അഞ്ഞൂറ് വർഷങ്ങൾക്ക് മുൻപ്, ജർമ്മനിയിലെ വിറ്റൻബർഗിൽ ദൈവം ഒരു ചെറിയ തീനാളം ജ്വലിപ്പിച്ചു. അത് പ്രൊട്ടസ്റ്റന്റ് നവീകരണത്തിൻ്റെ സുവർണ്ണ പ്രകാശമായി വളർന്നു. മാർട്ടിൻ ലൂഥറിൻ്റെ ചുറ്റികകൊണ്ട് തുടങ്ങിയ ആ പോരാട്ടം, പിന്നീട് ഒരു വൻ ശക്തിയായി മാറി. അന്നത്തെ സംസ്കാരത്തിൽ നിലനിന്നിരുന്ന ദൈവത്തിൻ്റെ എല്ലാ വ്യാജരൂപങ്ങളെയും അത് തകർത്തെറിഞ്ഞു. അത് ചില ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കി. വിഗ്രഹങ്ങൾ, പ്രതിമകൾ, ആരാധനാലയങ്ങൾ, തിരുശേഷിപ്പുകൾ എന്നിവയെല്ലാം അത് തകർത്തു. എന്നാൽ ഇവയൊക്കെ "ക്രൈസ്തവതയുടെ" പേരിൽ പാപമുള്ള മനുഷ്യഹൃദയത്തിൽ വേരൂന്നിയ അദൃശ്യവിഗ്രഹങ്ങളുടെ ബാഹ്യരൂപങ്ങൾ മാത്രമായിരുന്നു. വിഗ്രഹങ്ങൾ ഉണ്ടാക്കുന്ന പുരാതനമായ രീതി, നമ്മുടെ ഹൃദയത്തിൽ തെറ്റായി സ്ഥാനം പിടിച്ച ആത്മവിശ്വാസം എന്ന ആന്തരിക വിഗ്രഹത്തിൻ്റെ വെറുമൊരു ബാഹ്യരൂപം മാത്രമാണെന്ന് നവീകരണ പ്രസ്ഥാനക്കാർ മനസ്സിലാക്കി. ദൈവത്തെക്കുറിച്ചുള്ള വ്യർത്ഥ ചിന്തകൾക്കെതിരെയുള്ള ഒരു പോരാട്ടത്തിൻ്റെ പ്രഖ്യാപനമായിരുന്നു പ്രൊട്ടസ്റ്റന്റ് നവീകരണം. ദൈവത്തെക്കുറിച്ചുള്ള വ്യർത്ഥ ചിന്തകൾക്കെതിരെ യുദ്ധം പ്രഖ്യാപിക്കുമ്പോൾ, സമൂഹത്തിൻ്റെ വിഗ്രഹങ്ങൾക്കെതിരെയും യുദ്ധം പ്രഖ്യാപിക്കപ്പെടുന്നു.
വിഗ്രഹങ്ങളുടെ നിർമ്മാണശാല
ഈ പോരാട്ടത്തിൽ പങ്കെടുത്ത ജോൺ കാൽവിൻ്റെ ഒരു വാക്യം വളരെ പ്രസിദ്ധമാണ്: “മനുഷ്യൻ്റെ സ്വഭാവം, ഒരു വിഗ്രഹ നിർമ്മാണശാലപോലെയാണ്.” എന്നാൽ, കാൽവിൻ പിന്നീട് എഴുതിയത് ശ്രദ്ധിക്കുക.
