ലേഖനം

ഓരോ കഷ്ടതയിലും വിലമതിക്കാനാവാത്ത സമ്മാനം

''നിങ്ങൾ വിവിധപരീക്ഷകളിൽ അകപ്പെടുമ്പോൾ..... അത് അശേഷം സന്തോഷം എന്നു എണ്ണുവിൻ.'' (യാക്കോബ് 1:2).

വലിയ വേദനയുടെ നടുവിലും ഉറച്ച സന്തോഷത്തോടെയിരിക്കുന്നവരുടെ കഥകൾ ആരുടെയും ശ്രദ്ധ ആകർഷിക്കും. ഇളകാത്ത ഈ സന്തോഷം ഒരു ക്രിസ്തീയ അനുഭവം മാത്രമല്ല, അവിശ്വാസികളുടെ ലോകത്തിന് മുന്നിൽ നമുക്ക് നൽകാൻ കഴിയുന്ന ഏറ്റവും ശക്തമായ സാക്ഷ്യങ്ങളിൽ ഒന്നുകൂടിയാണ്.

പരീക്ഷകളിലുള്ള സന്തോഷത്തെക്കുറിച്ച് പുറത്തുനിന്നുകൊണ്ട് വിവരിക്കുന്നതും, അതിനെക്കുറിച്ച് താത്ത്വികമായി ചിന്തിക്കുന്നതും ഒന്നാണ്. എന്നാൽ, വേദനയുടെയും പ്രയാസങ്ങളുടെയും തിരമാലകളിലൂടെ സ്വയം കടന്നുപോകുമ്പോൾ, ആ വേദന മാറാൻ ആഗ്രഹിക്കുന്ന സമയത്ത്, അത് അനുഭവത്തിലൂടെ മനസ്സിലാക്കുന്നത് തികച്ചും വ്യത്യസ്തമായ ഒരു കാര്യമാണ്.

നമ്മുടെ കഷ്ടതകൾ യഥാർത്ഥത്തിൽ സന്തോഷമുള്ള കാര്യങ്ങളല്ല. അതുകൊണ്ടാണ് അവ കഷ്ടതകളാകുന്നത്. അങ്ങനെയെങ്കിൽ, ഇത്തരം സാഹചര്യങ്ങളിൽ, "അത് അശേഷം സന്തോഷം എന്നു എണ്ണുവിൻ" എന്നതിന് എന്താണ് അർത്ഥം?

സന്തോഷം മാത്രമല്ല

യാക്കോബ് നമ്മളോട് "അശേഷം സന്തോഷം എന്നു എണ്ണുവിൻ" എന്ന് പറയുമ്പോൾ, നമ്മുടെ എല്ലാ വേദനകളും, കഷ്ടതകളും, ബുദ്ധിമുട്ടുകളും സന്തോഷമാണ് എന്ന് അർത്ഥമാക്കുന്നില്ല. വേദന വേദന തന്നെയാണ്, സന്തോഷമല്ല. കഷ്ടതകൾ കഠിനമായവയാണ്, സന്തോഷത്തിൻ്റെ ഉറവിടങ്ങളല്ല. പകരം, യാക്കോബ് നമ്മോട് പറയുന്നത്, ക്രിസ്തുവിൻ്റെ സുവിശേഷം ഒരു ജീവിതദർശനമാണ്; ഒരു യാഥാർത്ഥ്യബോധമാണ്; അതിലൂടെ, ജീവിതത്തിലെ ഏറ്റവും വേദനാജനകമായ പരീക്ഷണങ്ങൾ പോലും, നമ്മുടെ സന്തോഷത്തിൽ നിർണായകമായ പങ്കുവഹിക്കുന്നു.”

