കരയാൻ അറിയാതെ പോയ ഒരാൾക്ക്, സത്യത്തിൽ ജീവനുള്ളവനാകാൻ കഴിയുമോ? ദൈവത്തിന്റെ മനുഷ്യനോ, ക്രിസ്തുവിന്റെ ശുശ്രൂഷകനോ, കണ്ണുനീർ ഇല്ലാതെ പൂർണ്ണമായും ഉണർന്നിരിക്കുന്നു എന്നു സത്യമായി പറയാനാകുമോ? — ഇതാണ് ഞാൻ എന്റെ സ്വന്തം മനസ്സിനോട് ചോദിച്ചു കൊണ്ടിരിക്കുന്ന, പ്രയാസമുള്ള ചോദ്യങ്ങൾ.
എന്റെ കണ്ണുകൾ വരണ്ടതായിരുന്നുവെങ്കിലും, ഈ ചിന്തകൾ എന്നിൽ നിന്നല്ല ഉരുത്തിരിഞ്ഞത്. മനസ്സിലൊരു വിസമ്മതത്തോടെയാണ് ഞാൻ അവയെ പരിഗണിക്കുന്നത്. എഫെസ്യയിലെ മൂപ്പന്മാരോടു പറഞ്ഞ പൗലോസിന്റെ വിടവാങ്ങൽ പ്രസംഗം ഞാൻ പഠിച്ചു, (മനപ്പാഠമാക്കി), എന്നാൽ അപ്പൊസ്തലന്റെ കണ്ണുനനഞ്ഞ മുഖം ഞാൻ കണ്ടതിന് ശേഷമാണ് അതിന്റെ യഥാർത്ഥ ഭാരവും ആഴവും ഗ്രഹിച്ചത്.
ഏറെനേരം മിലേത്തോസിന്റെ തീരപ്രദേശത്ത് തങ്ങിയതിന് ശേഷം, പൗലോസ് നാൽപ്പത് മൈൽ തെക്ക് എഫെസൊസിലേക്ക് ഒരു ദൂതനെ അയച്ചു. ഉടൻതന്നെ മൂപ്പന്മാരോട് വരാൻ അവൻ ആവശ്യപ്പെട്ടു. അവർ അവിടെയെത്തിയപ്പോൾ, അവരുടെ ഹൃദയം തകർക്കുന്ന ഒരു കാര്യം അവൻ അവരോട് പറഞ്ഞു: "എന്നാൽ നിങ്ങളുടെ ഇടയിൽ ദൈവരാജ്യം പ്രസംഗിച്ചുകൊണ്ടു നടന്നവനായ എന്റെ മുഖം നിങ്ങൾ ആരും ഇനി കാൺകയില്ല എന്നു ഞാൻ അറിയുന്നു." (അപ്പോസ്തലപ്രവൃത്തികൾ 20:25, 37-38). ഇരുണ്ട ഭാവിയുടെ ഒരു കപ്പലിൽ യാത്ര പുറപ്പെടാൻ പൗലോസ് തീരുമാനമെടുത്തിരുന്നു. "ഇപ്പോൾ ഇതാ ഞാൻ ആത്മാവിനാൽ ബന്ധിക്കപ്പെട്ടവനായി യേരൂശലേമിലേക്കു പോകുന്നു. ബന്ധനങ്ങളും കഷ്ടങ്ങളും എനിക്കായി കാത്തിരിക്കുന്നു എന്നു പരിശുദ്ധാത്മാവുവ് പട്ടണം തോറും സാക്ഷ്യം പറയുന്നതല്ലാതെ അവിടെ എനിക്കു നേരിടുവാനുള്ള ഒന്നും ഞാൻ അറിയുന്നില്ല." (അപ്പോസ്തലപ്രവൃത്തികൾ 20:22-23).
