ഇതൊരുപക്ഷേ വളരെ ലളിതവും നേരായതും, ഒരുപക്ഷേ സാധാരണവുമായ ഒരു ആശയമായി തോന്നാം.
ഇതൊരു ആകർഷകമായ ആശയമല്ല, അധികം ശ്രദ്ധ ആകർഷിക്കുന്ന ഒന്നുമല്ല. ഇത് സാധാരണയായി വലിയ വാർത്തയാകാറുമില്ല. ചിലപ്പോൾ ഒരു ഓറിയോ ബിസ്കറ്റോ, ഫ്രഞ്ച് ഫ്രൈയോ, മിൽക്ക് ഷേക്കോ അധികം കഴിക്കാതെ ഒഴിഞ്ഞുമാറുന്നത്ര നിസ്സാരമായി ഇത് തോന്നാം. അല്ലെങ്കിൽ നെറ്റ്ഫ്ലിക്സ് ഓഫ് ചെയ്യാനോ ഫേസ്ബുക്കിൽ നിന്ന് നേരത്തെ ലോഗ് ഓഫ് ചെയ്യാനോ തിരഞ്ഞെടുക്കുന്നതുപോലെയുമാകാം. അല്ലെങ്കിൽ, മദ്യപാനത്തിൽ നിന്നും ലൈംഗിക പാപങ്ങളിൽ നിന്നും അകലം പാലിക്കുന്നു എന്ന് പറയുന്നത് പോലെ ഇത് വളരെ പ്രധാനപ്പെട്ട ഒന്നായി അനുഭവപ്പെട്ടേക്കാം. പാപപങ്കിലമായ ഈ ലോകത്തിൽ, ഇത് ഏറ്റവും ഉയർന്ന ക്രിസ്തീയ സദ്ഗുണങ്ങളിൽ ഒന്നായി നിലകൊള്ളുന്നു. എന്നിരുന്നാലും, ഇത് പരിശീലിക്കാൻ പഠിക്കുന്നത് നിങ്ങൾ ചെയ്യേണ്ടി വരുന്ന ഏറ്റവും പ്രയാസമേറിയ കാര്യങ്ങളിൽ ഒന്നായിരിക്കും.
ഇന്ദ്രീയജയം (Self-control) – ആ വാക്ക് തന്നെ വളരെ ലളിതവും വ്യക്തവുമാണ്. അതിൽ ഒരു വളച്ചുകെട്ടലോ, കടുപ്പം കുറയ്ക്കുന്ന പ്രയോഗങ്ങളോ, മനോഹരമായ വാക്യങ്ങളോ ഇല്ല. അത് അർത്ഥമാക്കുന്നത് അതുതന്നെയാണ്: നമ്മുടെ പാപകരമായ സ്വഭാവത്തിലെ ആഗ്രഹങ്ങളെ നിയന്ത്രിക്കുക എന്ന അത്രയും പ്രധാനപ്പെട്ടതും, ആകർഷകവും, എന്നാൽ മിക്കവാറും അസാധ്യവുമായ ഒരു പരിശീലനമാണ് ഇന്ദ്രീയജയം. ജീവിതം സുഖകരമായിരിക്കുമ്പോൾ മാത്രമല്ല, സമ്മർദ്ദത്തിലായിരിക്കുമ്പോഴും, പ്രലോഭനം നേരിടുമ്പോഴും, കഷ്ടതകളിലൂടെ കടന്നുപോകുമ്പോഴും നിങ്ങളെത്തന്നെ നിയന്ത്രിക്കുന്നതിനെക്കുറിച്ചാണിത്. പല അർത്ഥത്തിലും, ഇന്ദ്രീയജയം എന്നത് പറയാൻ എളുപ്പമുള്ളതും എന്നാൽ യഥാർത്ഥത്തിൽ പ്രാവർത്തികമാക്കാൻ അതീവ ബുദ്ധിമുട്ടുള്ളതുമായ ഒന്നിന്റെ ഉദാഹരണമാണ്.