മാത്രമല്ല, "പ്രത്യേകിച്ചും" എന്ന് പറയുന്നതാവും കൂടുതൽ ശരി. ഈ ലോകത്തെ ഭരിക്കുന്ന ദൈവത്തിൻ്റെ വിചിത്രവും അത്ഭുതകരവുമായ വഴികളിൽ, ജീവിതത്തിലെ ഏറ്റവും വേദനാജനകമായ കഷ്ടതകൾ നമ്മുടെ നന്മയ്ക്കായി ഒരു പ്രത്യേക ലക്ഷ്യം നിറവേറ്റുന്നു. ജീവിതത്തിലെ ഏറ്റവും വലിയ ബുദ്ധിമുട്ടുകളിൽനിന്നും നമ്മെ ആഴമേറിയതും മധുരമായതുമായ സന്തോഷങ്ങളിലേക്ക് ദൈവം പലപ്പോഴും നേരായ വഴി കാണിക്കുന്നു. ഇത് കാലക്രമേണ മാത്രമല്ല, കഷ്ടതയുടെ നടുവിലും സംഭവിക്കുന്നു. കഷ്ടതകൾ നമ്മുടെ നല്ല സന്തോഷങ്ങളെ ഇല്ലാതാക്കുമ്പോൾ, നമ്മുടെ ഏറ്റവും ആഴത്തിലുള്ളതും സമ്പന്നമായതുമായ നിധികളെക്കുറിച്ച് ചിന്തിക്കാൻ നമ്മൾ നിർബന്ധിതരാകുന്നു. എല്ലാ കാര്യങ്ങളും നല്ല രീതിയിൽ പോകുമ്പോൾ, നമ്മൾ ഒരിക്കലും ചെയ്യാത്ത രീതിയിൽ ആ വേരുകളിൽനിന്ന് സംരക്ഷണം സ്വീകരിക്കാൻ നമ്മൾ തയ്യാറാകുന്നു.

ചെറിയ കഷ്ടതകൾ മാത്രമല്ല

യാക്കോബ് ഇവിടെ ചെറിയ കഷ്ടതകളെക്കുറിച്ച് മാത്രമാണ് പറയുന്നത് എന്ന് കരുതരുത്. "വിവിധപരീക്ഷകളിൽ" എന്ന് പറയുമ്പോൾ വലിയ കഷ്ടതകളെയും അദ്ദേഹം ഉദ്ദേശിക്കുന്നു. ജീവിതത്തിലെ ചെറിയ ബുദ്ധിമുട്ടുകളിൽ ദൈവം എങ്ങനെ പ്രവർത്തിക്കുന്നു എന്ന് മനസ്സിലാക്കുന്നത് എളുപ്പമാണ്. എന്നാൽ, നമ്മുടെ വലിയ ദുരന്തങ്ങൾ നമ്മുടെ മനസ്സിനെ ഏറ്റവും കഠിനവും ഇരുളടഞ്ഞതുമായ ചോദ്യങ്ങളിലേക്ക് നയിക്കുന്നു.

ദൈവം എന്നെ ഉപേക്ഷിച്ചുവോ? ദൈവത്തിന്റ നിയന്ത്രണത്തിലാണോ എല്ലാം? അവൻ നല്ലവനാണോ? ദൈവം യഥാർത്ഥത്തിൽ ഉണ്ടോ?

"അശേഷം സന്തോഷം എന്നു എണ്ണുവിൻ" എന്നുള്ള യാക്കോബിൻ്റെ ഈ കല്പന എളുപ്പമുള്ള കാര്യങ്ങളിൽ മാത്രമായി ചുരുക്കുവാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല. ദുരന്തം, നഷ്ടം, ദുരിതം, നിരാശ, ദീർഘകാല നിസ്സഹായത എന്നിങ്ങനെയുള്ള ഏറ്റവും പ്രയാസമേറിയ കാര്യങ്ങളാണ് ഇവിടെ പ്രധാന വിഷയം.

എന്തുകൊണ്ട് വേദനയെ സന്തോഷമായി കണക്കാക്കണം?

രണ്ടാം വാക്യം വളരെ ലളിതമായി തോന്നിയേക്കാം, പക്ഷേ ഈ കല്പനയെ ഉൾക്കൊണ്ട് അതിനനുസരിച്ച് ജീവിക്കുവാൻ വെറുമൊരു കല്പന മാത്രം മതിയാകില്ല. നമ്മുടെ മനസ്സിനും ഹൃദയത്തിനും അതിനുള്ള കാരണങ്ങൾ ആവശ്യമാണ്. അതിനു വേണ്ടുന്ന കാരണങ്ങളാണ് തുടർന്ന് വരുന്ന വാക്യങ്ങളിൽ യാക്കോബ് നൽകുന്നത്.