പൗലോസ് മൂന്ന് വർഷം അവർക്കുവേണ്ടി എഫെസൊസിൽ "രാപ്പകൽ" അവരുടെ ആത്മാക്കളെ പരിപാലിച്ചു. ഈ ജീവിതത്തിൽ അവരുടെ അവസാനത്തെ കൂടിക്കാഴ്ചയായിരുന്നു അത്. അവന്റെ വാക്കുകൾ സ്വർണ്ണക്കട്ടകൾ പോലെ വിലയേറിയതായിരുന്നു. പറയാനും ഓർമ്മിപ്പിക്കാനും, പ്രോത്സാഹിപ്പിക്കാനും മുന്നറിയിപ്പ് നൽകാനും വളരെ കുറഞ്ഞ സമയം മാത്രം ശേഷിച്ചിരുന്നിട്ടും, പൗലോസ് തന്റെ കണ്ണുനീരിനെക്കുറിച്ച് രണ്ടുതവണ പറയുന്നതിൽ നിങ്ങൾ ആശ്ചര്യപ്പെടുന്നുണ്ടോ?
കണ്ണുനീരോടെ കർത്താവിനെ സേവിക്കുക
തന്റെ പ്രിയപ്പെട്ട കൂട്ടുകാരോട് അവൻ അവസാനമായി പറഞ്ഞ വാക്കുകൾ ഇങ്ങനെ തുടങ്ങുന്നു:
"ഞാൻ ആസ്യയിൽ വന്ന ഒന്നാം നാൾ മുതൽ എല്ലായ്പോഴും നിങ്ങളോടുകൂടെ എങ്ങനെയിരുന്നു എന്നും വളരെ താഴ്മയോടും കണ്ണുനീരോടും യെഹൂദന്മാരുടെ കൂട്ടുകെട്ടുകളാൽ എനിക്കു ഉണ്ടായ കഷ്ടങ്ങളോടും കൂടെ കർത്താവിനെ സേവിച്ചു വന്നു എന്നും...നിങ്ങൾ അറിയുന്നുവല്ലോ" (അപ്പോസ്തലപ്രവൃത്തികൾ 20:18-19).
പൗലോസ് തന്റെ കരച്ചിലിനെ ഒരു യാഥാർത്ഥ്യമായിട്ടാണ് സൂചിപ്പിച്ചത് ; "നിങ്ങൾ അറിയുന്നുവല്ലോ" എന്ന് അവൻ പറയുന്നു. അവന്റെ വികാരങ്ങൾ ഒരു മഞ്ഞുതുള്ളി പോലെ ലജ്ജയില്ലാതെ വീഴുന്നത് എഫെസൊസിലെ മൂപ്പന്മാർ ഓർമ്മിച്ചു. അവർക്കിടയിൽ താമസിച്ച "എല്ലായ്പോഴും" അവൻ കരയുന്നത് അവർ കണ്ടു. ശക്തനായ അപ്പോസ്തലന്റെ, പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു ചിത്രമാണിത്.
സാധ്യമെങ്കിൽ, "കർത്താവിൻ്റെ സിംഹം കരയുന്നു" എന്ന പേരിൽ ഞാൻ ആ ചിത്രം വരയ്ക്കുമായിരുന്നു. ഇത് കാണുന്നത് എനിക്ക് നല്ലതാണ്. തൻ്റെ ശുശ്രൂഷയിൽ പൗലോസിന് പലപ്പോഴും ശാന്തത നഷ്ടപ്പെട്ടിരുന്നു. അനേകസമയങ്ങളിൽ, ക്രിസ്തുവിനോടുള്ള അവന്റെ തീക്ഷ്ണതയും ആത്മാക്കളോടുള്ള അവന്റെ സഹതാപവും അവന്റെ ശാന്തതയെ തകർത്തു. "നിങ്ങൾക്ക് എൻ്റെ കണ്ണുനീർ ഓർമ്മയുണ്ടോ?" അവൻ ഇപ്പോൾ സഭയിലെ മൂപ്പന്മാരായവരോട് ചോദിക്കുന്നു. എൻ്റെ പ്രസംഗങ്ങളെ നനച്ച ആ കൃപയുടെ മഴ നിങ്ങൾക്ക് കാണാൻ കഴിയുമോ? സത്യത്തിൽ, നിങ്ങളുടെ നിത്യനന്മയ്ക്കും എൻ്റെ കൃപയുള്ള കർത്താവിനും വേണ്ടി എൻ്റെ ആത്മാവിൽ നിന്ന് നിങ്ങളുടെ ആത്മാവിലേക്കുള്ള എൻ്റെ പ്രസംഗത്തിന്റെ ആശ്ചര്യചിഹ്നങ്ങളാണ് അവ.