ഇത് പഠിപ്പിക്കാൻ കഴിയും
"മാർഷ്മാലോ മാൻ" എന്നറിയപ്പെടുന്ന വാൾട്ടർ മിഷേൽ, ഇന്ദ്രീയജയത്തെക്കുറിച്ചുള്ള തൻ്റെ പരീക്ഷണങ്ങൾക്ക് പേരുകേട്ട ഒരു പ്രൊഫസറാണ്. ഏകദേശം 50 വർഷങ്ങൾക്ക് മുൻപ്, അഞ്ച് വയസ്സുള്ള കുട്ടികളെ ഒരു മാർഷ്മാലോയുമായി 15 മിനിറ്റ് തനിച്ചാക്കിയാൽ അവർ എങ്ങനെ പ്രതികരിക്കുമെന്ന് കാണാൻ അദ്ദേഹം ഒരു പരീക്ഷണം നടത്തി. അത് കഴിക്കരുതെന്നും, കഴിച്ചില്ലെങ്കിൽ അവർക്ക് രണ്ട് മാർഷ്മാലോകൾ നൽകുമെന്നും നിർദ്ദേശം നൽകിയിരുന്നു. ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്:
"മാർഷ്മെല്ലോ പരീക്ഷണം" എന്ന പേരിൽ പ്രശസ്തമായ പഠനത്തിൽ, മാർഷ്മെല്ലോ ലഭിക്കാൻ കൂടുതൽ നേരം കാത്തിരുന്ന കുട്ടികൾക്ക് പിന്നീട് SAT പരീക്ഷയിൽ ഉയർന്ന സ്കോർ നേടാൻ കഴിഞ്ഞെന്ന് കണ്ടെത്തി. അവർ വളർന്നു വലുതാകുമ്പോൾ മെലിഞ്ഞ ശരീര പ്രകൃതിയുള്ളവരും, ഉയർന്ന ബിരുദങ്ങൾ നേടിയവരും, കൊക്കെയ്ൻ ഉപയോഗിക്കാത്തവരും, സമ്മർദ്ദങ്ങളെ കൂടുതൽ ഫലപ്രദമായി കൈകാര്യം ചെയ്യുന്നവരുമാകാനുള്ള പ്രവണത കാണിച്ചു. ഇപ്പോൾ, ആ മാർഷ്മെല്ലോ പരീക്ഷണം നടത്തിയ കുട്ടികൾക്ക് 50 വയസ്സ് അടുത്തപ്പോൾ, മിഷേലും സംഘവും ഒരു പുതിയ പഠനം നടത്തുകയാണ്: ഇന്ദ്രീയജയത്തിൽ മികവ് പുലർത്തിയവർക്ക് കൂടുതൽ സമ്പത്ത് നേടാനായോ എന്ന്.
ഇപ്പോൾ എൺപതുകളിലെത്തിയ മിഷേൽ, ഇന്ദ്രീയജയമില്ലാത്ത കുട്ടികളുടെ മാതാപിതാക്കൾ തൻ്റെ പ്രധാന കണ്ടെത്തൽ തെറ്റിദ്ധരിക്കരുതെന്ന് ഉറപ്പാക്കാൻ ആഗ്രഹിക്കുന്നു: “നിങ്ങൾ അഞ്ചാം വയസ്സിൽ മാർഷ്മാലോ കഴിച്ചോ എന്നത് നിങ്ങളുടെ വിധിയല്ല. ഇന്ദ്രീയജയം പഠിപ്പിക്കാൻ കഴിയും.”
