“സത്യം എന്താണ്?” യേശു താൻ ലോകത്തിലേക്ക് വന്നത് “സത്യത്തിന് സാക്ഷ്യം വഹിക്കാനാണ്” എന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ പൊന്തിയോസ് പീലാത്തോസ് ചോദിച്ച ചോദ്യമാണിത് (യോഹന്നാൻ 18:37-38). ആഴത്തിലുള്ള ഒരു തത്ത്വചിന്താപരമായ ചോദ്യമായിരുന്നില്ലാ ഇത്, മറിച്ച് സത്യം എന്ന ആശയത്തോടുള്ള നിസ്സംഗതയായിരുന്നു പീലാത്തോസിന്റെ ഈ ചോദ്യത്തിൽ പ്രതിഫലിച്ചത്. എന്നിരുന്നാലും, ഈ ചോദ്യം തന്നെ വളരെ പ്രധാനപ്പെട്ടതാണ്, അതിനെ കുറിച്ച് നാം ശ്രദ്ധാപൂർവ്വം ചിന്തിക്കേണ്ടതുമാണ്.
ഒരു കാര്യം വ്യക്തമാണ്: ബൈബിൾ സത്യത്തിന് വലിയ പ്രാധാന്യം നൽകുന്നു. പഴയനിയമത്തിലും പുതിയനിയമത്തിലും ദൈവം തന്റെ ജനത്തോട് സത്യം സംസാരിക്കാൻ കൽപ്പിക്കുന്നു (സങ്കീർത്തനം 15:2; സദൃശവാക്യങ്ങൾ 12:17; സെഖര്യാവ് 8:16; എഫെസ്യർ 4:15, 25). ഒമ്പതാമത്തെ കല്പന (പുറപ്പാട് 20:16) സത്യസന്ധതയെക്കുറിച്ചാണ്, പ്രധാനമായും ഒരു കോടതിയുടെ പശ്ചാത്തലത്തിൽ (ആവർത്തനം 19:15-21), എന്നാൽ ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും ഇത് വ്യാപിപ്പിക്കുന്നു. തിരുവെഴുത്തിലെ മറ്റ് ഭാഗങ്ങൾ സാക്ഷ്യപ്പെടുത്തുന്നതുപോലെ, സത്യം പറയുക എന്നത് ഒരു ധാർമ്മിക കടമയാണ്, സത്യസന്ധത ഒരു ധാർമ്മിക ഗുണമാണ്. നീതിയുടെ അന്വേഷണം സത്യസന്ധതയെ ആശ്രയിച്ചിരിക്കുന്നു, അതിനാൽ “സത്യത്തെ സ്നേഹിക്കുന്നവർ” നീതിമാന്മാരാണ് (സെഖര്യാവ് 8:16-19; ആമോസ് 5:10 കാണുക). സത്യത്തിലുള്ള ആത്മാർത്ഥമായ താല്പര്യം നമ്മുടെ ചിന്തകളിൽ പോലും നിറഞ്ഞിരിക്കണം (ഫിലിപ്പിയർ 4:8).
ബൈബിളിൽ “സത്യം” എന്നതിനായുള്ള പ്രധാന പദങ്ങൾ എമെത് (എബ്രായം), അലീത്തിയ (ഗ്രീക്ക്) എന്നിവയാണ്. വസ്തുതകളുടെ കൃത്യമായ അവതരണത്തെയും സത്യസന്ധത, വിശ്വാസ്യത, ആത്മാർത്ഥത, ആധികാരികത എന്നിവയുടെ വിശാലമായ ആശയങ്ങളെയും ഇവ രണ്ടും സൂചിപ്പിക്കുന്നു. ഇവിടെ “സത്യം” എന്ന് പറയുന്നതിൻ്റെ പ്രസ്താവനപരമായതും (propositional) അല്ലാത്തതും (non-propositional) ആയ അർത്ഥങ്ങൾ തമ്മിൽ വേർതിരിക്കുന്നത് സഹായകമാകും. ആദ്യത്തേത് വിശ്വാസങ്ങൾ, പ്രസ്താവനകൾ തുടങ്ങിയ കാര്യങ്ങൾക്ക് ബാധകമാണ്: ഒരു വിശ്വാസമോ പ്രസ്താവനയോ കാര്യങ്ങളെ കൃത്യമായോ ആധികാരികമായോ ചിത്രീകരിക്കുകയാണെങ്കിൽ അത് “സത്യമാണ്”.