ഈ രംഗം എന്നോട് ഒരു ചോദ്യം ചോദിക്കാൻ പ്രേരിപ്പിക്കുന്നു. ഞാൻ അങ്ങനെയുള്ള കണ്ണുനീരോടെയാണോ കർത്താവിനെ സേവിക്കുന്നത്? ഞാൻ അതിന് ആഗ്രഹിക്കുന്നുണ്ടോ? നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
മങ്ങിയ കാഴ്ചയിലൂടെയുള്ള മുന്നറിയിപ്പുകൾ
പൗലോസ് തൻ്റെ കണ്ണുനീരിനെക്കുറിച്ച് രണ്ടാമതും പറയുമ്പോൾ, അവൻ കൂടുതൽ കാര്യങ്ങൾ പറയുന്നുണ്ട്. പരിശുദ്ധാത്മാവ് തങ്ങളെ അദ്ധ്യക്ഷന്മാരായി നിയമിച്ച ആട്ടിൻകൂട്ടത്തെയും തങ്ങളെത്തന്നെയും ശ്രദ്ധയോടെ പരിപാലിക്കാൻ അവൻ ആ ആളുകളോട് പറഞ്ഞതിന് ശേഷം, പുറത്തുനിന്ന് ക്രൂരന്മാരായ ചെന്നായക്കൾ വരുമെന്നും, അകത്ത് നിന്ന് വ്യാജ ഉപദേഷ്ടാക്കന്മാർ കടന്നുവരുമെന്നും അവൻ പറയുന്നു (അപ്പോസ്തലപ്രവൃത്തികൾ 20:29-30). അവൻ അവരോട് ജാഗ്രതയോടെയിരിക്കുക എന്ന് അഭ്യർത്ഥിക്കുന്നു. എന്നാൽ അവന്റെ ഈ അഭ്യർത്ഥനയോടൊപ്പം എന്തുണ്ടായിരുന്നുവെന്ന് ശ്രദ്ധിക്കുക:
"അതു കൊണ്ടു ഉണർന്നിരിപ്പിൻ; ഞാൻ മൂന്നു സംവത്സരം രാപ്പകൽ ഇടവിടാതെ കണ്ണുനീർ വാർത്തുംകൊണ്ടു ഓരോരുത്തന്നു ബുദ്ധിപറഞ്ഞുതന്നതു ഓർത്തുകൊൾവിൻ." (അപ്പോസ്തലപ്രവൃത്തികൾ 20:31).
“ഉപദേശിക്കുക” എന്ന വാക്കിന് "മുന്നറിയിപ്പ് നൽകുക" എന്നും അർത്ഥമുണ്ട്. മൂന്നു വർഷക്കാലം അവൻ അവരെ ഉപദേശിക്കുന്നതോ, അവർക്കുവേണ്ടി കരയുന്നതോ നിർത്തിയില്ല. എന്തൊരു കാഴ്ച! എന്തൊരു അത്ഭുതകരമായ വൈരുദ്ധ്യം! നമുക്ക് ഒരുമിച്ച് ഈ കരയുന്ന പോരാളിയെക്കുറിച്ച് ചിന്തിക്കാം.
വ്യഗ്രതയും സത്യസന്ധതയുമുള്ള ഈ മനുഷ്യൻ പാപത്തെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും വരാനിരിക്കുന്ന കോപത്തെക്കുറിച്ചും അവരെ ഉപദേശിച്ചു. അതേസമയം അവരുടെ ആത്മാക്കളെ ഓർത്ത് അവൻ കണ്ണുനീർ വാർത്തു. ഒരു കാവൽക്കാരനെപ്പോലെ അവൻ കൈകൾ ഉയർത്തി താൻ അവരുടെ രക്തത്തിൽനിന്നും സ്വതന്ത്രനാണെന്ന് പ്രഖ്യാപിച്ചു. ദൈവത്തിന്റെ സത്യം മുഴുവൻ അവരോട് പറയാൻ ഭീരുത്വം കാരണം താൻ പിന്തിരിഞ്ഞില്ലെന്ന് അവൻ രണ്ടുതവണ അവരോട് പറഞ്ഞു. അവൻ ബുദ്ധിമുട്ടുള്ളതും ജനപ്രിയമല്ലാത്തതുമായ കാര്യങ്ങൾ പറഞ്ഞു. അവൻ മുന്നറിയിപ്പ് നൽകുകയും പാപത്തെ അതിന്റെ പേര് പറഞ്ഞ് വിളിക്കുകയും ചെയ്തു. ആളുകൾക്ക് അവൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല. വാസ്തവത്തിൽ, അവർ അവനെ കൊല്ലാൻ ശ്രമിക്കുകയായിരുന്നു.