അഹങ്കാരവും ധൈര്യവും നിറഞ്ഞ മനുഷ്യൻ്റെ മനസ്സ്, അതിൻ്റെ കഴിവനുസരിച്ച് ഒരു ദൈവത്തെ ഭാവനയിൽ സൃഷ്ടിക്കാൻ ധൈര്യപ്പെടുന്നു. അത് പതിയെ മുന്നോട്ട് പോകുമ്പോൾ, യഥാർത്ഥത്തിൽ കടുത്ത അജ്ഞതയിൽ മുഴുകി, ഒരു മിഥ്യാബോധത്തെയും ശൂന്യമായ രൂപത്തെയും ദൈവമായി കണക്കാക്കുന്നു. (ഇൻസ്റ്റിറ്റ്യൂട്ട്സ്, 1:108)
നമ്മുടെ ഭാവനയിൽ സൃഷ്ടിച്ച ഒരു വ്യാജദൈവത്തിലുള്ള മതപരമായ ആത്മവിശ്വാസത്തെക്കാൾ അപകടകരമായി മറ്റൊന്നുമില്ല. മാർട്ടിൻ ലൂഥറും റോമിനെതിരെ ഇതേ പോരാട്ടത്തിലായിരുന്നു:
ദുഷ്ടന്മാർ പറയുകയും ഏറ്റുപറയുകയും ചെയ്യുന്നു... “ഞാനൊരു സന്യാസിയാണ്. ഞാൻ നേർച്ചകളോടും അനുഷ്ഠാനങ്ങളോടും കൂടി ദൈവത്തെ സേവിക്കുന്നു. അതുകൊണ്ട് അവിടുന്ന് എനിക്ക് നിത്യജീവൻ നൽകും.” പക്ഷേ, നിങ്ങൾ ഇങ്ങനെ ആരാധിക്കുമ്പോൾ യഥാർത്ഥ ദൈവത്തെയാണ് ആരാധിക്കുന്നതെന്ന് നിങ്ങളോടാരാണ് പറഞ്ഞത്? ദൈവം ഇവയൊന്നും കല്പിച്ചിട്ടില്ല. അതുകൊണ്ട് നിങ്ങൾ ഈ കാര്യങ്ങൾ ആഗ്രഹിക്കുന്ന ഒരു ദൈവത്തെ നിങ്ങൾക്കുവേണ്ടി ഉണ്ടാക്കി. എന്നാൽ, യഥാർത്ഥ ദൈവം ഇതൊന്നും ആവശ്യപ്പെടുകയോ ഇതിൻ്റെ പേരിൽ നിത്യജീവൻ നൽകാൻ ആഗ്രഹിക്കുകയോ ചെയ്യുന്നില്ല. അപ്പോൾ നിങ്ങൾ ആരാധിക്കുന്നത് നിങ്ങളുടെ സ്വന്തം ഹൃദയത്തിലെ വിഗ്രഹത്തെയാണ്. നിങ്ങളുടെ പ്രവൃത്തികളിലുള്ള നീതി ആ വിഗ്രഹത്തെ സന്തോഷിപ്പിക്കുമെന്ന് നിങ്ങൾ കരുതുന്നു. (വർക്ക്സ്, 18:9-10)
ഇവിടെ മറഞ്ഞിരിക്കുന്ന നുണ ശ്രദ്ധിക്കുക: "എൻ്റെ നല്ലപ്രവൃത്തികളിലൂടെയും നേർച്ചകളിലൂടെയും അനുഷ്ഠാനങ്ങളിലൂടെയും എനിക്ക് ആത്മീയ സുരക്ഷ ലഭിച്ചാൽ ഞാൻ സന്തോഷിക്കും." ഈ വാദം ഒരു വ്യാജവിഗ്രഹമാണ്. നമ്മുടെ ജഡത്തിലുള്ള വ്യാജ സുരക്ഷയാണിത്. ഇത് ദൈവത്തിൻ്റെ വ്യാജരൂപവും, വ്യാജസുവിശേഷവും, ഒരു വ്യാജദൈവവും കൂടിയാണ്.
