“26 നിങ്ങളോ എന്റെ ആടുകളുടെ കൂട്ടത്തിലുള്ളവരല്ലായ്കയാൽ വിശ്വസിക്കുന്നില്ല. എന്റെ ആടുകൾ എന്റെ ശബ്ദം കേൾക്കുന്നു; 27
ഞാൻ അവയെ അറികയും അവ എന്നെ അനുഗമിക്കയും ചെയ്യുന്നു. 28 ഞാൻ അവെക്കു നിത്യജീവൻ കൊടുക്കുന്നു; അവ ഒരുനാളും നശിച്ചു
പോകയില്ല; ആരും അവയെ എന്റെ കയ്യിൽ നിന്നു പിടിച്ചുപറിക്കയും ഇല്ല. 29 അവയെ തന്നിരിക്കുന്ന എന്റെ പിതാവു എല്ലാവരിലും
വലിയവൻ; പിതാവിന്റെ കയ്യിൽ നിന്നു പിടിച്ചുപറിപ്പാൻ ആർക്കും കഴികയില്ല.”
യോഹന്നാൻ 10:26-29
നമ്മുടെ കർത്താവ് പറയുന്നത് തന്റെ ആടുകളെ തന്റെ കയ്യിൽ നിന്നും ആരും പിടിച്ചുപറിക്കുകയില്ല എന്നാണ്. എന്നാൽ, കർത്താവ് അതിനു മുൻപ് ഒരു കാര്യം പറയുന്നുണ്ട്. “അവ ഒരുനാളും നശിച്ചു പോകയില്ല” എന്ന്. അതുകഴിഞ്ഞാണ് കർത്താവ് തന്റെ കയ്യിൽ നിന്ന് ആരും പിടിച്ചുപറിക്കുകയില്ല എന്ന് പറയുന്നത്.
ഒരു ചോദ്യം: ആരും പിടിച്ചുപറിക്കുകയില്ല എന്നല്ലേ പറഞ്ഞിട്ടുള്ളു. ആടുകൾക്ക് സ്വയമേ ചാടിപ്പോകുവാൻ കഴിയുകയില്ലേ?
ഉത്തരം: ആടുകൾക്ക് സ്വയമേ ചാടിപ്പോകുവാൻ കഴിയും എന്നിരിക്കട്ടെ. അങ്ങനെ ചാടിപ്പോയാൽ അവർ നശിച്ചുപോകുമല്ലോ. എന്നാൽ കർത്താവ് ആദ്യം തന്നെ പറഞ്ഞിട്ടുണ്ട് അവ ഒരുനാളും നശിച്ചു പോകയില്ല എന്ന്.
നാം എന്ത് മനസ്സിലാക്കണം: കർത്താവ് പറഞ്ഞു തന്റെ ആടുകൾ ഒരുനാളും നശിച്ചുപോകുകയില്ല എന്ന്. അതുകൊണ്ടു, ആടുകളുടെ നാശത്തിനു ഹേതുവാകുന്ന ഒന്നും മറ്റുള്ളവരോ ആടുകളോ ചെയ്യുകയില്ല. അത് കർത്താവിന്റെ വാഗ്ദത്തമാണ്. അതുകൊണ്ടു നാം അത് വിശ്വസിക്കണം.
“37 പിതാവു എനിക്കു തരുന്നതു ഒക്കെയും എന്റെ അടുക്കൽ വരും; എന്റെ അടുക്കൽ വരുന്നവനെ ഞാൻ ഒരുനാളും തള്ളിക്കളകയില്ല. 38 ഞാൻ
എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നിരിക്കുന്നതു. 39 അവൻ എനിക്കു തന്നതിൽ
ഒന്നും ഞാൻ കളയാതെ എല്ലാം ഒടുക്കത്തെ നാളിൽ ഉയിർത്തെഴുന്നേല്പിക്കേണം എന്നാകുന്നു എന്നെ അയച്ചവന്റെ ഇഷ്ടം. 40 പുത്രനെ
നോക്കിക്കൊണ്ടു അവനിൽ വിശ്വസിക്കുന്ന ഏവന്നും നിത്യജീവൻ ഉണ്ടാകേണമെന്നാകുന്നു എന്റെ പിതാവിന്റെ ഇഷ്ടം; ഞാൻ അവനെ ഒടുക്കത്തെ
നാളിൽ ഉയിർത്തെഴുന്നേല്പിക്കും.”