മനുഷ്യന്റേതായാലും ദൈവത്തിന്റേതായാലും സാക്ഷ്യത്തിന്റെ കാര്യത്തിൽ “സത്യത്തിന്” ഈ പ്രസ്താവനപരമായ അർത്ഥമാണ് പരിഗണിക്കുന്നത് (യോഹന്നാൻ 5:31-32; 21:24; അപ്പോസ്തോല പ്രവർത്തികൾ 10:42; 18:5; 20:23, 26; 26:25; 1 യോഹന്നാൻ 4:14; 5:6-12). പ്രസ്താവനപരമായതല്ലാത്ത അർത്ഥത്തിൽ, കാര്യങ്ങൾ ആത്മാർത്ഥമോ വിശ്വസനീയമോ ഗണ്യമായതോ ആണെങ്കിൽ അവ “സത്യമാണ്” (ലൂക്കോസ് 16:11; 2 കൊരിന്ത്യർ 12:12; എബ്രായർ 9:24). അപ്പോസ്തലനായ യോഹന്നാൻ ഈ ഉപയോഗം പ്രത്യേകിച്ച് ഇഷ്ടപ്പെടുന്നു, “യഥാർത്ഥ വെളിച്ചം”, “യഥാർത്ഥ ആരാധകർ”, “യഥാർത്ഥ അപ്പം”, “യഥാർത്ഥ ഭക്ഷണം”, “യഥാർത്ഥ പാനീയം”, “യഥാർത്ഥ മുന്തിരിവള്ളി”, “യഥാർത്ഥ ദൈവം” തുടങ്ങിയ പദങ്ങൾ അദ്ദേഹം തന്റെ എഴുത്തുകളിൽ പതിവായി ഉപയോഗിക്കുന്നു. ഈ അർത്ഥത്തിൽ, ഭൗതിക അർത്ഥത്തിനപ്പുറം ആഴത്തിലുള്ള ആത്മീയ യാഥാർത്ഥ്യങ്ങളിലേക്ക് വിരൽ ചൂണ്ടാൻ “യഥാർത്ഥം” എന്ന പദം ഉപയോഗിക്കുന്നു (യോഹന്നാൻ 6:32, 55; എബ്രായർ 8:2 കാണുക).
ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം, സത്യം എന്നത് ഒരു തത്ത്വചിന്താപരമായ ആശയം മാത്രമല്ല. ദൈവത്തിൻ്റെ സ്വഭാവവുമായും അവൻ്റെ സ്വയം വെളിപ്പെടുത്തലുകളുമായും വളരെയധികം ബന്ധപ്പെട്ടിരിക്കുന്നതിനാൽ അത് ദൈവശാസ്ത്രപരമാണ്. കർത്താവ് “യഥാർത്ഥ ദൈവം” (യിരെമ്യാവ് 10:10; യോഹന്നാൻ 17:3; 1 തെസ്സലൊനീക്യർ 1:9; 1 യോഹന്നാൻ 5:20) ഉം തെറ്റ് സംസാരിക്കാൻ കഴിയാത്ത “സത്യത്തിൻ്റെ ദൈവം”ഉം (സങ്കീർത്തനം 31:5; യെശയ്യാവ് 65:16) കൂടിയാണ് (സംഖ്യാപുസ്തകം 23:19; തീത്തോസ് 1:2). യേശുക്രിസ്തു “പിതാവിൽ നിന്നുള്ള ഏകജാതനായ പുത്രനാണ്”, അതിനാൽ അവൻ “കൃപയും സത്യവും നിറഞ്ഞവനാണ്” (യോഹന്നാൻ 1:14) – അവൻ പ്രഖ്യാപിക്കുന്നതെല്ലാം തന്നെ സത്യമാണെന്ന് (യോഹന്നാൻ 14:6). പുത്രൻ പിതാവിങ്കലേക്ക് മടങ്ങുമ്പോൾ അയയ്ക്കുന്ന പരിശുദ്ധാത്മാവ് “സത്യത്തിൻ്റെ ആത്മാവാണ്” (യോഹന്നാൻ 14:17; 15:26; 16:13; 1 യോഹന്നാൻ 5:6). ഇതിന് വിരുദ്ധമായി, സാത്താൻ “കള്ളനും കള്ളത്തിൻ്റെ പിതാവുമാണ്” (യോഹന്നാൻ 8:44-45).
