നവീകരണത്തിന്റെ അഞ്ഞൂറാം വാർഷികാഘോഷങ്ങൾ 2017-ൽ നടക്കുമ്പോൾ, വിശ്വാസത്താൽ മാത്രമുള്ള നീതീകരണം എന്ന സുപ്രധാനമായ ഉപദേശത്തിലേക്ക് നാം വീണ്ടും ശ്രദ്ധ ചെല്ലുത്തുന്നു. ഈ വിഷയം അത്രയേറെ പ്രധാനപ്പെട്ടതാണ്. ഒരു തരത്തിൽ പറഞ്ഞാൽ, ഇതിനെക്കുറിച്ച് എത്ര പഠിച്ചാലും മതിയാകില്ല. അതേ സമയം, ഇത്ര നിർണായകമായ ഒരു ഉപദേശം ഗ്രഹിക്കാനും അതിൽ ഉറച്ചുനിൽക്കാനും നമുക്ക് ഇത്ര ബുദ്ധിമുട്ടുണ്ടാകുന്നതെന്തെന്നും ഓർത്ത് ഞാൻ വിഷമിക്കുന്നു. ഈ ഉപദേശം ഓർത്തിരിക്കാൻ കഴിയാത്തത്ര സങ്കീർണ്ണമാണോ? അതോ വേദപുസ്തകത്തിലെ പഠിപ്പിക്കലുകൾക്ക് വ്യക്തത കുറവായതുകൊണ്ടാണോ നമുക്കത് ഗ്രഹിക്കാൻ സാധിക്കാത്തത്?
ഞങ്ങൾക്കിടയിൽ പഠിപ്പിക്കുന്നത് ഇപ്രകാരമാണ്: നമ്മുടെ സ്വന്തം യോഗ്യതകളാലോ, പ്രവൃത്തികളാലോ, പ്രായശ്ചിത്തങ്ങളാലോ ദൈവമുമ്പാകെ പാപമോചനവും നീതിയും നേടാൻ നമുക്ക് സാധ്യമല്ല. എന്നാൽ ക്രിസ്തുവിലൂടെ, കൃപയാൽ, വിശ്വാസത്തിലൂടെ നമുക്ക് പാപമോചനം ലഭിക്കുകയും ദൈവമുമ്പാകെ നീതിമാന്മാരായിത്തീരുകയും ചെയ്യുന്നു. ക്രിസ്തു നമുക്കുവേണ്ടി കഷ്ടപ്പെട്ടു എന്നും, അവന്റെ നിമിത്തം നമ്മുടെ പാപം ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്നും, നീതിയും നിത്യജീവനും നമുക്ക് നൽകപ്പെട്ടിരിക്കുന്നു എന്നും നാം വിശ്വസിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ദൈവം ഈ വിശ്വാസത്തെ നീതിയായി കണക്കാക്കുകയും പരിഗണിക്കുകയും ചെയ്യുന്നു എന്ന് റോമർ 3:21-26 ലും 4:5 ലും പൗലോസ് പറയുന്നു.