ആഴമില്ലാത്ത ദൈവശാസ്ത്രം
വ്യർത്ഥമായ സുരക്ഷയെക്കുറിച്ചുള്ള വെല്ലുവിളികളാണ് പ്രൊട്ടസ്റ്റന്റ് നവീകരണത്തിന് തിരികൊളുത്തിയത്. പ്രതിമകൾക്കും, രൂപങ്ങൾക്കും, ആരാധനാലയങ്ങൾക്കും, തിരുശേഷിപ്പുകൾക്കും എതിരായിരുന്നു നവീകരണ പ്രസ്ഥാനക്കാർ. എന്നാൽ, അതിലുപരിയായി അവർ ലക്ഷ്യമിട്ടത് ഉപദേശപരമായ വിഗ്രഹങ്ങളെയും, ദൈവത്തെക്കുറിച്ചുള്ള തെറ്റായ അവകാശവാദങ്ങളെയും, തലമുറകളെ വഴിതെറ്റിച്ച ദൈവത്തെക്കുറിച്ചുള്ള മുൻധാരണകളെയുമായിരുന്നു (കൊലോസ്യർ 2:8; 2 കൊരിന്ത്യർ 10:4-5). സകല സംസ്കാരങ്ങളിലും കാണപ്പെടുന്ന വിഗ്രഹങ്ങളിലേക്കുള്ള സർവസാധാരണമായ ആകർഷണത്തെ ചോദ്യം ചെയ്യുന്നതിനായി, നവീകരണ പ്രസ്ഥാനക്കാരൻ (Reformers) ആദ്യത്തെ മൂന്ന് കല്പനകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു.
- പുറപ്പാട് 20:3-ലെ ഒന്നാം കല്പന - അന്യദൈവങ്ങളെ ആരാധിക്കരുത്.
- പുറപ്പാട് 20:4-6-ലെ രണ്ടാം കല്പന - ദൈവത്തെ ആരാധിക്കുമ്പോൾ വിഗ്രഹങ്ങൾ ഉപയോഗിച്ച് ആ ആരാധനയെ ദുഷിപ്പിക്കരുത്.
- പുറപ്പാട് 20:7-ലെ മൂന്നാം കല്പന - ദൈവത്തിൻ്റെ നാമം വൃഥാ എടുക്കരുത്.
ദൈവത്തെക്കുറിച്ചുള്ള വ്യർത്ഥവും ആഴമില്ലാത്തതുമായ ചിന്തകൾക്കെതിരെയുള്ള മൂന്ന് മുന്നറിയിപ്പുകളാണ് ഈ മൂന്ന് കല്പനകൾ.
മുന്നറിയിപ്പ് 1: 'syncretism' - സങ്കലനവാദം (വ്യത്യസ്ത ആരാധനകളെ കലർത്തൽ) നിരോധിക്കപ്പെട്ടിരിക്കുന്നു. ദൈവാരാധനയോടൊപ്പം വിഗ്രഹാരാധനയെ ചേർക്കാമെന്ന് കരുതേണ്ട. നിങ്ങൾ ദൈവത്തിന്റെ ഒരു മൂന്നിലൊന്ന് മാത്രവും, ബാക്കി രണ്ട് മൂന്നിലൊന്ന് വിഗ്രഹങ്ങളുമായി ചേർക്കാൻ ശ്രമിച്ചാൽ, ഒടുവിൽ നിങ്ങൾക്ക് ദൈവത്തെ ഒന്നും ലഭിക്കില്ല. സങ്കലനവാദം എന്നത് ദൈവത്തെക്കുറിച്ചുള്ള വ്യർത്ഥമായ ചിന്തയാണ്. മുന്നറിയിപ്പ് 2: ‘Reductionism’ (ദൈവത്തെ ലഘൂകരിക്കുന്നത് ) നിരോധിക്കപ്പെട്ടിരിക്കുന്നു. ദൈവത്തെ കൈയിൽ കൈയ്യിൽ ഒതുങ്ങുന്ന ഒരു വീട്ടിലെ വിഗ്രഹമോ ചെറിയ സ്വർണ്ണ കാളക്കുട്ടിയോ പോലെ നിയന്ത്രിക്കാവുന്ന രൂപത്തിലേക്ക് ചുരുക്കാനാവുമെന്നു കരുതരുത്. ഭൂമി അവന്റെ പാദപീഠമാണ് (യേശയ്യാ 66:1). ദൈവത്തെ ലഘൂകരിക്കുന്നത് ദൈവത്തെക്കുറിച്ചുള്ള വ്യർത്ഥമായ ചിന്തയാണ്. മുന്നറിയിപ്പ് 3: ‘Presumption’ (അഹങ്കാരമായി മുൻകൂട്ടി കരുതൽ) നിരോധിക്കപ്പെട്ടിരിക്കുന്നു. ദൈവത്തെ കുറിച്ച് എടുത്തുചാടി ആലോചനയില്ലാതെ സംസാരിക്കരുത്. ദൈവം ആരാണെന്നുള്ള യഥാർത്ഥ അറിവില്ലായ്മ മറയ്ക്കാൻ അവന്റെ നാമം ഉപയോഗിക്കാമെന്ന് കരുതുന്നത് വ്യർത്ഥമായ കാര്യമാണ്. ദൈവത്തെക്കുറിച്ചുള്ള മുൻധാരണകൾ, അവനെപ്പറ്റിയുള്ള വ്യർത്ഥചിന്തയ്ക്കു മേൽ മറയിടുന്നതുപോലെയാണ്.”