എന്നിട്ടും ഈ പോരാളി മുന്നറിയിപ്പ് നൽകുമ്പോൾ കരഞ്ഞു: "നിങ്ങളുടെ നാശത്തിൽനിന്നും പിന്തിരിയുക. വരാനിരിക്കുന്ന കോപത്തിൽനിന്ന് ഓടിപ്പോവുക. ദൈവത്തിലേക്ക് മാനസാന്തരപ്പെടുക, നിങ്ങളുടെ വിശ്വാസം മുഴുവൻ യേശുക്രിസ്തുവിൽ അർപ്പിക്കുക! ദൈവകൃപയുടെ ഈ സുവിശേഷത്തിൽ വിശ്വസിക്കുക. ക്രൂശിക്കപ്പെട്ട; ഇപ്പോൾ ഉയിർത്തെഴുന്നേറ്റ; ഉടൻതന്നെ വരുന്ന ക്രിസ്തുവിൽ വിശ്വസിച്ചുകൊണ്ടിരിക്കുക!"
കണ്ണുനീരോടുകൂടെയുള്ള അപേക്ഷയുടെ ശക്തി
നാം അങ്ങനെയുള്ള ഒരു മനുഷ്യന് മുന്നിൽ നിൽക്കുന്നതായി സങ്കൽപ്പിക്കുക.
നിങ്ങളുടെ പാപമുള്ള ഹൃദയം വാദങ്ങൾക്കും വിമർശനങ്ങൾക്കും എതിരെ എപ്പോഴും പ്രതിരോധത്തിലായിരിക്കും. നിങ്ങളുടെ കവചം ഭദ്രമായിരിക്കും, നിങ്ങളുടെ പാപം സംരക്ഷിക്കപ്പെട്ടിരിക്കും. ഹൃദയമില്ലാത്ത തർക്കങ്ങളും വാക്കുകൊണ്ടുള്ള കളികളും നിങ്ങളുടെ വിനോദമാണ്. എന്നാൽ കുതിരപ്പുറത്ത് നിന്ന് ആക്രമിക്കുന്ന ഈ ശത്രു ആരാണ്? താൻ കീഴടക്കാൻ ആഗ്രഹിക്കുന്ന ഒരാൾക്കുവേണ്ടി കണ്ണുനീർ പൊഴിക്കുന്ന ഏതുതരം പോരാളിയാണുള്ളത്? ഉരുക്ക് തണുത്ത ഉരുക്കിനെ കൂട്ടിമുട്ടുന്നു — ഇതാണ് യുദ്ധക്കളത്തിലെ പരിചിതമായ ശബ്ദം. മുറുമുറുപ്പും, അലർച്ചകളും, കാഹളധ്വനികളും നിങ്ങൾ ആസ്വദിക്കുന്നു, എന്നാൽ ശത്രുവിൽ നിന്നുള്ള മൃദുവും അസ്വസ്ഥമാക്കുന്നതുമായ ഈ കരച്ചിൽ; നിങ്ങൾക്കുവേണ്ടിയുള്ള കണ്ണുനീർ; നിങ്ങൾ ആസ്വദിക്കുന്നില്ല. ഇത് വെറും സത്യത്തേക്കാൾ ഉപരിയാണ്; ഇത് സ്നേഹമാണ്.