പലതരം കഷ്ടതകൾ നേരിടുമ്പോൾ, എന്തുകൊണ്ട് "അശേഷം സന്തോഷം എന്നു എണ്ണുവിൻ" എന്നതിന് തിരുവെഴുത്തിലുള്ള പല കാരണങ്ങളും നമുക്ക് പറയാൻ കഴിയും. "എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്കു, നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നേ, സകലവും നന്മെക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു" (റോമർ 8:28). എല്ലാ കഷ്ടതകളുടെയും മുകളിൽ നമുക്ക് ഇങ്ങനെ എഴുതാം, "നൊടിനേരത്തേക്കുള്ള ഞങ്ങളുടെ ലഘുവായ കഷ്ടം അത്യന്തം അനവധിയായി തേജസ്സിന്റെ നിത്യഘനം ഞങ്ങൾക്കു കിട്ടുവാൻ ഹേതുവാകുന്നു" (2 കൊരിന്ത്യർ 4:17). അപ്പസ്തോലനോടൊപ്പം നമുക്ക് ഇങ്ങനെയും പറയാൻ സാധിക്കും, "നമ്മിൽ വെളിപ്പെടുവാനുള്ള തേജസ്സു വിചാരിച്ചാൽ ഈ കാലത്തിലെ കഷ്ടങ്ങൾ സാരമില്ല എന്നു ഞാൻ എണ്ണുന്നു." (റോമർ 8:18). അല്ലെങ്കിൽ യേശുവിനോടൊപ്പം ഇങ്ങനെ പറയാം, " സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ടു സന്തോഷിച്ചുല്ലസിപ്പിൻ" (മത്തായി 5:12).

എന്നാൽ, യാക്കോബിന് ഒരു പ്രത്യേക കാര്യം മനസ്സിലുണ്ട്: "നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന സ്ഥിരത ഉളവാക്കുന്നു എന്നു അറിഞ്ഞു അതു അശേഷം സന്തോഷം എന്നു എണ്ണുവിൻ." (യാക്കോബ് 1:3).

കഷ്ടതയിലൂടെ ദൈവം നമ്മെ കാത്തുസൂക്ഷിക്കുന്നു

"സ്ഥിരത" എന്ന വാക്ക് നമ്മൾ ഇന്ന് അധികം ഉപയോഗിക്കാറില്ല. അതുകൊണ്ട്, ഒറ്റനോട്ടത്തിൽ ഈ ആശയം അത്ര ആകർഷകമായി തോന്നില്ല. ഇതിന് പകരം ഉപയോഗിക്കാൻ കഴിയുന്ന മറ്റൊരു വാക്ക് "സഹിഷ്ണുത" എന്നതാണ്. സഹിഷ്ണുത സ്വയം എല്ലായ്പ്പോഴും നല്ലതാണെന്ന് പറയാൻ കഴിയില്ല (ഉദാഹരണത്തിന്, തെറ്റിൽ സഹിച്ചുനിൽക്കുന്നത് നല്ലതല്ല). എന്നാൽ എന്തുകാര്യത്തിൽ നമ്മൾ സഹിച്ചു നിൽക്കുന്നു എന്നതാണ് ഇതിനെ ആകർഷകമാക്കുന്നത്. യാക്കോബ് ഇവിടെ ഉദ്ദേശിക്കുന്നത് വളരെ വ്യക്തമാണ്: അത് ക്രിസ്തുവിലുള്ള വിശ്വാസമാണ്. ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം "വിശ്വാസത്തിൽ സഹിച്ചുനിൽക്കുക" എന്നതാണ് ജീവിതം. കാരണം, വിശ്വാസത്തിൽ നാം സഹിച്ചുനിൽക്കുന്നില്ലെങ്കിൽ, ദൈവത്തോട് നീതിമാന്മാരായിരിക്കുക, യേശുവിനെ എന്നെന്നേക്കുമായി ആസ്വദിക്കുക എന്ന പ്രപഞ്ചത്തിലെ ഏറ്റവും പ്രാധാന്യമുള്ള കാര്യങ്ങളിൽ നമ്മൾ തെറ്റായ വശത്തായിരിക്കും.