ജോൺ കാൽവിൻ തന്റെ ഇരുപത്തിയഞ്ചാം വയസ്സിൽ, 1536-ൽ പ്രസിദ്ധീകരിച്ച Institutes of the Christian Religion എന്ന പുസ്തകത്തിന്റെ ഒന്നാം അധ്യായത്തിൽ ഈ ഉപദേശത്തെക്കുറിച്ച് വ്യക്തവും തീവ്രവുമായ ഭാഷയിൽ എഴുതി:
ദൈവസന്നിധിയിൽ നിൽക്കാൻ സാധിക്കുന്നത് ക്രിസ്തുവിന്റെ നീതിക്ക് മാത്രമാണ്, കാരണം അത് മാത്രമാണ് കളങ്കരഹിതമായുള്ളത്. ആ നീതി നമുക്കു വേണ്ടി ദൈവത്തിന്റെ കോടതിയിൽ പ്രത്യക്ഷപ്പെടുകയും, ന്യായവിധിയിൽ നമ്മുടെ പ്രതിനിധിയായി ഉറച്ചു നിൽക്കുകയും വേണം. ദൈവത്തിൽ നിന്ന് ലഭിക്കുന്ന ഈ നീതി നമ്മളിലേക്ക് എത്തുകയും, അത് നമ്മുടേത് തന്നെ എന്നപോലെ കണക്കാക്കപ്പെടുകയും ചെയ്യുന്നു. (I.32)
കാൽവിൻ 1541-ൽ തന്റെ ഇൻസ്റ്റിറ്റൂട്ട്സിനെ കൂടുതൽ വിപുലീകരിക്കുകയും, നീതീകരണത്തിനായി ഒരു അധ്യായം തന്നെ നീക്കിവെക്കുകയും ചെയ്തു. അവിടെ അദ്ദേഹം നീതീകരണത്തെക്കുറിച്ച് എഴുതിയത് ഇപ്രകാരമാണ്:
നീതീകരണം ക്രിസ്തീയ വിശ്വാസത്തിന്റെ പ്രധാനപ്പെട്ട അടിസ്ഥാന പ്രമാണമാണ്. അതിനാൽ ഓരോരുത്തരും അത് അറിയാൻ കൂടുതൽ പരിശ്രമിക്കുകയും ശ്രദ്ധ കാണിക്കുകയും വേണം. കാരണം, നമ്മോടുള്ള ദൈവഹിതം എന്താണെന്ന് നമുക്ക് അറിഞ്ഞുകൂടായെങ്കിൽ, നമ്മുടെ രക്ഷയുടെ ഭദ്രത ഉറപ്പു വരുത്തുവാനോ ദൈവഭക്തിയിലും ദൈവഭയത്തിലും വളരാനോ നമുക്ക് ഒരു അടിസ്ഥാനവുമുണ്ടാവില്ല.
ഇവിടെ, നീതീകരണത്തിന്റെ വസ്തുനിഷ്ഠവും ആത്മനിഷ്ഠവുമായ തലങ്ങളെ കാൽവിൻ എങ്ങനെ പ്രാധാന്യത്തോടെ എടുത്തു പറയുന്നു എന്ന് നമുക്ക് കാണാൻ സാധിക്കും. വസ്തുനിഷ്ഠമായി നോക്കിയാൽ, ക്രിസ്തുവിന്റെ പ്രവർത്തിയിലൂടെ നാം വാസ്തവത്തിൽ ദൈവവുമായി ശരിയായ ബന്ധത്തിലാകുന്നു. ഈ അനുഗ്രഹം പാപിക്ക് ലഭിക്കുന്നത് വിശ്വാസത്തിലൂടെ മാത്രമാണ്. ആത്മനിഷ്ഠമായി ചിന്തിക്കുമ്പോൾ, നീതീകരണം എന്താണെന്ന് നാം ഗ്രഹിക്കുമ്പോൾ, ദൈവവുമായുള്ള സമാധാനവും, ദൈവത്തിനു വേണ്ടി ജീവിക്കുമ്പോൾ ഉണ്ടാകുന്ന വർദ്ധിച്ച ആത്മധൈര്യവും നമ്മൾ അനുഭവിക്കുന്നു. തീർച്ചയായും, ഈ ഉപദേശം ക്രിസ്തീയ വിശ്വാസത്തിന്റെയും ജീവിതത്തിന്റെയും നെടുംതൂണാണ് എന്നതിൽ സംശയമില്ല.