യഥാർത്ഥത്തിൽ, പഴയനിയമത്തിലെ എല്ലാ ഭൗതിക വിഗ്രഹങ്ങളും ദൈവത്തെക്കുറിച്ച് നുണ പറയുന്നു. നുണകൾ പ്രചരിപ്പിക്കാൻ മാത്രമേ അവയ്ക്ക് കഴിയൂ. നുണകളിൽനിന്നാണ് വിഗ്രഹങ്ങൾ ജനിക്കുന്നത്. അതിനാൽ, വിഗ്രഹങ്ങൾക്ക് അവയെ ആരാധിക്കുന്നവരോട് വഞ്ചനയുടെ സന്ദേശങ്ങൾ മാത്രമേ നൽകാൻ കഴിയൂ (ഹബക്കൂക്ക് 2:18; സെഖര്യാവ് 10:2; യിരെമ്യാവ് 10:15).
തിരുവെഴുത്തുകളിൽനിന്ന് ലൂഥർ മനസ്സിലാക്കിയത്, ദൈവത്തെക്കുറിച്ചുള്ള സത്യം എഴുതാൻ ഉദ്ദേശിച്ചിരുന്ന ഒരു ഉപകരണമായ "ഉളികൊണ്ടാണ്", ഒരു നുണയായ സ്വർണ്ണ കാളക്കുട്ടിയുടെ രൂപം ഉണ്ടാക്കിയത്. (പുറപ്പാട് 32:4).
ഈ കാലഘട്ടത്തിലെ നമ്മുടെ വിഗ്രഹങ്ങൾ
ഗലാത്യർക്കും റോമർക്കുമുള്ള പൗലോസിൻ്റെ ലേഖനങ്ങൾ നവീകരണ പ്രസ്ഥാനക്കാർ വീണ്ടും പ്രഖ്യാപിച്ചപ്പോൾ, അക്കാലത്തെ മതപരമായ വിഗ്രഹങ്ങൾക്കെതിരെയുള്ള പോരാട്ടമായിരുന്നു അത്.
മനുഷ്യൻ്റെ ഹൃദയം ഒരു വിഗ്രഹ നിർമ്മാണശാലയാണ്. അതിൻ്റെ പ്രവർത്തനം മന്ദഗതിയിലാക്കാൻ ഒരു വലിയ വിപ്ലവം തന്നെ വേണ്ടിവന്നു. പ്രസംഗകരെ പരിശീലിപ്പിച്ച് അയക്കേണ്ടി വന്നു, സുവിശേഷകന്മാർ ആ വിളി ഏറ്റെടുക്കേണ്ടി വന്നു, മിഷണറിമാർ അജ്ഞാത ദേശങ്ങളിലേക്ക് കടലിലൂടെ യാത്ര ചെയ്യേണ്ടി വന്നു, വിവർത്തകർ തിരുവെഴുത്തുകൾ ജനങ്ങളുടെ ഭാഷയിലേക്ക് കൊണ്ടുവന്നു, കൂടാതെ ഈ പോരാട്ടത്തിൽ പ്രവർത്തിക്കാൻ കഴിയുന്ന നല്ല പ്രാദേശിക സഭകൾ വളർന്നുവരേണ്ടി വന്നു. ഓരോ വിശ്വാസിയും തൻ്റെ ഹൃദയത്തിലെ വിഗ്രഹനിർമ്മാണശാലയെ എതിർക്കുകയും, തൻ്റെ ഹൃദയത്തെ ക്രിസ്തുവിനാൽ നിറയ്ക്കുകയും, തിരുവെഴുത്തുകളിൽ ദൈവം തന്നെത്തന്നെ വെളിപ്പെടുത്തിയത് എന്താണെന്ന് മനസ്സിലാക്കുകയും ചെയ്തുകൊണ്ട് സ്വയം പോഷിപ്പിക്കേണ്ടതുണ്ട്.