ഇത് ക്രിസ്തീയമാണെങ്കിൽ
സ്നേഹത്തിനും ഭക്തിക്കുമൊപ്പം, പൂർണ്ണതയിലുള്ള ഒരു ക്രിസ്തീയ ജീവിതത്തെ വിവരിക്കാൻ ഉപയോഗിക്കുന്ന ഒരു പ്രധാന പദമാണ് ഇന്ദ്രീയജയം (2 തിമൊഥെയൊസ് 1:7; തീത്തൊസ് 2:6, 12; 1 പത്രൊസ് 4:7; 2 പത്രൊസ് 1:6). അപ്പൊസ്തലൻ്റെ പ്രശസ്തമായ പട്ടികയിലെ "ആത്മാവിൻ്റെ ഫലങ്ങളിൽ" ഏറ്റവും അവസാനത്തേതാണിത് (ഗലാത്യർ 5:22-23), സഭയിലെ നേതാക്കന്മാർക്ക് ഉണ്ടായിരിക്കേണ്ട ആദ്യത്തെ ഗുണങ്ങളിൽ ഒന്നും ഇതുതന്നെ (1 തിമൊഥെയൊസ് 3:2; തീത്തൊസ് 1:8). ക്രിസ്തീയ സുവിശേഷത്തെയും ലോകവീക്ഷണത്തെയും കുറിച്ചുള്ള അപ്പൊസ്തലൻ്റെ ന്യായവാദത്തെ അപ്പൊസ്തലപ്രവൃത്തികൾ സംഗ്രഹിക്കുന്നത് "നീതി, ഇന്ദ്രീയജയം, വരുവാനുള്ള ന്യായവിധി" എന്നിങ്ങനെയാണ് (പ്രവൃത്തികൾ 24:25). സദൃശവാക്യങ്ങൾ 25:28 ആത്മസംയമനമില്ലാത്ത പുരുഷനെ" "മതിലില്ലാതെ ഇടിഞ്ഞുകിടക്കുന്ന പട്ടണത്തോട്" ഉപമിക്കുന്നു.
ഒന്നാമതായി, ഒരാൾ സ്വയം നിയന്ത്രിക്കുക എന്ന ആശയം കുറഞ്ഞത് രണ്ട് കാര്യങ്ങളെ സൂചിപ്പിക്കുന്നു: 1) നമ്മിൽ മെരുക്കേണ്ടതായ ഒന്നിൻ്റെ സാന്നിദ്ധ്യം, 2) അതിനെ നിയന്ത്രിക്കാൻ നമ്മിലോ നമ്മിലൂടെയോ ഏതെങ്കിലും ഒരു ശക്തിസ്രോതസ്സിനെ ആശ്രയിക്കാനുള്ള സാധ്യത. വീണ്ടും ജനിച്ചവരെ സംബന്ധിച്ചിടത്തോളം, നമ്മുടെ ഹൃദയങ്ങൾ പുതിയതാണ്, എന്നാൽ പാപത്തിൻ്റെ വിഷം ഇപ്പോഴും നമ്മുടെ സിരകളിലൂടെ ഒഴുകുന്നു. പൂർണ്ണമായും ഉപേക്ഷിക്കേണ്ട ദുഷിച്ച ആഗ്രഹങ്ങൾ മാത്രമല്ല, ഉചിതമായ രീതിയിൽ മാത്രം ആസ്വദിക്കുകയും നിയന്ത്രിക്കുകയും ചെയ്യേണ്ട നല്ല ആഗ്രഹങ്ങളുമുണ്ട്.
ക്രിസ്തീയ ഇന്ദ്രീയജയത്തിന് പല വശങ്ങളുണ്ട്. അത് "ഒരാളുടെ പെരുമാറ്റത്തെയും അതിനുപിന്നിലുള്ള പ്രേരണകളെയും വികാരങ്ങളെയും നിയന്ത്രിക്കുന്നതും" ഉൾക്കൊള്ളുന്നു (ഫിലിപ്പ് ടൗണർ, ലെറ്റേഴ്സ് ടു തിമോത്തി ആൻഡ് ടൈറ്റസ്, 252). അതിൽ നമ്മുടെ മനസ്സും വികാരങ്ങളും ഉൾപ്പെടുന്നു — നമ്മുടെ ബാഹ്യമായ പ്രവൃത്തികൾ മാത്രമല്ല, നമ്മുടെ ആന്തരിക അവസ്ഥയും.