നവീകരണപിതാക്കന്മാർ നീതീകരണ സിദ്ധാന്തം ബൈബിളിലെ പല ഭാഗങ്ങളിലും കണ്ടുവെങ്കിലും, പൗലോസ് റോമാക്കാർക്കെഴുതിയ ലേഖനത്തിലാണ് ഇത് ഏറ്റവും കൂടുതൽ വ്യക്തതയോടെ അവതരിപ്പിച്ചിരിക്കുന്നതെന്ന് അവർ മനസ്സിലാക്കി. റോമാ ലേഖനത്തിൽ ഗഹനവും ചിലപ്പോൾ മനസ്സിലാക്കാൻ പ്രയാസമുള്ളതുമായ വിഷയങ്ങൾ ഉണ്ടെങ്കിലും, പൗലോസിൻ്റെ സന്ദേശത്തിൻ്റെ പ്രധാന ആശയം ലളിതവും വ്യക്തവുമാണ്. അവൻ പഠിപ്പിച്ചതിലെ പ്രധാന കാര്യങ്ങൾ എടുത്തു കാണിക്കുന്നതിലൂടെ അതിൻ്റെ ഈ ലാളിത്യം നമുക്ക് കാണാനാകും:
- “നീതിമാനായി ആരുമില്ല, ഒരുവൻ പോലുമില്ല.” (റോമർ 3:10)
- “എല്ലാവരും പാപം ചെയ്തു ദൈവതേജസ്സിൽ കുറവു വരുത്തിയിരിക്കുന്നു.” (റോമർ 3:23)
- “ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ ഒരു മനുഷ്യനും അവന്റെ ദൃഷ്ടിയിൽ നീതീകരിക്കപ്പെടുകയില്ല.” (റോമർ 3:20)
- “ഇപ്പോഴോ ന്യായപ്രമാണത്തെ കൂടാതെ ദൈവത്തിന്റെ നീതി വെളിപ്പെട്ടിരിക്കുന്നു… യേശുക്രിസ്തുവിലുള്ള വിശ്വാസത്താൽ വിശ്വസിക്കുന്ന എല്ലാവർക്കും ലഭിക്കുന്ന ദൈവത്തിന്റെ നീതി തന്നെ.” (റോമർ 3:21-22)
- “[നാം] അവന്റെ കൃപയാൽ ക്രിസ്തുയേശുവിലുള്ള വീണ്ടെടുപ്പിലൂടെ സൗജന്യമായി നീതീകരിക്കപ്പെടുന്നു. ദൈവം അവനെ തന്റെ രക്തത്താലുള്ള പ്രായശ്ചിത്തമായി വിശ്വാസത്താൽ പ്രാപിപ്പാൻ പരസ്യമായി മുന്നോട്ട് വെച്ചു.” (റോമർ 3:24-25)
- “അപ്പോൾ നമ്മുടെ പ്രശംസ എവിടെ? അത് നീങ്ങിപ്പോയി.” (റോമർ 3:27)
- “വേല ചെയ്യുന്നവന് കൂലി ദാനമായിട്ടല്ല, കടമായിട്ടത്രെ കണക്കാക്കുന്നത്. എന്നാൽ വേല ചെയ്യാതെ അഭക്തനെ നീതീകരിക്കുന്നവനിൽ വിശ്വസിക്കുന്നവന് അവന്റെ വിശ്വാസം നീതിയായി എണ്ണപ്പെടുന്നു.” (റോമർ 4:4-5)
- “അതുകൊണ്ട് വാഗ്ദത്തം കൃപയാൽ ഉറപ്പായും അബ്രാഹാമിന്റെ സകല സന്തതിക്കും ലഭിക്കേണ്ടതിന് അത് വിശ്വാസത്താൽ ആകുന്നു.” (റോമർ 4:16)
- “അവൻ [അബ്രാഹാം] ദൈവത്തിന്റെ വാഗ്ദത്തത്തിൽ അവിശ്വാസത്താൽ സംശയിക്കാതെ ദൈവത്തിന് മഹത്വം കൊടുത്തുകൊണ്ട് വിശ്വാസത്തിൽ ശക്തി പ്രാപിച്ചു. വാഗ്ദത്തം ചെയ്തത് ചെയ്യാൻ ദൈവം ശക്തനാണ് എന്ന് പൂർണ്ണമായി വിശ്വസിച്ചു.” (റോമർ 4:20-21)