അവന്റെ കണ്ണുകളിലെ ചുവപ്പ് നിങ്ങൾ കാണുന്നു. അവന്റെ സംസാരത്തിലെ ഇടർച്ചകൾ നിങ്ങൾ കേൾക്കുന്നു. ഇവിടെ ഒരു ശത്രുവോ, കൂലിക്കാരനോ, വെറുമൊരു തർക്കക്കാരനോ ഇല്ല. അവൻ സത്യസന്ധനാണ്, എന്നാൽ ഒരു വാദത്തിന് മാത്രമല്ല. അവൻ ആത്മാക്കൾക്കുവേണ്ടി; എന്റെ ആത്മാവിനുവേണ്ടി; സത്യസന്ധനാണ്. അവൻ എന്റെ അഭിപ്രായങ്ങൾ തള്ളിക്കളഞ്ഞേക്കാം, എന്നിട്ടും അവൻ എന്നെ അവന്റെ ഹൃദയത്തിൽ വഹിക്കുന്നു. അവൻ എന്നോട് പ്രയാസമുള്ള കാര്യങ്ങൾ പറയുന്നു, എന്നിട്ടും അവൻ എനിക്ക് നന്മ ആഗ്രഹിക്കുന്നവനായി തോന്നുന്നു. ഒരുപക്ഷേ ഞാൻ എനിക്ക് വേണ്ടി ആഗ്രഹിക്കുന്നതിനേക്കാൾ കൂടുതൽ.
തീവ്രതയോടെ സംസാരിക്കുന്നതും എന്നാൽ കണ്ണുനീരില്ലാത്തതുമായ ആളുകൾക്കും, അതേസമയം കരയുന്നവരാണെങ്കിലും നരകത്തെക്കുറിച്ച് പറയാൻ ധൈര്യമില്ലാത്ത ആളുകൾക്കും ഇതൊരു തിരുത്തലാണ്. എന്നെപ്പോലുള്ളവർ, നരകത്തെക്കുറിച്ച് പഠിപ്പിക്കാറുണ്ടെങ്കിലും അതിന്റെ വേദനയിൽ അപൂർവ്വമായി മാത്രം കണ്ണുനീർ പൊഴിക്കുന്നവരാണ്. എന്നാൽ മറ്റുചിലരാകട്ടെ കരയുന്നവരാണെങ്കിലും ഒരിക്കലും നരകത്തെക്കുറിച്ച് പറയാൻ ധൈര്യപ്പെടാത്തവരാണ്.
ഈ വിശുദ്ധമായ നനവില്ലാതെ മുന്നറിയിപ്പുകൾ നൽകുമ്പോൾ അത് എത്ര ശല്യമായിത്തീരും. മഴയില്ലാതെ ഇടിമിന്നൽ മാത്രം! ആവർത്തിച്ചുള്ള ശാസനകൾ വരണ്ടതും ഹൃദയങ്ങളെ പിളർക്കുകയും ചെയ്യുന്നു. "കർത്താവിൻ്റെ ശിഷ്യന്മാർക്കെതിരെ ഭീഷണിയും കുലയും ശ്വസിച്ചുകൊണ്ട്" ശൗൽ അലറി വിളിച്ചത് പൗലോസിന് നന്നായി അറിയാമായിരുന്നു (അപ്പൊ.പ്ര 9:1). ഇപ്പോൾ കണ്ണുനീരില്ലാത്തവർക്ക്, കണ്ണുനീരോടുകൂടിയ അവന്റെ കണ്ണുകളിൽ, കൃപ അവരെ കൈവിട്ടിട്ടില്ല എന്ന പ്രത്യാശ കണ്ടെത്താൻ കഴിയും.
എന്നാൽ ആഴമില്ലാത്ത കണ്ണുനീരുള്ള, ബോധ്യമില്ലാത്ത കരച്ചിലുകാരനെയും നമുക്ക് അധികനാൾ സഹിക്കാൻ കഴിയില്ല. നിസ്സാര കാര്യങ്ങൾക്കുപോലും കരയുന്നവർ, പുരുഷന്മാരെപ്പോലെ പെരുമാറാനും ശക്തരാകാനും ഓർക്കേണ്ടതുണ്ട്. നല്ല കണ്ണുനീർ ഉയർന്ന ലക്ഷ്യത്തെയാണ് സേവിക്കുന്നത്. അവർ കർത്താവായ യേശുവിനെയാണ് സേവിക്കുന്നത്. എന്നാൽ ഇതിനെല്ലാം മുകളിൽ എഫെസൊസിലെ കരച്ചിലുകൾ ഉയർന്നുനിൽക്കുന്നു. ആ കണ്ണുനീരോടെയുള്ള തീക്ഷ്ണത എങ്ങനെയാണ് പാപികളെ ആശയക്കുഴപ്പത്തിലാക്കിയത്! മരിച്ചവരോട് തിരിഞ്ഞുവരാനും ജീവിക്കാനും പൗലോസ് അപേക്ഷിച്ചു. കർത്താവിന്റെ സിംഹം കരയുന്നു, മുന്നറിയിപ്പ് നൽകുന്നു, അപേക്ഷിക്കുന്നു.