ഹൃദയം, മനസ്സ്, ശരീരം, മദ്യം, ലൈംഗികത
ബൈബിളനുസരിച്ച്, ഇന്ദ്രീയജയം അല്ലെങ്കിൽ അതിൻ്റെ അഭാവം നമ്മിലെ ഏറ്റവും ആഴമേറിയ ഭാഗമായ ഹൃദയത്തിലേക്ക് പോകുന്നു. അത് നമ്മുടെ വികാരങ്ങളുടെ നിയന്ത്രണത്തിൽ നിന്ന് ആരംഭിച്ച് നമ്മുടെ മനസ്സിനെയും ഉൾക്കൊള്ളുന്നു. ഇന്ദ്രീയജയം പലപ്പോഴും "സുബോധവുമായി" ചേർത്താണ് പറയാറുള്ളത് (1 തിമൊഥെയൊസ് 3:2; തീത്തൊസ് 1:8; തീത്തൊസ് 2:2; 1 പത്രൊസ് 4:7), കൂടാതെ പലയിടത്തും "ഇന്ദ്രീയജയം" എന്ന പദപ്രയോഗം മനസ്സിനെയാണ് പ്രത്യേകം സൂചിപ്പിക്കുന്നത്. മർക്കോസ് 5:15-ഉം ലൂക്കോസ് 8:35-ഉം സുഖം പ്രാപിച്ച ഭൂതഗ്രസ്തനെ "വസ്ത്രം ധരിച്ച് സുബോധമുള്ളവനായി" ചിത്രീകരിക്കുന്നു. പൗലോസ് തനിക്ക് സുബോധമുണ്ടെന്ന് പറയാൻ സമാനമായ ഭാഷ ഉപയോഗിക്കുന്നു (2 കൊരിന്ത്യർ 5:13), അതുപോലെ തനിക്ക് ഭ്രാന്തില്ലെന്നും പറയുന്നു (പ്രവൃത്തികൾ 26:25). റോമർ 12:3 ഓരോ ക്രിസ്ത്യാനിയെയും "ഭാവിക്കേണ്ടതിന്നു മീതെ ഭാവിച്ചുയരാതെ," മറിച്ച് ഒരുതരം ആത്മനിയന്ത്രണം പാലിക്കാൻ ഉപദേശിക്കുന്നു: "സുബോധമാകുംവണ്ണം ഭാവിക്കേണം".
ഇന്ദ്രീയജയം ശാരീരികവും പുറമേയുള്ളതുമാണ്. അപ്പൊസ്തലൻ തൻ്റെ ശരീരത്തെ "നിയന്ത്രണത്തിലാക്കാൻ" അതിനെ ദണ്ഡിപ്പിക്കുന്നു (1 കൊരിന്ത്യർ 9:25-27). "വീഞ്ഞിന് അടിമകളാകരുത്" എന്നും ഇതിനർത്ഥം വരാം (തീത്തൊസ് 2:3-5). പ്രത്യേകിച്ചും, ഇന്ദ്രീയജയം എന്ന പദത്തിന് പലപ്പോഴും ലൈംഗികമായ സൂചനകളുണ്ട്. പൗലോസ് ക്രിസ്ത്യാനികളോട് "ദുർന്നടപ്പു വിട്ടൊഴിഞ്ഞു ഓരോരുത്തൻ ദൈവത്തെ അറിയാത്ത ജാതികളെപ്പോലെ കാമവികാരത്തിലല്ല, വിശുദ്ധീകരണത്തിലും മാനത്തിലും താന്താന്റെ പാത്രത്തെ നേടിക്കൊള്ളട്ടെ" എന്നും നിർദ്ദേശിക്കുന്നു (1 തെസ്സലൊനീക്യർ 4:3-5). 1 തിമൊഥെയൊസ് 2:9-ൽ സ്ത്രീകൾക്കുള്ള ഒരു നിർദ്ദേശത്തിൽ, ഇന്ദ്രീയജയം ലജ്ജാശീലവുമായി ബന്ധപ്പെട്ടിരിക്കുന്നു. 1 കൊരിന്ത്യർ 7, വിവാഹിതരായവരിൽ ആത്മനിയന്ത്രണമില്ലായ്മ ഉണ്ടാകാമെന്നും, അവർ അനാവശ്യമായി ദീർഘനേരം ലൈംഗികമായി അകന്നു നിന്നാൽ സാത്താന് അവസരം ലഭിച്ചേക്കാമെന്നും പറയുന്നു (1 കൊരിന്ത്യർ 7:5). ദൈവം ചിലർക്ക് ഏകാകിയായി ജീവിക്കാനുള്ള വിളിയും അതോടൊപ്പം ഓരോരുത്തനും "താന്താന്റെ കൃപാവരവും” ദൈവം നല്കിയിരിക്കുന്നു (1 കൊരിന്ത്യർ 7:37); മറ്റു ചിലർക്ക് "ജിതേന്ദ്രിയത്വമില്ലെങ്കിൽ" വിവാഹം കഴിക്കുന്നത് നല്ലതാണെന്നും പറയുകയും ചെയ്യുന്നു (1 കൊരിന്ത്യർ 7:9).