അഞ്ഞൂറ് വർഷങ്ങൾക്ക് മുൻപ് നവീകരണ പ്രസ്ഥാനക്കാർ പ്രധാനമായും ലക്ഷ്യമിട്ടത് ഇതാണ്. ദൈവത്തെക്കുറിച്ചുള്ള വെറുതെയുള്ള ചിന്തകൾ എപ്പോഴും ദൈവത്തിന് പകരം വ്യാജവിഗ്രഹങ്ങളായ സുരക്ഷതയോ, ലൈംഗികതയോ, സമ്പത്തോ, അധികാരമോ, മതത്തെയോ പ്രതിഷ്ഠിക്കുന്നു.
നമ്മളെല്ലാവരും വിഗ്രഹങ്ങളെ ഉണ്ടാക്കുന്നവരാണെന്ന് തിരുവെഴുത്ത് നമ്മെ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നു എന്നത് ഒരു ദുഃഖസത്യമാണ്. ഇന്ന് ലോകത്തിലെ ഏഴുകോടിയിലധികം വരുന്ന ബഹുദൈവാരാധകർക്ക് (polytheist) ആരാധന നിർത്താൻ കഴിയില്ല. കാരണം, തങ്ങളുടെ പ്രത്യാശയും ഭാവിയും അവർക്ക് ഭൗതിക കാര്യങ്ങളിൽ അർപ്പിക്കാതിരിക്കാൻ സാധ്യമല്ല. നമ്മുടെ വിഗ്രഹാരാധനാപരമായ ആഗ്രഹങ്ങളെ തകർക്കാൻ കഴിവുള്ളത് പരമാധികാരമുള്ള ദൈവകൃപ മാത്രമാണ്.
ജോൺ കാൽവിൻ പറഞ്ഞതുപോലെ, "മനുഷ്യന്റെ ഹൃദയം ഒരു വിഗ്രഹ നിർമാണശാലയാണ്. ഒരു ഫാക്ടറിയിലെ കോൺവെയർ ബെൽറ്റിൽ നിന്ന് നിരന്തരമായി പുതിയ വസ്തുക്കൾ പുറത്ത് വരുന്നതുപോലെ, ഹൃദയം ഇടവിടാതെ പുതിയ വിഗ്രഹങ്ങളെ ഉണ്ടാക്കികൊണ്ടിരിക്കുന്നു." വീണുപോയ ഹൃദയങ്ങളിൽനിന്ന് വിഗ്രഹങ്ങൾ പുറത്തേക്ക് വരികയും, നമ്മുടെ സംസ്കാരത്തിലെ എല്ലാ മാധ്യമങ്ങളുടെയും - സോഷ്യൽ മീഡിയ, ടെലിവിഷൻ, സംഗീതം, സിനിമകൾ, നോവലുകൾ, ഓർമ്മക്കുറിപ്പുകൾ എന്നിവയുടെയും - എല്ലാ കോണുകളിലും നിറയുകയും ചെയ്യുന്നു.
വിറ്റൻബർഗിൽ ഒരു സന്യാസി അഞ്ഞൂറ് വർഷം മുൻപ് വിഗ്രഹാരാധനക്കെതിരെ ഒരു പോരാട്ടത്തിന് തീ കൊളുത്തി. ഇന്നും ആ നവീകരണ പ്രസ്ഥാനത്തിന്റെ ജ്വാല അണഞ്ഞിട്ടില്ല, കാരണം ആ അടിസ്ഥാന പോരാട്ടം ഇന്നും തുടരുകയാണ്.