ഈ മനുഷ്യനുമായി എനിക്ക് സങ്കൽപ്പിക്കാൻ മാത്രമേ കഴിയൂ. കൂടുതൽ നേരം തർക്കിക്കുന്നത് ബുദ്ധിമുട്ടാണ്, അതുപോലെതന്നെ അവനെ മറക്കാനും. പ്രിയപ്പെട്ട ക്രിസ്തീയ സഹോദരാ, കണ്ണുകൾ നിറഞ്ഞൊഴുകുമ്പോൾ നിങ്ങൾ അവസാനമായി എപ്പോഴാണ് ഒരു വിശ്വാസമില്ലാത്ത സഹോദരന്, സത്യത്തിൽ നിന്ന് വ്യതിചലിച്ച ഒരമ്മയ്ക്ക്, ഒരു ദുർമോഹിയായ മകന്, ചതിക്കപ്പെട്ട ഒരു സുഹൃത്തിന് മുന്നറിയിപ്പ് നൽകിയത്?
ഇങ്ങനെയുള്ള ഒരു ലോകത്തിൽ, ശരിക്കും ജീവിക്കുന്നവർക്ക് കരയാൻ സമയമുണ്ടാകണ്ടേ? അനേകർ കരുണയെ പുച്ഛിക്കുകയും ക്രിസ്തുവിനെ തള്ളിക്കളയുകയും ചെയ്യുന്നില്ലേ? നമ്മുടെ സുഹൃത്തുക്കളും, സഹപാഠികളും, അയൽക്കാരും ഓരോ മണിക്കൂറിലും പല്ലുകടിയും കരച്ചിലുമുള്ള നിത്യസ്ഥലത്തേക്ക് നഷ്ടപ്പെടുന്നില്ലേ? അവരുടെ ആത്മാക്കളെ ഓർത്ത് ഒരൊറ്റ കണ്ണുനീർ പോലും പൊഴിച്ച ഒരു ക്രിസ്ത്യാനിയെ പോലും അവർക്ക് അറിയാത്തവർ ഉണ്ടാവാം. നമ്മൾ സന്തോഷവാർത്തയുമായാണ് വരുന്നത്. നമ്മൾ എപ്പോഴും കരയേണ്ടതില്ല. എന്നാൽ ആത്മാക്കൾക്കുവേണ്ടി കണ്ണുനീരോടെ അപേക്ഷിക്കുന്നത് നമുക്ക് അപകടമാണോ?
കരച്ചിലിലൂടെ അവരുടെ ആത്മാക്കളിലേക്ക്
അവസാനമായി, അന്ന് പൗലോസ് സംസാരിച്ചതുപോലെയുള്ള സഹശുശ്രൂഷകരായ മൂപ്പന്മാരോട് ഒരു വാക്ക്. നഷ്ടപ്പെട്ട പാപിക്കും ഭീഷണി നേരിടുന്ന വിശുദ്ധനും വേണ്ടി നിങ്ങൾക്കൊരു തുള്ളി കണ്ണീർ ഉണ്ടോ? നിങ്ങൾ കണ്ണുനീരോടെയാണോ കർത്താവിനെ സേവിക്കുന്നത്? ഈ കാര്യങ്ങളിൽ നിങ്ങളെ ഉപദേശിക്കാൻ ഞാൻ ശ്രമിക്കുന്നില്ല. ഞാൻ കരയുന്ന ആ സിംഹത്തിന്റെ പ്രസംഗം കേട്ടപ്പോൾ ഞാൻ കുറിച്ച കുറിപ്പുകൾ മാത്രമാണ് ഇവയെല്ലാം.
ചാൾസ് സ്പർജൻ ഒരിക്കൽ ജോർജ് വൈറ്റ്ഫീൽഡിൽ താൻ കണ്ട ഒരു ഗുണമായ "കണ്ണുനീരിലൂടെ മനുഷ്യരുടെ ആത്മാക്കളിലേക്ക് കടന്നുകയറുന്നത്" ഒരു ശുശ്രുഷകന്റെ അനുഗ്രഹമാണെന്ന് പറഞ്ഞു.