അങ്ങനെയെങ്കിൽ, ഒരു ക്രിസ്ത്യാനിയോടുള്ള ചോദ്യം ഇതാണ്: ഇന്ദ്രീയജയം ഇത്രയധികം പ്രാധാന്യമുള്ളതാണെങ്കിൽ; അത് പഠിപ്പിക്കാൻ കഴിയുന്ന ഒന്നാണെങ്കിൽ; ഒരു ക്രിസ്ത്യാനി എന്ന നിലയിൽ ഞാനെങ്ങനെയാണ് അത് നേടിയെടുക്കേണ്ടത്?
നിങ്ങളുടെ ഉറവിടം നിങ്ങളിൽ നിന്നല്ല പുറത്തുനിന്നാണെന്ന് കണ്ടെത്തുക
പ്രൊഫസർ മിഷേൽ ശ്രദ്ധ തിരിക്കുന്നതിൻ്റെയും അകലം പാലിക്കുന്നതിൻ്റെയും ഒരു സുവിശേഷം പ്രസംഗിക്കുന്നു:
വിജയിച്ച കുട്ടികൾ കുക്കിക്ക് പുറംതിരിഞ്ഞു നിൽക്കുകയും, അതിനെ തള്ളിമാറ്റുകയും, അതൊരു മരക്കഷണം പോലെ ഭക്ഷ്യയോഗ്യമല്ലാത്ത ഒന്നാണെന്ന് നടിക്കുകയും, അല്ലെങ്കിൽ ഒരു പാട്ട് ഉണ്ടാക്കുകയും ചെയ്യുന്നു. കുക്കിയെ തുറിച്ചുനോക്കുന്നതിനു പകരം, അവർ അതിനെ തങ്ങളെ അത്രയധികം ആകർഷിക്കാത്ത ഒന്നാക്കി മാറ്റുന്നു... നിങ്ങൾ അതിനെക്കുറിച്ച് എങ്ങനെ ചിന്തിക്കുന്നു എന്ന് മാറ്റിയാൽ, നിങ്ങൾക്ക് തോന്നുന്നതിലും നിങ്ങൾ ചെയ്യുന്നതിലും അതിൻ്റെ സ്വാധീനം മാറും.
ഇതൊരു നല്ല ആരംഭമാണെങ്കിലും, വേദപുസ്തകം കേവലം നിഷേധിക്കലിനപ്പുറം കൂടുതൽ പഠിപ്പിക്കുന്നുണ്ട്. വെറും ശ്രദ്ധതിരിക്കലല്ല, മറിച്ച് രൂപാന്തരീകരണത്തിന്റെയും നിലനിൽക്കുന്ന ശക്തിയുടെയും യഥാർത്ഥ ഉറവിടത്തിലേക്ക് നമ്മുടെ നോട്ടം തിരിക്കാനാണ് അത് നമ്മെ വിളിക്കുന്നത്. നമുക്കപ്പുറത്തുള്ള ഒന്നാണത്. അവിടെ നമുക്ക് സംതൃപ്തി കണ്ടെത്താൻ കഴിയും. ഇന്ദ്രീയജയത്തിന്റെ രഹസ്യം നമ്മുടെ ഉള്ളിലല്ല, മറിച്ച് നമുക്ക് മീതെയാണ്.
