും, ഒരു മുള്ള് നൽകുന്നതും.
ഭാരമുള്ളവർ ഭാഗ്യവാന്മാർ
യാതൊരു തടസ്സങ്ങളുമില്ലാതെ, തിളക്കമുള്ള ആകാശത്തിനു കീഴെയുള്ള വിശാലവും നേരുള്ളതുമായ പാതയിലൂടെ എനിക്ക് സുരക്ഷിതമായി സ്വർഗ്ഗത്തിൽ എത്താൻ കഴിയുമെന്ന് ഞാൻ ചിന്തിക്കാൻ ആഗ്രഹിക്കുന്നു. യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാതെ തന്നെ ഞാൻ ദൈവത്തോട് വിശ്വസ്തനായിരിക്കുമെന്ന് സങ്കൽപ്പിക്കാനും ഞാൻ ആഗ്രഹിക്കുന്നു. അതുകൊണ്ട് ചില സമയങ്ങളിൽ, ഞാൻ പൗലോസിന്റെ അപ്പോസ്തല പ്രവർത്തികൾ 14:22-ലെ വാക്കുകൾ ഇങ്ങനെ മാറ്റിപ്പറയുവാൻ ആഗ്രഹിക്കുന്നു: "നാം ബുദ്ധിമുട്ടില്ലാത്ത ദിവസങ്ങളിലൂടെ ദൈവരാജ്യത്തിൽ പ്രവേശിക്കണം."
എന്നാൽ നമ്മുടേത് പോലെയുള്ള ലോകത്തിൽ, നമ്മുടേത് പോലെയുള്ള ഹൃദയങ്ങളിലേക്ക് ദൈവത്തിന്റെ ഏറ്റവും നല്ല സമ്മാനങ്ങളിൽ ചിലത് കഷ്ടപ്പാടുകളാകുന്ന കറുത്ത പൊതിയിൽ പൊതിഞ്ഞാണ് വരുന്നത്. അവന്റെ നല്ല കൈകളിൽ, കഷ്ടപ്പാടുകൾ നമ്മെ യേശുവിലേക്ക് ചാരിനിർത്തുന്ന മുടന്തുകളാണ്. നമ്മളെ ദൈവത്തിലേക്ക് ഓടിക്കുന്ന ശത്രുക്കളാണ്, മേലെയുള്ള ശക്തി നൽകുന്ന മുള്ളുകളാണ്. അവ ചിലപ്പോൾ താങ്ങാനാവാത്ത വിധം നമ്മെ ഭാരപ്പെടുത്തുന്നു. എന്നാൽ അവ നമ്മളെ, ജീവിതത്തേക്കാൾ ഉത്തമമായ ദയായുള്ളവന്റെ ; അടുത്തേക്ക് അടുപ്പിക്കുകയും ചെയ്യുന്നു (സങ്കീർത്തനം 63:3).
അതുകൊണ്ട്, ബുദ്ധിമുട്ടില്ലാത്ത ദിവസങ്ങൾ ആസ്വദിക്കുന്നത് എത്ര നല്ലതാണോ, അതിനേക്കാൾ നല്ലതാണ് ഒരു കഷ്ടപ്പാടുണ്ടായിരിക്കുകയും അതിന്റെ നടുവിൽ ദൈവത്തോടൊപ്പം നടക്കുകയും ചെയ്യുന്നത്.