മറ്റൊരു രീതിയിൽ പറഞ്ഞാൽ, ദൈവം നമ്മുടെ വിശ്വാസത്തെ പരിശോധിക്കുമ്പോൾ ചെയ്യുന്നതിൽ ഒന്ന്, അതിനെ സംരക്ഷിക്കുകയാണ്. അവൻ സ്നേഹത്തോടെ പരീക്ഷണങ്ങൾ നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരുമ്പോൾ, യേശുവിൽ ഉള്ള എല്ലാവർക്കും അവൻ അതു സ്നേഹത്തോടെ നമുക്ക് വേണ്ടിയും നമ്മളിലൂടെയും പ്രവർത്തിക്കുന്നു. നമ്മളെ പരിശോധിക്കുമ്പോൾ, നമ്മളെ നിലനിർത്താൻ അവൻ പ്രവർത്തിക്കുകയാണ്. നമ്മുടെ ഇപ്പോഴത്തെ വിശ്വാസത്തെ കാത്തുസൂക്ഷിക്കുക മാത്രമല്ല, നമ്മുടെ വിശ്വാസത്തെ വളർത്തുകയും സമ്പുഷ്ടമാക്കുകയും വർദ്ധിപ്പിക്കുകയും

പക്വമാക്കുകയും ചെയ്തുകൊണ്ടും ദൈവം നമ്മെ സൂക്ഷിക്കുന്നു. നമ്മുടെ വിശ്വാസത്തെ പരിശോധിക്കുന്നതിലൂടെ, ദൈവം അതിനെ ജീവനോടെ നിലനിർത്തുന്നു.

നമ്മുടെ വേദനയിലൂടെയും ബുദ്ധിമുട്ടിലൂടെയുമുള്ള ദൈവത്തിൻ്റെ പരിപാലനം

വളരെ പ്രധാനപ്പെട്ടതാണ്. യാക്കോബ് ഈ ബന്ധം വ്യക്തമാക്കുന്നു: "പരീക്ഷ സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; അവൻ കൊള്ളാകുന്നവനായി തെളിഞ്ഞ ശേഷം കർത്താവു തന്നെ സ്നേഹിക്കുന്നവർക്കു വാഗ്ദത്തം ചെയ്ത ജീവകിരീടം പ്രാപിക്കും." (യാക്കോബ് 1:12).

പരീക്ഷിക്കപ്പെടാത്ത വിശ്വാസം വളരുകയില്ല. അതിനെ പരിശീലിപ്പിച്ചില്ലെങ്കിൽ അത് ക്ഷയിച്ചുപോവുകയും, ഒടുവിൽ നശിക്കുകയും ചെയ്യും. അതുകൊണ്ട്, തൻ്റെ രക്ഷിക്കുന്ന സ്നേഹത്താൽ നമ്മെ സ്നേഹിച്ച്, നമുക്ക് രക്ഷിയുടെ വിശ്വാസം നൽകുമ്പോൾ, അവിടുന്ന് നമ്മളെ കരുതുന്നതുകൊണ്ട്, നമ്മുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടതിനെ പരിശീലിപ്പിക്കാനും, വളർത്താനും, മധുരമാക്കാനും, ശക്തിപ്പെടുത്താനും, പക്വത വരുത്താനും വിവിധതരം കഷ്ടതകൾ നൽകുന്നു. ഈ ജീവിതത്തിലെ നമ്മുടെ ‘വിവിധപരീക്ഷകൾ’ നമ്മൾ വിശ്വാസത്തിൽ നിലനിൽക്കുന്നതിനോട് ബന്ധമില്ലാത്തവയല്ല. അവ നമ്മുടെ വിശ്വാസം നഷ്ടപ്പെടാനുള്ള ആശങ്ക മാത്രവുമല്ല. മറിച്ച്, നമ്മുടെ വിശ്വാസത്തെ സംരക്ഷിച്ചുകൊണ്ട് ,നമ്മെ തന്റെ സ്വന്തമായി നിലനിർത്തുവാൻ ദൈവത്തിന്റെ സർവ്വപ്രധാനമായ മാർഗങ്ങളിൽ ഒന്നാണ് അവ.