ദാനവും കടമയും
യഥാർത്ഥ ഇന്ദ്രീയജയം പരിശുദ്ധാത്മാവിനാൽ നമ്മിൽ ഉളവാക്കപ്പെടുന്ന, മുകളിൽ നിന്നുള്ള ഒരു ദാനമാണ്. അത് ഉള്ളിൽ നിന്ന് ഉണ്ടാക്കുന്നതിനുപകരം പുറത്തുനിന്ന് ലഭിക്കുന്നതാണെന്ന് നാം അംഗീകരിക്കുന്നതുവരെ, നാം സ്വയം നിയന്ത്രിക്കാൻ നടത്തുന്ന ശ്രമങ്ങൾ ദൈവത്തിനല്ല, മറിച്ച് നമ്മുടെ പ്രശംസയ്ക്കായി മാറും.
എന്നാൽ ഇന്ദ്രീയജയം നാം നിഷ്ക്രിയമായി സ്വീകരിക്കുന്ന ഒരു ദാനമല്ല, മറിച്ച് സജീവമായി സ്വീകരിക്കുന്ന ഒന്നാണെന്നും നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഉറവിടം നമ്മളല്ല, പക്ഷേ നാം അതിൽ സജീവമായി പങ്കാളികളാണ്. നാം ആ ദാനം തുറക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്നു. ഇന്ദ്രീയജയത്തിൻ്റെ കൃപ സ്വീകരിക്കുക എന്നതിനർത്ഥം, അതിനെ പൂർണ്ണമായി ഉള്ളിലേക്ക് എടുക്കുകയും പിന്നീട് ആ കൃപയുടെ യഥാർത്ഥ പ്രയോഗത്തിലേക്ക് കൊണ്ടുവരികയും ചെയ്യുക എന്നതാണ്. എഡ് വെൽഷ് പറയുന്നു, "എബ്രായർക്ക് വാഗ്ദത്ത ദേശം വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു, എങ്കിലും അവർ ഓരോ പട്ടണമായി ബലപ്രയോഗത്തിലൂടെ അത് പിടിച്ചെടുക്കേണ്ടിയിരുന്നു. അതുപോലെ, ഇന്ദ്രീയജയം എന്ന ദാനം നമുക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്, എങ്കിലും നാമും അത് ബലപ്രയോഗത്തിലൂടെ നേടിയെടുക്കണം" ("ഇന്ദ്രീയജയം: 'ഒന്നുകൂടി' എന്നതിനെതിരായ യുദ്ധം").
ഒരുപക്ഷേ നിങ്ങൾക്ക് യഥാർത്ഥ ഇന്ദ്രീയജയത്തിൻ്റെ ഒരു പ്രതീതിയുണ്ടാക്കാൻ സ്വയം കബളിപ്പിക്കാൻ കഴിഞ്ഞേക്കും. 'വേണ്ട' എന്ന് പറയാനുള്ള ഇച്ഛാശക്തി നിങ്ങൾക്ക് ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞേക്കാം. എന്നാൽ അതിൻ്റെ മഹത്വം നിങ്ങൾക്ക് മാത്രം ലഭിക്കുന്നു. അത് ഒരു ക്രിസ്ത്യാനിക്ക് തൃപ്തികരമായിരിക്കില്ല.