വൈറ്റ്ഫീൽഡ് എങ്ങനെയാണ് പ്രസംഗിച്ചിരുന്നതെന്ന് കേൾക്കുക, എന്നിട്ട് ഉത്സാഹമില്ലാത്തവനാകാൻ ഒരിക്കലും ധൈര്യപ്പെടരുത്. [കൊർണേലിയസ്] വിന്റർ അദ്ദേഹത്തെക്കുറിച്ച് പറയുന്നു, "ചിലപ്പോഴൊക്കെ അദ്ദേഹം അമിതമായി കരയുമായിരുന്നു, അത് പലപ്പോഴും അദ്ദേഹത്തെ കീഴടക്കിയിരുന്നു, അപ്പോൾ ഒരു നിമിഷത്തേക്ക് അയാൾക്ക് സുഖം പ്രാപിക്കാൻ കഴിയില്ലെന്ന് നിങ്ങൾ സംശയിക്കും; അങ്ങനെ സംഭവിച്ചപ്പോൾ, സാധാരണ നിലയിലേക്ക് വരാൻ പ്രകൃതിക്ക് അല്പം സമയം ആവശ്യമായിരുന്നു. കണ്ണുനീർ പൊഴിക്കാതെ ഒരു പ്രസംഗം അദ്ദേഹം പൂർത്തിയാക്കുന്നത് ഞാൻ വളരെ അപൂർവ്വമായിട്ടേ കണ്ടിട്ടുള്ളൂ. അദ്ദേഹത്തിന്റെ ശബ്ദം പലപ്പോഴും വികാരങ്ങളാൽ ഇടറിപ്പോയിരുന്നു; ഒരു പ്രസംഗപീഠത്തിൽ വെച്ച് അദ്ദേഹം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്, 'ഞാൻ കരയുന്നതിന് നിങ്ങൾ എന്നെ കുറ്റപ്പെടുത്തുന്നു; എന്നാൽ എനിക്കെങ്ങനെ അത് ചെയ്യാതിരിക്കാൻ കഴിയും? നിങ്ങളുടെ സ്വന്തം അമർത്യമായ ആത്മാക്കൾ നാശത്തിന്റെ വക്കിലായിരിക്കുമ്പോൾ, നിങ്ങൾ നിങ്ങൾക്കുവേണ്ടി കരയാൻ തയ്യാറാവുന്നില്ല. ഒരുപക്ഷേ നിങ്ങൾ നിങ്ങളുടെ അവസാനത്തെ പ്രസംഗം കേൾക്കുകയായിരിക്കാം, നിങ്ങൾക്ക് ക്രിസ്തുവിനെ നേടാനുള്ള അവസരം പിന്നീട് ഒരിക്കലും ലഭിക്കില്ലായിരിക്കാം.'" (ലെക്ച്ചേഴ്സ് ടു മൈ സ്റ്റുഡന്റസ്, 307)
നമ്മളെല്ലാവരും വിശുദ്ധമായ കണ്ണുനീരിനായി പ്രാർത്ഥിക്കണം. അത് ആളുകളുടെ ശ്രദ്ധ ആകർഷിക്കുന്നതോ, അവരെ സ്വാധീനിക്കാൻ ശ്രമിക്കുന്നതോ ആയ ഒരു വ്യർത്ഥമായ പ്രകടനമായിട്ടല്ല. മറിച്ച്, ക്രിസ്തുവിൽ പൂർണ്ണമായ ജീവനും, സമൃദ്ധമായ ജീവനും നമ്മൾ തേടുക. അത് തിന്മ നിറഞ്ഞതും, ശാപം പിടിച്ചതുമായ ഈ ലോകത്തിൽ പൂർണ്ണമായി ഉണർന്നിരിക്കുന്നതും, പൂർണ്ണമായി മനസ്സലിവുള്ളതുമായ ഒരു ജീവിതമാണ്. കർത്താവേ, നിന്നെ തങ്ങളുടെ ഹൃദയംകൊണ്ടും, മനസ്സുകൊണ്ടും, ആത്മാവുകൊണ്ടും, ശക്തികൊണ്ടും , കണ്ണുനീരോടുംകൂടെ സേവിക്കുന്ന സിംഹഹൃദയരായ ഒരു തലമുറയെ ക്രിസ്തുവിനുവേണ്ടി ഉയർത്തണമേ.