- “വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിരിക്കയാൽ നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്ക് ദൈവവുമായി സമാധാനം ഉണ്ട്. അവനിലൂടെ നാം വിശ്വാസത്താൽ ഈ കൃപയിലേക്ക് പ്രവേശനം പ്രാപിച്ചിരിക്കുന്നു; ദൈവതേജസ്സിന്റെ പ്രത്യാശയിൽ നാം സന്തോഷിക്കുന്നു.” (റോമർ 5:1-2)
- “നാം പാപികൾ ആയിരിക്കുമ്പോൾ തന്നെ ക്രിസ്തു നമുക്ക് വേണ്ടി മരിച്ചു എന്ന് ഇതിനാൽ ദൈവം നമ്മോടുള്ള തന്റെ സ്നേഹം വെളിപ്പെടുത്തുന്നു.” (റോമർ 5:8)
- “ഒരു മനുഷ്യന്റെ ലംഘനത്താൽ അനേകർ മരിച്ചുവെങ്കിൽ, ദൈവത്തിന്റെ കൃപയും യേശുക്രിസ്തു എന്ന ഒരു മനുഷ്യന്റെ കൃപയാലുള്ള ദാനവും അനേകർക്ക് അധികമായി ലഭിച്ചിരിക്കുന്നു.” (റോമർ 5:15)
നീതീകരണത്തെക്കുറിച്ചുള്ള പൗലോസിൻ്റെ ഉപദേശം വ്യക്തമായി എടുത്തു കാണിക്കുന്നത് ഇതാണ്: (1) സകല മനുഷ്യരും പാപികളാണ്, സ്വമേധയാ രക്ഷ നേടാൻ അവർക്ക് കഴിവില്ല. (2) യേശുവിൻ്റെ പരിപൂർണ്ണമായ പ്രവൃത്തിയിലൂടെ (completed work) മാത്രമേ പാപികൾക്ക് രക്ഷയുള്ളൂ. (3) യേശുവിൻ്റെ രക്ഷാകരമായ ഫലം സ്വീകരിക്കുന്നത് വിശ്വാസത്തിലൂടെ മാത്രമാണ്, യാതൊരു പ്രവൃത്തികളിലൂടെയുമല്ല. (4) നീതീകരണത്തിൻ്റെ എല്ലാ മഹത്വവും ക്രിസ്തുവിലുള്ള ദൈവത്തിനു മാത്രം അവകാശപ്പെട്ടതാണ്. (5) ഈ നീതീകരണം വിശ്വാസിയുടെ ഹൃദയത്തിലും മനസ്സിലും സമാധാനം നൽകുന്നു.
നവീകരണത്തിൻ്റെ ഈ ആഘോഷവേളയിൽ, ഏറ്റവും പ്രധാനപ്പെട്ടതും ലളിതവുമായ ഈ കാര്യം നാം വിസ്മരിക്കരുത്: “ക്രിസ്തുവിൽ ദൈവം ലോകത്തെ തന്നോട് നിരപ്പിച്ചു… നാം അവനിൽ ദൈവത്തിൻ്റെ നീതിയാകേണ്ടതിന് പാപം അറിയാത്തവനെ അവൻ നമുക്ക് വേണ്ടി പാപമാക്കി.” (2 കൊരിന്ത്യർ 5:19-21). ഈ സന്ദേശമാണ് ലോകം മുഴുവനും ശ്രവിക്കേണ്ട സുവിശേഷം. എല്ലാ സഭയ്ക്കും, ഓരോ ക്രിസ്തീയ ഹൃദയത്തിനും ഇത് അത്യന്താപേക്ഷിതമാണ്. ഈ വർഷവും, തുടർന്നും എല്ലാ വർഷങ്ങളിലും നമുക്ക് ഈ സന്ദേശം വ്യക്തതയോടെയും വിശ്വസ്തതയോടെയും ആഘോഷിക്കുകയും മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യാം.