യേശുവിന് മഹത്വം ലഭിക്കണമെന്ന് നാം ആഗ്രഹിക്കുന്നു. അവൻ നൽകുന്ന ശക്തിയിൽ നാം സ്വയം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നു. നാം 'വേണ്ട' എന്ന് പറയാൻ പഠിക്കുന്നു, പക്ഷേ നാം വെറുതെ 'വേണ്ട' എന്ന് പറയുകയല്ല ചെയ്യുന്നത്. സ്വന്തമായി അത് ചെയ്യുന്നതിലെ അപര്യാപ്തതയും ശൂന്യതയും നാം സമ്മതിക്കുന്നു. നാം യേശുവിൻ്റെ സഹായത്തിനായി പ്രാർത്ഥിക്കുന്നു, ഉത്തരവാദിത്തമുള്ളവരുമായി ബന്ധം സ്ഥാപിക്കുന്നു, വ്യക്തമായ പദ്ധതികൾ രൂപപ്പെടുത്തുന്നു ("വ്യക്തവും പരസ്യവുമായ ഒരു പദ്ധതി വികസിപ്പിക്കുക," എന്ന് വെൽഷ് ഉപദേശിക്കുന്നു). എല്ലാ നല്ല പ്രവൃത്തികൾക്കും ശക്തി നൽകുമെന്നുള്ള ദൈവത്തിൻ്റെ വാഗ്ദത്തങ്ങളിൽ നാം വിശ്വസിക്കുന്നു (2 കൊരിന്ത്യർ 9:8; ഫിലിപ്പിയർ 4:19), തുടർന്ന് അവൻ നമ്മിലും നമ്മിലൂടെയും അത് ചെയ്യുമെന്ന വിശ്വാസത്തിൽ പ്രവർത്തിക്കുന്നു (ഫിലിപ്പിയർ 2:12-13). അതിനുശേഷം, ആത്മാവ് നൽകിയ ഓരോ പരിശ്രമത്തിനും വിജയത്തിനും ഇന്ദ്രീയജയത്തിലെ ഓരോ മുന്നേറ്റത്തിനും നാം അവന് നന്ദി പറയുന്നു.
ക്രിസ്തു-നിയന്ത്രണം
ആത്യന്തികമായി, നാം സ്വയം നിയന്ത്രിക്കുന്നത് ക്രിസ്തുവിനാൽ നിയന്ത്രിക്കപ്പെടുന്നതിനെക്കുറിച്ചാണ്. "ക്രിസ്തുവിൻ്റെ സ്നേഹം നമ്മെ നിർബന്ധിക്കുമ്പോൾ" (2 കൊരിന്ത്യർ 5:14), അവൻ നമ്മുടെ പരമാധികാരിയാണെന്നും, ദൈവം "ഒന്നും അവൻ്റെ നിയന്ത്രണത്തിന് പുറത്ത് വിട്ടിട്ടില്ലെന്നും" (എബ്രായർ 2:8) ഉള്ള സത്യം നാം സ്വീകരിക്കുമ്പോൾ, ഇന്ദ്രീയജയം പ്രയോഗിക്കാൻ നമ്മുടെ സ്വന്തം ശക്തി ആവശ്യമില്ലെന്ന സ്വാതന്ത്ര്യത്തിൽ നമുക്ക് ആനന്ദിക്കാം, മറിച്ച് മറ്റൊരാളുടെ ശക്തിയിൽ നമുക്ക് ശക്തി കണ്ടെത്താൻ കഴിയും. യേശുവിൽ, "തേജസ്സിന്റെ പ്രത്യക്ഷതെക്കായിട്ടും...നമ്മെ പരിശീലിപ്പിക്കുന്നു" — "ഭക്തികേടും പ്രപഞ്ചമോഹങ്ങളും വർജ്ജിച്ചിട്ടു" മാത്രമല്ല, "സുബോധത്തോടും നീതിയോടും ദൈവഭക്തിയോടുംകൂടെ ജീവിക്കണം" (തീത്തൊസ് 2:11-12). ക്രിസ്തീയ ഇന്ദ്രീയജയം ആത്യന്തികമായി നമ്മുടെ ശാരീരിക മോഹങ്ങളെ നമ്മുടെ സ്വന്തം നിയന്ത്രണത്തിൻ കീഴിലാക്കുന്നതിനെക്കുറിച്ചല്ല, മറിച്ച് അവിടുത്തെ ആത്മാവിൻ്റെ ശക്തിയാൽ ക്രിസ്തുവിൻ്റെ നിയന്ത്രണത്തിൻ കീഴിലാക്കുന്നതിനെക്കുറിച്ചാണ്.