യോഹന്നാൻ 6:37-40
ഇവിടെ കർത്താവ് എന്താണ് പറയുന്നത്? പിതാവ് പുത്രന് കൊടുത്തവർ എല്ലാവരും പുത്രന്റെ അടുക്കൽ വരുന്നു. എല്ലാവരും വരുന്നുണ്ട്. ആരും വരാതെയിരിക്കുന്നില്ല. ആ വരുന്നവരെ കുറിച്ചുള്ള പിതാവിന്റെ ഇഷ്ടം എന്താണ്? അതിൽ നിന്നും പുത്രൻ ഒന്നും നഷ്ടപ്പെടുത്താതെ എല്ലാം ഒടുക്കത്തെനാളിൽ ഉയിർത്തെഴുന്നേല്പിക്കണം എന്ന്. പിതാവിന്റെ ഈ ഇഷ്ടം പുത്രൻ ചെയ്യുമോ? അതാണ് പ്രധാനപ്പെട്ട ചോദ്യം. പിതാവിന്റെ ഇഷ്ടം ചെയ്യുമെന്നു പുത്രൻ പറയുന്നു. “ഞാൻ അവനെ ഒടുക്കത്തെനാളിൽ ഉയിർത്തെഴുന്നേല്പിക്കും” (വാക്യം 40).
പിതാവ് പുത്രന് കൊടുത്ത ആരെങ്കിലും പുത്രങ്കലേക്കു വരാതെ ഇരിക്കുമോ? ഇല്ല. എല്ലാവരും വരും.
പുത്രന്റെ അടുക്കൽ വന്നവരിൽ ഒരുത്തനെയെങ്ങിലും പുത്രൻ ഉയിർത്തെഴുന്നേൽപ്പിക്കാതെ ഇരിക്കുമോ? ഇല്ല. എല്ലാവരെയും ഉയിർത്തെഴുന്നേല്പിക്കും.
പിതാവ് പുത്രന് കൊടുത്തവരുടെ രക്ഷ ഭദ്രമല്ലേ? അതെ. ഭദ്രമാണ്. അവന്റെ ആടുകളിൽ ഒന്നും നശിക്കുകയില്ല.
ഇനി, രക്ഷിക്കപ്പെട്ടു എന്ന് അവകാശപ്പെടുന്ന എല്ലാവരും രക്ഷിക്കപ്പെട്ടവർ ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. കുറച്ചു നാൾ കഴിഞ്ഞാൽ അവർ കർത്താവിനെയും കർത്താവിന്റെ ജനത്തെയും വിട്ടു പുറപ്പെട്ടുപോയിയെന്നു വരാം. ഈ കൂട്ടരേ കുറിച്ച് ദൈവവചനം എന്ത് പറയുന്നു എന്ന് നോക്കാം.
“അവർ നമ്മുടെ ഇടയിൽനിന്നു പുറപ്പെട്ടു എങ്കിലും നമുക്കുള്ളവർ ആയിരുന്നില്ല; അവർ നമുക്കുള്ളവർ ആയിരുന്നു എങ്കിൽ നമ്മോടുകൂടെ
പാർക്കുമായിരുന്നു; എന്നാൽ എല്ലാവരും നമുക്കുള്ളവരല്ല എന്നു പ്രസിദ്ധമാകേണ്ടതല്ലോ.”
1 യോഹന്നാൻ 2:19
ചിലർ വിശ്വാസം ത്യജിച്ചു പിന്മാറിപ്പോയി എങ്കിൽ അവരെ കുറിച്ച് യോഹന്നാൻ എന്താണ് പറയുന്നത്? അവർ യഥാർത്ഥത്തിൽ ദൈവത്തിന്റെ മക്കൾ ആയിരുന്നു എന്നാണോ? അല്ലേയല്ല. അവർ നമുക്കുള്ളവർ ആയിരുന്നില്ല എന്നാണ് പറയുന്നത്. രക്ഷിക്കപ്പെട്ടിട്ടു വേണ്ടേ രക്ഷ നഷ്ടപ്പെടാൻ. കർത്താവിനെ ത്യജിക്കുന്നവരോട് രക്ഷനഷ്ടപ്പെടും എന്ന് പറഞ്ഞിട്ട് എന്താണ് കാര്യം. അവർ രക്ഷിക്കപെടാത്തവർ ആണ്.
ഒരു കാര്യം കൂടി യോഹന്നാൻ പറയുന്നുണ്ട്. “അവർ നമുക്കുള്ളവർ ആയിരുന്നു എങ്കിൽ നമ്മോടുകൂടെ പാർക്കുമായിരുന്നു”. യഥാർത്ഥത്തിൽ വിശ്വാസികളായവർ അവസാനം വരെ വിശ്വാസത്തിൽ ഉറച്ചു നിൽക്കും.