ദൈവത്തിൻ്റെ സ്വയം വെളിപ്പെടുത്തൽ അവൻ്റെ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നതിനാൽ, ദൈവവചനം പൂർണ്ണമായും സത്യമാണ്. തീർച്ചയായും, അത് വെറും സത്യം (വിശേഷണം) മാത്രമല്ല, സത്യം (നാമം) കൂടിയാണ് – ഇതിൻ്റെ സൂചന ദൈവവചനം സത്യത്തിൻ്റെ യഥാർത്ഥ സ്വഭാവം വഹിക്കുന്നു എന്നതാണ് (യോഹന്നാൻ 17:17; സങ്കീർത്തനം 119:160; 2 തിമോത്തിയോസ് 2:15; യാക്കോബ് 1:18 എന്നിവ താരതമ്യം ചെയ്യുക). ദൈവവചനത്തിൻ്റെ അടിസ്ഥാനപരമായ സത്യസന്ധത അതിൻ്റെ പൂർണ്ണതയും വിശ്വാസ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു (2 ശമൂവേൽ 22:31; സങ്കീർത്തനം 12:6; 18:30; സദൃശവാക്യങ്ങൾ 30:5; വെളിപാട് 21:5; 22:6).
എന്നാൽ എന്താണ് സത്യം? സത്യം യാഥാർത്ഥ്യവുമായുള്ള ഒരുതരം ബന്ധമായി മനസ്സിലാക്കണമോ എന്ന് തത്ത്വചിന്തകർ കാലാകാലങ്ങളായി ചർച്ച ചെയ്തിട്ടുണ്ട്. സാധാരണയായി അംഗീകരിക്കപ്പെടുന്ന യാഥാർത്ഥ്യവാദം (realism) അനുസരിച്ച്, ലോകം യഥാർത്ഥത്തിൽ എങ്ങനെയാണോ അതിനെ കൃത്യമായി ചിത്രീകരിക്കുകയോ പ്രതിനിധീകരിക്കുകയോ ചെയ്താൽ ഒരു വിശ്വാസമോ പ്രസ്താവനയോ സത്യമാണ്. ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കം വരെ യാഥാർത്ഥ്യവാദമായിരുന്നു പ്രബലമായിരുന്നത്. എന്നാൽ നിരീശ്വരവാദത്തിനു കൂടുതൽ പിന്തുണ നല്കുന്ന രീതികൾ തേടി പലതരം യാഥാർത്ഥ്യവിരുദ്ധവാദങ്ങൾ (anti-realism) സ്വീകരിക്കാൻ തുടങ്ങി. യാഥാർത്ഥ്യവിരുദ്ധവാദം പോസ്റ്റ് മോഡേണിസ്റ്റ് പ്രസ്ഥാനങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്നു, അതനുസരിച്ച് “സത്യം” കണ്ടെത്തേണ്ട ഒന്നല്ല, മറിച്ച് മനുഷ്യനാലും സാമൂഹത്താലും നിർമ്മിതിയാണ്. ബൈബിൾ സ്വീകരിക്കുന്നതെന്ന് സത്യത്തിൻ്റെ യാഥാർത്ഥ്യവാദപരമായ കാഴ്ചപ്പാടാണ്.