ഇന്ദ്രീയജയം ദൈവത്തിൻ്റെ ആത്മാവിനാൽ നമ്മിലും നമ്മിലൂടെയും ഉളവാക്കപ്പെടുന്ന ഒരു ദാനമായതിനാൽ, ഇന്ദ്രീയജയത്തിൽ വളരുന്നതിനെക്കുറിച്ച് ഈ ഭൂമിയിൽ ഏറ്റവും പ്രത്യാശയുള്ളവരായിരിക്കാൻ കഴിയുന്നതും കഴിയേണ്ടതും ക്രിസ്ത്യാനികൾക്കാണ്. എല്ലാത്തിനുമുപരി, നാം ലോകചരിത്രത്തിലെ ഏറ്റവും ഇന്ദ്രീയജയമുള്ള മനുഷ്യൻ്റെ സഹോദരന്മാരാണ്.
തൻ്റെ ജീവിതകാലം മുഴുവൻ അവൻ "പാപരഹിതനായിരുന്നു" (എബ്രായർ 4:15). "അവൻ പാപം ചെയ്തിട്ടില്ല; അവൻ്റെ വായിൽ വഞ്ചനയൊന്നും ഉണ്ടായിരുന്നില്ല." (1 പത്രൊസ് 2:22). വിയർപ്പ് രക്തത്തുള്ളികൾ പോലെയായപ്പോഴും അവൻ തൻ്റെ പാതയിൽ ഉറച്ചുനിന്നു (ലൂക്കോസ് 22:44). അവന് പന്ത്രണ്ട് ലെഗ്യോനിലും അധികം ദൂതന്മാരെ വിളിക്കാമായിരുന്നു (മത്തായി 26:53), എന്നാൽ വ്യാജ ആരോപണങ്ങളെ ഖണ്ഡിക്കാതിരിക്കാനും (മത്തായി 27:14) സ്വയം പ്രതിരോധിക്കാതിരിക്കാനുമുള്ള (ലൂക്കോസ് 23:9) ആത്മബലം അവനുണ്ടായിരുന്നു. നിന്ദിക്കപ്പെട്ടപ്പോൾ, അവൻ പകരം നിന്ദിച്ചില്ല (1 പത്രൊസ് 2:23). അവർ അവൻ്റെ മുഖത്ത് തുപ്പുകയും അടിക്കുകയും ചെയ്തു; ചിലർ അവനെ തല്ലി (മത്തായി 26:67). അവർ അവനെ ചാട്ടവാറുകൊണ്ട് അടിച്ചു (മത്തായി 27:26). എല്ലാ പരീക്ഷകളിലും പ്രലോഭനങ്ങളിലും, "അവൻ അനുഭവിച്ച കഷ്ടങ്ങളാൽ അനുസരണം പഠിച്ചു" (എബ്രായർ 5:8), അവൻ്റെ ഇന്ദ്രീയജയത്തിൻ്റെ പാരമ്യത്തിൽ അവൻ "മരണത്തോളം, അതെ, കുരിശിലെ മരണത്തോളം അനുസരണമുള്ളവനായിരുന്നു" (ഫിലിപ്പിയർ 2:8). നമ്മെ ശക്തീകരിക്കുന്നത് അവനാണ് (1 തിമൊഥെയൊസ് 1:12; ഫിലിപ്പിയർ 4:13).
യേശുവിൽ, നമ്മുടെ ബലഹീനമായ സ്വയത്തെ അതിശയിപ്പിക്കുന്ന, യഥാർത്ഥ ഇന്ദ്രീയജയത്തിനുള്ള ഒരു ഉറവിടം നമുക്കുണ്ട്.