യാഥാർത്ഥ്യവാദത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് പുറമേ, സത്യത്തെക്കുറിച്ചുള്ള വിവിധ സിദ്ധാന്തങ്ങളും നിലകൊള്ളുന്നു. പൊരുത്ത സിദ്ധാന്തങ്ങൾ (Correspondence theories) സത്യത്തെ വിശ്വാസങ്ങളും, വസ്തുതകളും തമ്മിലുള്ള ഒരു ബന്ധമാണെന്ന് വാദിക്കുന്നു: കാര്യങ്ങൾ യഥാർത്ഥത്തിൽ എങ്ങനെയാണോ അതുമായി ഒരു വിശ്വാസം “യോജിക്കുന്നു” എങ്കിൽ അത് സത്യമാണ്. സ്ഥിരത സിദ്ധാന്തങ്ങൾ (Coherence theories) സത്യം ഒരു വിശ്വാസ സംവിധാനത്തിൻ്റെ ആന്തരിക സവിശേഷത പോലെയാണെന്ന് കരുതുന്നു: ഒരു വിശ്വാസം ഒരാളുടെ മറ്റ് വിശ്വാസങ്ങളുമായോ ആശയങ്ങളുമായോ സ്ഥിരമായി ഒത്തുപോകുകയാണെങ്കിൽ അത് സത്യമാണ്. പ്രായോഗിക സിദ്ധാന്തങ്ങൾ (Pragmatic theories) സത്യം വിശ്വാസങ്ങളുടെ അനന്തരഫലങ്ങളുടെ ഒരു പ്രവർത്തനമാണെന്ന് നിർദ്ദേശിക്കുന്നു: ആ വിശ്വാസം പുലർത്തുന്നത് ഉപയോഗപ്രദമോ ആവശ്യമുള്ളതോ ആയ രീതിയിൽ “വ്യത്യാസം ഉണ്ടാക്കുന്നു” എങ്കിൽ ആ വിശ്വാസം സത്യമാണ്.
സത്യത്തിൻ്റെ പൊരുത്ത സിദ്ധാന്തത്തിലേക്ക് ക്രിസ്ത്യാനികൾ സ്വാഭാവികമായും ആകർഷിക്കപ്പെടുന്നു, എന്നിരുന്നാലും മറ്റ് രണ്ട് സമീപനങ്ങളിലും ചില പ്രധാന ഉൾക്കാഴ്ചകളുണ്ട്. അഗസ്റ്റിൻ്റെ മാതൃക പിന്തുടർന്ന്, ചില ക്രിസ്തീയ ചിന്തകർ സത്യങ്ങൾ ആത്യന്തികമായി ദൈവിക ചിന്തകളാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ദൈവം വിശ്വസിക്കുന്നതെന്തും സത്യമാണെന്നത് മാത്രമല്ല, ദൈവം വിശ്വസിക്കുന്നതെന്തോ അത് തന്നെയാണ് സത്യം. ഇത് ശരിയാണെങ്കിൽ, സത്യം യാഥാർത്ഥ്യവുമായുള്ള പൊരുത്തം മാത്രമല്ല, ആന്തരിക സ്ഥിരതയും (ദൈവത്തിൻ്റെ മനസ്സിൻ്റെ ക്രമീകരണത്തിന് അന്തരീകമായി സ്ഥിരതയാളത്തിനാൽ) പ്രായോഗിക ഉപയോഗവും (ദൈവത്തിൻ്റെ ചിന്തകൾ എല്ലായ്പ്പോഴും ജ്ഞാനമുള്ളതും ഫലപ്രദവുമായതിനാൽ) എങ്ങനെ പ്രകടമാക്കുമെന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും. ഈ കാഴ്ചപ്പാടിൽ, നാം സത്യം ഗ്രഹിക്കുമ്പോൾ, നാം ഏറ്റവും ആഴത്തിലുള്ള അർത്ഥത്തിൽ – “ദൈവത്തിൻ്റെ ചിന്തകൾ അവനുശേഷം ചിന്തിക്കുകയാണ്” ചെയ്യുന്നത്! ശരിക്കും വിസ്മയിപ്പിക്കുന്ന ഒരു ചിന്ത!
– “സൂര്യൻ കിഴക്ക് ഉദിക്കുന്നു.” (സത്യം)
– “രണ്ട് പ്ലസ് രണ്ട് അഞ്ചാണ്.” (മിഥ്യ)
